തുടര്‍ച്ചയായി രണ്ടര മണിക്കൂറോളം ഐസ് ക്യൂബുകള്‍ നിറച്ച പെട്ടിയില്‍ അങ്ങനെ നില്‍ക്കുക. അതും സ്വിം ട്രങ്കര്‍ പോലൊരു നേരിയ അടിവസ്ത്രം മാത്രം ധരിച്ച്. സാമാന്യ മനുഷ്യര്‍ക്ക് സങ്കല്‍പിക്കാന്‍ പോലുമാകുന്നതല്ല ഈ പരീക്ഷണം. 

എന്നാല്‍ തന്റെ പേരില്‍ തന്നെയുള്ള ലോക റെക്കോര്‍ഡ് തകര്‍ക്കണമെന്ന ലക്ഷ്യവുമായി ഓസ്ട്രിയന്‍ കായികതാരമായ ജോസഫ് കോബേല്‍ ഈ പരീക്ഷണത്തിന് രണ്ടും കല്‍പിച്ച് മുതിരുകയായിരുന്നു. അങ്ങനെ ഏറെ പാടുപെട്ടെങ്കിലും ജോസഫ് തന്റെ റെക്കോര്‍ഡ് തിരുത്തിക്കുറിക്കുക തന്നെ ചെയ്തു. 

200 കിലോഗ്രാമില്‍ അധികം വരുന്ന ഐസ് ക്യൂബുകളായിരുന്നു ചില്ലുകൊണ്ട് തീര്‍ത്ത പെട്ടിയില്‍ നിറച്ചത്. തോളിനൊപ്പം വരെ ഐസ് നിറച്ചു. വല്ലാത്തൊരു 'എക്‌സ്പീരിയന്‍സ്' ആയിരുന്നു അതെന്നാണ് ജോസഫ് സാക്ഷ്യപ്പെടുത്തുന്നത്. 

 

 

തണുപ്പ് ശരീരത്തില്‍ കടന്നുപിടിക്കുന്നതോടെ ശക്തിയായ വേദനയാണ് അനുഭവപ്പെടുകയെന്നും എന്നാല്‍ താന്‍ മനസുകൊണ്ടാണ് ആ വേദനയെ പ്രതിരോധിച്ചതെന്നും ജോസഫ് പറയുന്നു. 

'ഓരോ തവണ വേദന അസഹനീയമാകുമ്പോഴും ഞാന്‍ പോസിറ്റീവായ എന്തിലേക്കെങ്കിലും ചിന്ത കൊണ്ടുപോകും. അത്തരം ചിന്തകളില്‍ നിന്ന് എന്തെങ്കിലും വിഷ്വലൈസ് ചെയ്യും. അങ്ങനെ വേദനയെ മറക്കും...'- ജോസഫ് പറയുന്നു. 

2019ല്‍ മുപ്പത് മിനുറ്റ് നേരം ഇതുപോലെ ഐസില്‍ നിന്നുകൊണ്ടായിരുന്നു മുമ്പ് ജോസഫ് റെക്കോര്‍ഡ് സൃഷ്ടിച്ചത്. എത്രമാത്രം ശരീരത്തെ ഐസുമായി ബന്ധപ്പെടാന്‍ അനുവദിക്കാം എന്നത് പരീക്ഷിച്ചറിയാനാണ് അടിവസ്ത്രം മാത്രം ധരിക്കുന്നത്. അതുതന്നെയാണ് ജോസഫിന്റെ പരീക്ഷണത്തിന്റെ പ്രത്യേകതയും. ഇനി ഒരിക്കല്‍ കൂടി തന്റെ തന്നെ റോക്കോര്‍ഡ് തിരുത്തണമെന്നാണ് ജോസഫിന്റെ ആഗ്രഹം. ഇതിനായുള്ള തയ്യാറെടുപ്പുകളിലേക്കാണ് ഇനി കടക്കുകയെന്നും അദ്ദേഹം പറയുന്നു.

Also Read:- ഷൂട്ടിംഗിനിടെ സൂര്യാതപം ഏറ്റു; ചിത്രം പങ്കുവച്ച് അഹാന; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...