കാട്ടാനയുടെ പിടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരു യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആഫ്രിക്കയിലാണ് സംഭവം നടന്നത്. 

‌സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. സൈക്കിളുമായി ആനയുടെ കാൽച്ചുവട്ടിൽ കിടക്കുന്ന യുവാവിനെ വീഡിയോയില്‍ വ്യക്തമാണ്. ഇതുകണ്ട ആളുകള്‍ ബഹളമുണ്ടാക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

വീണു കിടക്കുന്ന യുവാവിനെ മണത്തു നോക്കിയ ആന സമീപത്തുകിടന്ന സൈക്കിളെടുത്ത് നിലത്തടിച്ചു. ശേഷം ആന അയാളെ തുമ്പിക്കൈകൊണ്ട് തട്ടിനീക്കി. ആന തുമ്പിക്കൈകൊണ്ട് തട്ടി നീക്കിയപ്പോൾ യുവാവ് ഉരുണ്ടുമാറി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. യുവാവ് മാറിയതും ആന അവിടെ കിടന്ന സൈക്കിൾ തുമ്പിക്കൈയിൽ ഉയർത്തിയെടുത്ത് കാട്ടിലേക്ക് മറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. 

 

ഐഎഫ്എസ് ഉദ്യോഗസ്ഥനായി വിരമിച്ച ദിഗ്‌വിജയ സിങ് ഖാതിയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. വീഡിയോ ഇതിനോടകം തന്നെ സൈബര്‍ ലോകത്ത് വൈറലാണ്. 

Also Read: നടുറോഡില്‍ കീരിയും മൂര്‍ഖനും തമ്മില്‍ തല്ല്; രക്ഷയ്ക്കെത്തി പന്നിക്കൂട്ടം; പിന്നെ സംഭവിച്ചത്...