അമ്മയുടെ മരണത്തില്‍ അവധി ചോദിച്ചപ്പോള്‍ ജോലിയില്‍ നിന്ന് പുറത്താക്കി എന്നതാണ് യുവാവ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്

തൊഴിലവകാശങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും പല ചര്‍ച്ചകളും ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ ചില മേഖലകളില്‍- അല്ലെങ്കില്‍ ചില സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ടാണ് ഇപ്പോഴും മുന്നോട്ടുപോകുന്നത്. വലിയ പ്രതിഷേധങ്ങളുണ്ടായാല്‍ പോലും പലപ്പോഴും ഇതിലൊന്നും മാറ്റമുണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമാണ്. 

ഇത്തരത്തില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുകയാണ് ഒരു യുവാവിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. അമ്മയുടെ മരണത്തില്‍ അവധി ചോദിച്ചപ്പോള്‍ ജോലിയില്‍ നിന്ന് പുറത്താക്കി എന്നതാണ് യുവാവ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. 

ഫ്ളോറിഡ സ്വദേശിയായ യുവാവ് 'കോറോസീല്‍' എന്ന അമേരിക്കൻ കമ്പനിക്കെതിരെയാണ് പരാതി വന്നിരിക്കുന്നത്. അമ്മ മരിച്ചപ്പോള്‍ ആകെ മൂന്ന് ദിവസത്തെ അവധിയാണത്രേ കമ്പനി ആദ്യം യുവാവിന് അനുവദിച്ചത്. ഈ അവധിയാണെങ്കിലോ, ശമ്പളം കൂടാതെയുള്ളതും. 

ഇത്രയും ദിവസം കൊണ്ട് ഫ്ളോറിഡ വരെ പോയി അമ്മയുടെ ചടങ്ങുകള്‍ നടത്തി, ഉടൻ തന്നെ തിരികെ പോരേണ്ട അവസ്ഥയായി എന്നും അതിനാലാണ് കുറച്ച് ദിവസം കൂടി അവധിക്ക് അപേക്ഷിക്കാൻ തീരുമാനിച്ചതെന്നും റെഡിറ്റിലൂടെ യുവാവ് കുറിച്ചിരിക്കുന്നു. 

ഒരാഴ്ച കൂടി അവധി നീട്ടിനല്‍കാനാണ് യുവാവ് മേലുദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. എന്നിലിതിന് പിന്നാലെ ഇദ്ദേഹത്തെ കമ്പനിയില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചുകൊണ്ട് മെയില്‍ വരികയായിരുന്നുവത്രേ. 

മൂന്ന് ദിവസം കൊണ്ട് തിരക്കിട്ട് കാര്യങ്ങള്‍ തീര്‍ക്കാൻ സാധിക്കും. പക്ഷേ ഒരിത്തിരി നേരം ദുഖിച്ചിരിക്കാൻ പോലും സമയം കിട്ടില്ല. അതെങ്കിലും തനിക്ക് വേണ്ടേ എന്നാണിദ്ദേഹം ചോദിക്കുന്നത്. തീര്‍ച്ചയായും ആ അവകാശം ഏതൊരു ജീവനക്കാരനും തൊഴിലാളിക്കുമുണ്ടെന്നാണ് ഇദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വായിച്ചവരെല്ലാം തന്നെ ഒരേ സ്വരത്തില്‍ പറയുന്നത്.

യുവാവിന്‍റെ പോസ്റ്റ് വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ കമ്പനിയുടെ പേജുകളില്‍ വൻ പ്രതിഷേധമാണ് നടന്ന്ത. ഇതോടെ പോസ്റ്റ് പിൻവലിക്കണമെന്ന് കമ്പനി യുവാവിനോട് ആവശ്യപ്പെട്ടു. താനതിന് തയ്യാറല്ലെന്നും അദ്ദേഹം വീണ്ടും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്ത് അറിയിക്കുകയും ചെയ്തു.

എന്തായാലും ഇത്രമാത്രം മനുഷ്യത്വമില്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതോ തൊഴിലാളികളുടെ അവകാശങ്ങളെ ഇത്രമാത്രം ചവിട്ടിത്തേക്കുന്നതിനോ കയ്യടിച്ചുകൊടുക്കാൻ കഴിയില്ലെന്നും വലിയ പ്രതിഷേധം വിഷയത്തില്‍ ഉയര്‍ന്നുവരണമെന്നുമെല്ലാമാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന പ്രതികരണങ്ങളത്രയും സൂചിപ്പിക്കുന്നത്. 

Also Read:- 'ഇങ്ങനെയൊരു ജോലിയാണ് തപ്പിനടന്നത്'; ജോലിക്കുള്ള പരസ്യം വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo