എവിടെ നിന്നോ കളഞ്ഞ് കിട്ടിയ ഒരു കുപ്പിയില്‍ നിന്ന് വലിയൊരു വാർത്ത ഉണ്ടാകുന്നു.  അദ്ഭുതം തോന്നിയ നിമിഷം എന്ന് വേണമെങ്കില്‍ ഇതിനെ പറയാം. റഷ്യന്‍ നേവിയുടെ 50 വർഷം പഴക്കമുള്ള സന്ദേശമടങ്ങിയ കുപ്പി അലാസ്കയിലെ തീരത്തടിഞ്ഞു. ടെയ്‌ലർ ഇവാനോഫ് എന്നയാൾക്ക് ഓഗസ്റ്റ് 4നാണ് സന്ദേശമടങ്ങിയ  ഈ കുപ്പി ലഭിച്ചത്.

തീ കത്തിക്കാൻ വിറക് ശേഖരിക്കാനെത്തിയതായിരുന്നു ടെയ്‌ലർ . പെട്ടെന്നാണ് പച്ച നിറത്തിലുള്ള കുപ്പി ടെയ്‌ലർ  കാണുന്നത്. അദ്ദേഹം അത് കൈയിലെടുത്തു.  അതിനകത്ത് ഒരു കത്ത് ഉളളതായി അദ്ദേഹത്തിന്‍റെ  ശ്രദ്ധയിൽപ്പെടുകയും ചെയ്തു. തുറന്നുനോക്കിയപ്പോള്‍ റഷ്യന്‍ ഭാഷയിലാണ് കത്ത് എഴുതിയിരിക്കുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഈ കാര്യങ്ങൾ വിവരിച്ച് കുപ്പിയുടെയും കത്തിന്‍റെയും ചിത്രങ്ങൾ ടെയ്‌ലര്‍ ഫേസ്ബുക്കിൽ പങ്കുവച്ചു. റഷ്യൻ അറിയുന്നവരോട് കത്ത് തർജമ ചെയ്ത് തരാനും തന്‍റെ പോസ്റ്റിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്ത ദിവസം തന്നെ കത്തിന്‍റെ തർജമ ടെയ്‌ലറിന് കമന്‍റ്  ബോക്സില്‍ ലഭിച്ചു. റഷ്യൻ കപ്പലായ വിആർഎക്സ്എഫിന്റെ കപ്പിത്താൻ അനറ്റാലിയോ ബോട്സനികോ 1969 ജൂൺ 20ന് എഴുതിയ ആശംസ സന്ദേശമായിരുന്നു അത്. ഇത് ലഭിക്കുന്നയാളോട് പ്രതികരിക്കാനും കത്തിൽ അവശ്യപ്പട്ടിരുന്നു. ഈ പോസ്റ്റ്  ചര്‍ച്ചയായതിനെ തുടര്‍ന്ന് റഷ്യൻ മാധ്യമങ്ങൾ  ഇത് എഴുതിയ കപ്പിത്താനെയും കണ്ടെത്തി. താൻ എഴുതിയതാണെന്ന് അനറ്റാലിയോ സ്ഥിരീകരിക്കുകയും ചെയ്തു. 

1966 നും 1970 നും ഇടയിൽ ഒരു കപ്പലിന്റെ നിർമാണത്തിന് മേൽനോട്ടം വഹിക്കാനായി യാത്ര ചെയ്യുമ്പോഴാണ് അദ്ദേഹം കത്തെഴുതി കടലിൽ ഒഴുക്കിയത്. കപ്പിത്താൻമാര്‍ കുപ്പിയിലാക്കി സന്ദേശം കൈമാറുന്ന രീതി അന്ന് നിലവിലുണ്ടായിരുന്നു. ഇപ്പോൾ അനറ്റാലിയോയ്ക്ക് 86 വയസ്സുണ്ട്.