ഏവരും ഓടിക്കൂടി എത്തിയപ്പോഴേക്ക് സംഭവം നടന്നുകഴിഞ്ഞിരുന്നു. സ്റ്റീഫന്‍റെ വലതുകൈമുട്ടിന് താഴെയുള്ള ഭാഗങ്ങള്‍ മുഴുവനായി തകര്‍ന്ന നിലയിലാണത്രേ.

മൃഗശാലകളിലും വന്യമൃഗ സംരക്ഷണകേന്ദ്രങ്ങളിലുമെല്ലാം സന്ദര്‍ശനത്തിന് പോകുമ്പോള്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാൻ ശ്രമിക്കുകയോ അവരുടെ അടുത്തേക്ക് പോവുകയോ ചെയ്യരുതെന്ന് അവിടെ കൃത്യമായി നമ്മോട് നിര്‍ദേശിക്കാറുണ്ട്. പക്ഷേ ചിലരെങ്കിലും ഈ മുന്നറിയിപ്പുകളെയെല്ലാം മറികടന്ന് ഇതെല്ലാം ചെയ്യാറുണ്ട്. 

വലിയ അപകടസാധ്യതയാണ് ഇതോടെ തുറന്നിടപ്പെടുന്നത്. കൂട്ടിലടയ്ക്കപ്പെട്ട വന്യമൃഗങ്ങളുടെ സ്വഭാവമാറ്റങ്ങള്‍, പ്രതികരണങ്ങളൊന്നും നമുക്ക് പ്രവചിക്കാവുന്നതല്ല. എത്ര മൃഗങ്ങളുമായി അടുത്തിടപഴകിയ പരിചയമുണ്ടെന്നിരിക്കിലും ഇത് അപകടം തന്നെ.

ഇത്തരത്തില്‍ ദാരുണമായൊരു വാര്‍ത്തയാണ് തായ്‍ലാൻഡിലെ ഷിയാങ് മെയില്‍ നിന്ന് ഇന്ന് വന്നിരിക്കുന്നത്. ഇവിടെയൊരു മൃഗശാലയില്‍ സന്ദര്‍ശനത്തിനെത്തിയ സ്വിറ്റ്സര്‍ലൻഡുകാരനായ യുവാവിന് കരടിയുടെ ആക്രമണത്തില്‍ കൈ നഷ്ടപ്പെട്ടുപോയി എന്നതാണ് വാര്‍ത്ത. 

കൂട്ടിലുണ്ടായിരുന്ന കരടിക്ക് ഭക്ഷണം നല്‍കാൻ ശ്രമിച്ചതാണത്രേ സ്റ്റീഫൻ ക്ലോഡിയോ എന്ന മുപ്പത്തിരണ്ടുകാരൻ. ഇതിനിടെ കരടി വലതു കയ്യില്‍ കടിച്ചുപിടിച്ചു. എത്ര ശ്രമിച്ചിട്ടും കരടിയെക്കൊണ്ട് കടി വിടുവിക്കാൻ സാധിച്ചില്ല. ഇതോടെ തന്‍റെ പോക്കറ്റിലുണ്ടായിരുന്ന പോക്കറ്റ് കത്തി ഉപയോഗിച്ച് പാതി മുറിഞ്ഞ കൈ യുവാവ് തന്നെ മുറിച്ചു. 

ഏവരും ഓടിക്കൂടി എത്തിയപ്പോഴേക്ക് സംഭവം നടന്നുകഴിഞ്ഞിരുന്നു. സ്റ്റീഫന്‍റെ വലതുകൈമുട്ടിന് താഴെയുള്ള ഭാഗങ്ങള്‍ മുഴുവനായി തകര്‍ന്ന നിലയിലാണത്രേ. മുറിച്ചുമാറ്റിയ കയ്യുടെ ഭാഗമാണെങ്കില്‍ സാരമായി കീറിമുറിഞ്ഞും, ഭാഗികമായി നഷ്ടപ്പെട്ടുമെല്ലാം കരടിയുടെ കൂട്ടിനടുത്ത് നിന്ന് കണ്ടെത്തി. ഏറെ ഞെട്ടലോടെയാണ് ഈ വാര്‍ത്ത ഏവരും കേട്ടിരിക്കുന്നത്. 

എന്തായാലും കൈവശമുണ്ടായിരുന്ന കത്തിയുപയോഗിച്ച് കരടിയെ തിരികെ ആക്രമിക്കാൻ യുവാവ് ശ്രമിച്ചില്ല എന്നതിന് ഇദ്ദേഹത്തെ ഏവരും അഭിനന്ദിക്കുന്നുണ്ട്. ഒപ്പം തന്നെ മൃഗശാലകളിലെ മൃഗങ്ങള്‍ക്ക് അരികിലേക്ക് പോകുന്നത് ഇനിയെങ്കിലും ഒഴിവാക്കണമെന്ന ഉപദേശവും ഏവരും പരസ്പരം കൈമാറുകയാണ്. 

വംശനാശഭീഷണി നേരിടുന്ന ഏഷ്യൻ ബ്ലാക്ക് ബിയര്‍ ആണ് സ്റ്റീഫനെ ആക്രമിച്ചത്. സാധാരണഗതിയില്‍ ഇവര്‍ അങ്ങനെ മനുഷ്യരുമായി ഇടപഴകാൻ മെനക്കെടാത്തവയാണ്. അതേസമയം മനുഷ്യരോട് അക്രമവാസന കാണിക്കുന്ന ഇനം കൂടിയാണ്. 

ചിത്രം: പ്രതീകാത്മകം

Also Read:- സീലിംഗ് ഫാനില്‍ ചുറ്റിപ്പിണഞ്ഞ് രാജവെമ്പാല; വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo