പലതരത്തിലുള്ള ഫോട്ടോ എടുപ്പ് ഭ്രാന്തുകൾ നമ്മൾ കണ്ടിട്ടുണ്ട്. എവിടെ വിനോദയാത്രയ്ക്ക് പോയാലും ആളുകളുടെ ശ്രദ്ധ അവിടത്തെ പ്രകൃതി ഭംഗിയും ചരിത്ര സ്മാരകങ്ങളും ഒക്കെ ആസ്വദിക്കുന്നതിൽ ആകില്ല. അതോടൊപ്പം നിന്ന് സ്വന്തം അല്ലെങ്കിൽ പ്രിയപ്പെട്ടവരുടെ ഫോട്ടോ പകർത്തുന്നതിൽ ആകും. ഇപ്പോൾ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പല മാധ്യമങ്ങളിലും കൂടുതൽ സബ്സ്ക്രൈബേർസ് ഉള്ളവർക്ക് അതിലൂടെ പണം സമ്പാദിക്കാനുള്ള വഴികളും ഉള്ളതുകൊണ്ട് ജനശ്രദ്ധ ആകർഷിക്കാൻ വേണ്ടി എന്തും ചെയ്യാൻ പലരും തയ്യാറാണ്. അത്തരത്തിൽ ഒരു ഫോട്ടോ ഷൂട്ടാണ് കഴിഞ്ഞ ദിവസം പുറത്തു വന്നിട്ടുള്ളത്. ആ ദൃശ്യം കണ്ടവർ ഒന്നില്ലാതെ മൂക്കത്ത് വിരൽ വെച്ച് പോയിരിക്കുകയാണ്. ചൈനയിലെ ബെയ്ജിങിലാണ് സംഭവം.

മൂന്നോ നാലോ വയസ്സുമാത്രം പറയമുള്ള ഒരു കുഞ്ഞിനെ, മിക്കവാറും സ്വന്തം കുഞ്ഞിനെത്തന്നെ, ഒരു കൊക്കയുടെ വക്കത്ത് കയ്യിൽ മാത്രം പിടിച്ചുകൊണ്ട് തൂക്കി ഇട്ടിരിക്കുകയാണ് ഒരാൾ. അയാൾക്ക് പിന്നിൽ നിന്ന് മറ്റൊരാൾ ഈ സാഹസിക ദൃശ്യം ക്യാമറയിൽ പകർത്തുന്നുമുണ്ട്. അവിചാരിതമായി ഒന്ന് പാളിയാൽ, കുഞ്ഞിന്റെ കയ്യൊന്ന് വഴുതിയാൽ താഴെ അഗാധമായ കൊക്കയിലാണ് കുഞ്ഞ് ചെന്ന് വീഴുക. പിന്നെ പൊടിപോലും പെറുക്കിയെടുക്കാൻ കിട്ടിയെന്നു വരില്ല കുഞ്ഞിന്റെ.

 

 

ആരെയും ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങളോട് തികഞ്ഞ രോഷത്തോടെയാണ് സോഷ്യൽ മീഡിയ പ്രതികരിച്ചിരിക്കുന്നത്. "ഇങ്ങനെയുള്ള മാനസിക രോഗികൾ കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ പാടില്ല. ആ ക്രിമിനലിനെ കണ്ടെത്തി, ആ കുഞ്ഞിനെ എത്രയും പെട്ടെന്ന് ആരെങ്കിലും സുരക്ഷിതമായ കരങ്ങളിൽ ഏൽപ്പിക്കും എന്ന് കരുതുന്നു." എന്നായിരുന്നു ഒരാൾ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് കുറിച്ചത്.