ക്രിസ്മസ് കാലത്തെ ഏറ്റവും വലിയ സന്തോഷമാണ് സാന്റാക്ലോസിന്റെ വരവും സമ്മാനങ്ങളുമെല്ലാം. ഓരോ പ്രദേശത്തിനും അവരവരുടേതായ സാന്റ കാണും. വേഷം കെട്ടിയ സാന്റ, കുട്ടികള്‍ക്കും മറ്റും മധുരവും സമ്മാനങ്ങളും നല്‍കും. അങ്ങനെ യേശുവിന്റെ ജനനത്തെ സന്തോഷപൂര്‍വ്വം ഏവരും കൊണ്ടാടും. 

ഇങ്ങനെ കുട്ടികള്‍ക്ക് മിഠായിയും സമ്മാനങ്ങളും നല്‍കാനായി അല്‍പം വ്യത്യസ്തമായൊരു മാര്‍ഗം അവലംബിച്ചതാണ് കാലിഫോര്‍ണിയയിലെ നേര്‍ത്ത് സേക്രമെന്റോയിലുള്ള ഒരു യുവാവ്. സ്വന്തം പാരച്യൂട്ടില്‍ പറന്നുകൊണ്ട് താഴേക്ക് സമ്മാനങ്ങള്‍ ഇട്ടുകൊടുക്കാമെന്നതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. 

എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട പാരച്യൂട്ട് തകര്‍ന്ന് അദ്ദേഹം താഴേക്ക് വീണു. തുടര്‍ന്ന് കറണ്ട് കമ്പികള്‍ക്കിടയില്‍ കുടുങ്ങുകയും ചെയ്തു. ഏറെ അപകടം പിടിച്ച അവസ്ഥയില്‍ കിടന്ന 'സാന്റ'യെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രദേശത്തുള്ളവര്‍ തന്നെയാണ് പൊലീസിലും രക്ഷാസേനയിലും വിവരമറിയിച്ചത്. 

വൈകാതെ ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തെ രക്ഷപ്പെടുത്തി. തലനാരിഴയ്ക്കാണ് മരണത്തില്‍ നിന്നും മറ്റ് പരിക്കുകളില്‍ നിന്നുമെല്ലാം 'സാന്റ' രക്ഷപ്പെട്ടതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. രക്ഷാപ്രവര്‍ത്തിനിടെ ആരോ പകര്‍ത്തിയ വീഡിയോകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ വെല്ലുവിളികള്‍ നിറഞ്ഞ മാര്‍ഗങ്ങള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാനായി അവലംബിക്കരുത് എന്നാണ് ഉദ്യോഗസ്ഥര്‍ ഓര്‍മ്മിപ്പിക്കുന്നത്. 

വീഡിയോ...

 

 

Also Read:- പാരച്യൂട്ട് തുറന്നില്ല, മലയിടുക്കില്‍ തലയിടിച്ച് വീണ് യുവാവ് - വീഡിയോ...