ബ്രസീലില്‍ നിന്നാണ് രസകരമായ ഈ വാര്‍ത്തയെത്തുന്നത്. വിവാഹനിശ്ചയത്തിന് ശേഷം വിവാഹത്തിലേക്കുള്ള മാസങ്ങളുടെ ഇടവേളയില്‍ ഡോക്ടര്‍മാരായ ഡിയോഗോ റബെലോയും വൈറ്റര്‍ ബ്യുവനോയും പല വിഷയങ്ങള്‍ക്ക് പുറത്തായി വഴക്കുണ്ടായി

പറഞ്ഞുറപ്പിച്ച വിവാഹത്തില്‍ മാറ്റം വരുമ്പോള്‍ അതില്‍ പ്രശ്‌നം തോന്നുന്നത് സ്വാഭാവികമാണ്, അല്ലേ? പല കാരണങ്ങള്‍ മൂലവുമാകാം നിശ്ചയിച്ച് വച്ചൊരു വിവാഹം മുടങ്ങുന്നത്. ഒരുപക്ഷേ വരനോ വധുവോ തന്നെ വിവാഹത്തില്‍ നിന്ന് പിന്മാറുന്നതും ആകാമല്ലോ! 

ഇത്തരമൊരു സാഹചര്യത്തില്‍ ബന്ധുക്കളോടും പ്രിയപ്പെട്ടവരോടുമെല്ലാം കാര്യം പറഞ്ഞ് മനസിലാക്കുകയെന്നൊരു വഴി മാത്രമേ മുമ്പിലുള്ളൂ. എന്നാല്‍ വധു തന്നെ വിവാഹത്തില്‍ നിന്ന് പിന്മാറിയിട്ടും വിവാഹം മാറ്റിവയ്ക്കാതിരുന്നൊരു വരനുണ്ട്. 

ബ്രസീലില്‍ നിന്നാണ് രസകരമായ ഈ വാര്‍ത്തയെത്തുന്നത്. വിവാഹനിശ്ചയത്തിന് ശേഷം വിവാഹത്തിലേക്കുള്ള മാസങ്ങളുടെ ഇടവേളയില്‍ ഡോക്ടര്‍മാരായ ഡിയോഗോ റബെലോയും വൈറ്റര്‍ ബ്യുവനോയും പല വിഷയങ്ങള്‍ക്ക് പുറത്തായി വഴക്കുണ്ടായി. 

ഒടുവില്‍ താന്‍ ഈ വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് വധുവായ വൈറ്റര്‍ തന്നെ അറിയിച്ചു. എന്നാല്‍ വൈറ്റര്‍ ഇല്ലെങ്കിലും വിവാഹം മാറ്റിവയ്‌ക്കേണ്ടെന്ന തീരുമാനത്തിലേക്കെത്തുകയായിരുന്നു റബെലോ. 

തന്നെതന്നെ വിവാഹം ചെയ്തതായി അയാള്‍ പ്രഖ്യാപിച്ചു. നേരത്തേ നിശ്ചയിച്ച ദിവസം തന്നെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും പങ്കെടുപ്പിച്ച് ആഘോഷമായി വിവാഹവും നടത്തി.

View post on Instagram

തനിക്ക് വൈറ്ററിനോട് യാതൊരു തരത്തിലുള്ള ദേഷ്യമില്ലെന്നും അവര്‍ക്ക് അവരുടെ താല്‍പര്യപ്രകാരം കാര്യങ്ങള്‍ തീരുമാനിക്കുന്നതിനും ജീവിക്കുന്നതിനുമുള്ള എല്ലാ സ്വാതന്ത്ര്യങ്ങളുണ്ടെന്നും വിവാഹാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് റബെലോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

View post on Instagram

ഏതായാലും വ്യത്യസ്തമായ വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. വധു പിന്മാറി, വിവാഹം മുടങ്ങുമെന്നായപ്പോള്‍ ഏറെ ദുഖം തോന്നിയെന്നും എന്നാല്‍ ആ ദുഖത്തില്‍ തന്നെ തുടരാതെ സ്വയവും മറ്റുള്ളവരെയും സന്തോഷിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും റബെലോ പറയുന്നു.

Also Read:- ഇങ്ങനെയും ഒരു വിവാഹം; വൈറലായി വധൂവരന്മാരുടെ ഫോട്ടോകള്‍...