കാമുകൻ പ്രതീക്ഷിച്ചതിന് വിരുദ്ധമായി തനിക്ക് 'ഷോക്ക്' ആണ് ഉണ്ടായതെന്ന് ഇവര്‍ പറയുന്നു. ഉടൻ തന്നെ ഇയാളെ പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി തനിക്കിത് ഉള്‍ക്കൊള്ളാൻ സാധിക്കില്ലെന്ന് ഇവര്‍ അറിയിച്ചു

കമിതാക്കളാകുമ്പോള്‍ പരസ്പരം സന്തോഷിപ്പിക്കാനും തങ്ങളുടെ പ്രണയത്തിന്‍റെ തീവ്രത കൈമാറ്റം ചെയ്യാനുമെല്ലാം സമ്മാനങ്ങള്‍ നല്‍കുന്നത് പതിവാണ്. പലരും പക്ഷേ സന്തോഷത്തിന്‍റെ മാറ്റ് കൂട്ടുന്നതിനായി സമ്മാനങ്ങള്‍ രഹസ്യമാക്കി വച്ച് 'സര്‍പ്രൈസ്' ആയി നല്‍കാറുമുണ്ട്. 

സാധാരണഗതിയില്‍ പ്രണയിക്കുന്ന വ്യക്തിയുടെ പക്കല്‍ നിന്നും 'സര്‍പ്രൈസ്' സമ്മാനങ്ങള്‍ കിട്ടുന്നത് അങ്ങേയറ്റത്തെ സന്തോഷം തന്നെയാണ്. പക്ഷേ ചില 'സര്‍പ്രൈസ്'കള്‍ അപ്രതീക്ഷിതമായി തങ്ങള്‍ക്ക് തന്നെ തിരിച്ചടിയായി വരികയും ചെയ്യാം.

അത്തരത്തിലൊരു സംഭവമാണിപ്പോള്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ സംഭവം ഏവരുമറിഞ്ഞത്. മുപ്പതുവയസുകാരിയായ യുവതി തന്നെയാണ് ഇവരുടെ ജീവിതത്തിലുണ്ടായ വ്യത്യസ്തമായ അനുഭവത്തെ കുറിച്ച് റെഡ്ഡിറ്റിലൂടെ പങ്കുവച്ചത്. 

അഞ്ച് വര്‍ഷമായി താനും മാര്‍ക്ക് എന്ന യുവാവും പ്രണയത്തിലായിരുന്നുവെന്നും തങ്ങള്‍ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്നാല്‍ പലപ്പോഴും വിവാഹമെന്ന സ്വപ്നത്തിലേക്ക് അടുക്കുമ്പോള്‍ പലതരം പ്രശ്നങ്ങളായിരുന്നു. 

ഒരു ദിവസം മാര്‍ക്ക് തന്നെ സര്‍പ്രൈസായി ഒരിടത്ത് കൊണ്ടുപോയി. അവിടെ ചെന്നപ്പോഴാണ് യുവതി കാര്യം മനസിലാക്കുന്നത്. കാമുകൻ ഇവര്‍ക്ക് 'സര്‍പ്രൈസ്' ആയി ഇവരുടെ വിവാഹത്തിന് ഏര്‍പ്പാടുകള്‍ ചെയ്തിരിക്കുകയാണ്. ഇരുവരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം എത്തിയിട്ടുണ്ട്. വിവാഹത്തിനായി അലങ്കരിച്ചിരിക്കുന്ന ഹാളിലേക്കാണ് ഇവര്‍ ചെന്ന് കയറിയിരിക്കുന്നത്. 

എന്നാല്‍ കാമുകൻ പ്രതീക്ഷിച്ചതിന് വിരുദ്ധമായി തനിക്ക് 'ഷോക്ക്' ആണ് ഉണ്ടായതെന്ന് ഇവര്‍ പറയുന്നു. ഉടൻ തന്നെ ഇയാളെ പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി തനിക്കിത് ഉള്‍ക്കൊള്ളാൻ സാധിക്കില്ലെന്ന് ഇവര്‍ അറിയിച്ചു. വിവാഹമെന്നത് ഏറെ പ്രധാനപ്പെട്ട വിഷയമാണ്. അത് നടത്തുമ്പോള്‍ ഓരോ ഘട്ടത്തിലും തനിക്ക് തന്‍റെ അഭിപ്രായങ്ങളും ഇഷ്ടങ്ങളും പങ്കുവച്ചുകൊണ്ട് നില്‍ക്കണമെന്നാണ്, ഇങ്ങനെ നടത്താൻ സാധിക്കില്ലെന്നാണ് അറിയിച്ചത്.

ഇതോടെ സര്‍പ്രൈസ് വിവാഹം ഒരുക്കിയ കാമുകനും വിവാഹം പങ്കെടുക്കാനെത്തിയവരുമെല്ലാം പ്രശ്നത്തിലായി. പലരും തന്നെ ഏറെ കുറ്റപ്പെടുത്തിയെന്ന് ഇവര്‍ പറയുന്നു. കാമുകൻ പോലും തന്‍റെ ഭാഗം ഉള്‍ക്കൊള്ളാൻ തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു. എങ്കിലും ആ വിവാഹത്തിന് നിന്നുകൊടുക്കാൻ യുവതി തയ്യാറായില്ല.

ഇവരുടെ റെഡിറ്റ് പോസ്റ്റിന് താഴെ മിക്കവരും ഇവര്‍ക്കാണ് പിന്തുണ നല്‍കുന്നത്. 'സര്‍പ്രൈസ്' ആണെന്ന് പറഞ്ഞ് വിവാഹം ഒരുക്കുന്നയാള്‍ നാളെ വീട്, കാര്‍, കുട്ടികള്‍ എല്ലാം ഇങ്ങനെ സ്വന്തം ഇഷ്ടപ്രകാരം പദ്ധതിയിട്ട് ചെയ്തേക്കുമെന്നും പങ്കാളിയുടെ അഭിപ്രായം വേണ്ടുന്ന സ്ഥലങ്ങളില്‍ അത് തേടാതെ, ആ ഭാഗം കൂടി തട്ടിയെടുക്കുന്ന വ്യക്തികള്‍ പരസ്പര ബഹുമാനം പുലര്‍ത്താത്തവര്‍ ആയിരിക്കും- അവരുമായുള്ള ബന്ധം അനാരോഗ്യകരവുമായിരിക്കുമെന്നും ധാരാളം പേര്‍ കമന്‍റുകളിലൂടെ പറയുന്നു. 

Also Read:- 17,000 രൂപയുടെ ഫേഷ്യല്‍ ചെയ്ത് മുഖം പൊള്ളി; സലൂണിനെതിരെ കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News