പാമ്പിനെ പലര്‍ക്കും പേടിയാണ്. എന്നാല്‍ ചിലര്‍ക്ക് പാമ്പിനെ കാണുന്നത് കൗതുകവുമാണ്. അതുകൊണ്ടുതന്നെയാണ് പാമ്പുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഇവിടെയിതാ പാമ്പിനെ ഓമനിച്ച് വളത്താന്‍ ആഗ്രഹിച്ച ഒരു യുവാവിന് പറ്റിയ അമളിയാണ് ശ്രദ്ധ നേടുന്നത്. 

ചൈനയിലാണ് സംഭവം നടക്കുന്നത്. ലിയു എന്ന യുവാവിനാണ് പാമ്പിനെ വളര്‍ത്താന്‍ ആഗ്രഹം തോന്നിയത്. വിഷപ്പല്ല് നീക്കം ചെയ്താണ് സാധാരണയായി ചൈനയില്‍ പാമ്പുകളെ വില്‍ക്കുന്നത്. അങ്ങനെ വിഷമില്ലാത്ത ഒരു പാമ്പിനെ ലിയു ഓൺലൈന്‍ വഴി വാങ്ങി വടക്കുകിഴക്കൻ ചൈനയിലെ ഹീലോംഗ്ജിയാങ് പ്രവിശ്യയിലെ തന്‍റെ വീട്ടില്‍ വളര്‍ത്താന്‍ തുടങ്ങി. ഒരു മീറ്റര്‍ നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ ആണ് ലിയു ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തതെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഒരു ദിവസം മൂര്‍ഖനുമായി കിടക്കയില്‍ കിടന്ന ലിയുവിന് അതിന്‍റെ കടിയേറ്റു. വിഷപ്പല്ല് നീക്കിയ പാമ്പിന്റെ കടിയേൽക്കുന്നതെങ്ങനെ എന്ന സംശയത്തിൽ ലിയു ഉടന്‍ തന്നെ ആശുപത്രിയിൽ എത്തി. കൊത്തിയത് വിഷമുള്ള പാമ്പ് തന്നെയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കൃത്യസമയത്ത് ചികിത്സ തേടിയതിനാല്‍ ലിയു രക്ഷപ്പെടുകയായിരുന്നു. 

കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം ലിയു പാമ്പിനെ വാങ്ങിയ ഓൺലൈൻ വെബ്‌സൈറ്റുമായി ബന്ധപ്പെട്ടു. അധികൃതരുടെ അന്വേഷണത്തിലാണ് യഥാർത്ഥ ചിത്രം വെളിപ്പെട്ടത്. ലിയുവിന് അയക്കേണ്ടിയിരുന്നത് വിഷമില്ലാത്ത പാമ്പ് ആണെങ്കിലും പാക്കിങ്ങിൽ വന്ന പിശകുമൂലം യഥാർത്ഥത്തിൽ അയച്ചത് വിഷമുള്ള മൂർഖനെയാണ്. എന്തായാലും ഈ സംഭവത്തോടെ ഇനി ഒരിക്കലും പാമ്പിനെ വളർത്തില്ല എന്നാണ് ലിയുവിന്‍റെ തീരുമാനം.

Also Read: മൂര്‍ഖന്‍ പാമ്പിനെ കയ്യിലെടുത്ത് യുവതിയുടെ അഭ്യാസ പ്രകടനം; വീഡിയോ വൈറല്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona