Asianet News MalayalamAsianet News Malayalam

പാമ്പുകളോട് ഏറെ ഇഷ്ടം; അനാക്കോണ്ടയുമായി കളിച്ച യുവാവിന് 'പണി'യായി...

ആമസോണ്‍ കാട്ടില്‍ നിന്ന് പിടിച്ച പാമ്പാണിതെന്നാണ് സൂചന. അനാക്കോണ്ടകളില്‍ തന്നെ വലുപ്പം കൂടുതലുള്ളതാണ് ഗ്രീൻ അനാക്കോണ്ട.

man playing with green anaconda and it bites him
Author
First Published Nov 11, 2022, 10:51 AM IST

പാമ്പുകള്‍ ചിലര്‍ക്ക് വളരെയധികം പേടിയോ അസ്വസ്ഥതയോ എല്ലാമുണ്ടാക്കുന്ന ജീവിവര്‍ഗമാണ്. പാമ്പുകളുടെ ചിത്രങ്ങളോ വീഡിയോകളോ പോലും ഇത്തരക്കാരെ പ്രശ്നത്തിലാക്കും. എന്നാലോ മറ്റ് ചിലര്‍ക്ക് പാമ്പുകളെന്നാല്‍ ഏറെ ഇഷ്ടവും താല്‍പര്യവുമാണ്. ഇവര്‍ക്ക് എങ്ങനെയും പാമ്പുകളെ തൊടാനും കയ്യിലോ ശരീരത്തിലോ എല്ലാം ചുറ്റിപ്പിടിച്ച് കളിക്കാനുമെല്ലാം സാധിച്ചാല്‍ മതി. 

സമാനമായി പാമ്പുകളോട് ഏറെ ഇഷ്ടമുള്ളൊരു യുവാവിന്‍റെ ഇൻസ്റ്റഗ്രാം വീഡിയോ ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലുപ്പമേറിയ പാമ്പായ അനാക്കോണ്ടയുമായാണ് യുവാവ് കളിക്കുന്നത്. 

ആമസോണ്‍ കാട്ടില്‍ നിന്ന് പിടിച്ച പാമ്പാണിതെന്നാണ് സൂചന. അനാക്കോണ്ടകളില്‍ തന്നെ വലുപ്പം കൂടുതലുള്ളതാണ് ഗ്രീൻ അനാക്കോണ്ട. എന്നാലിത് വിഷമുള്ള ഇനമല്ല. എങ്കിലും കാഴ്ചയ്ക്ക് അല്‍പം ഭീകരതയെല്ലാം തോന്നിക്കുന്ന ഇനം തന്നെയെന്ന കാര്യത്തില്‍ സംശയമില്ല. 

നിക് എന്ന യുവാവാണ് അനാക്കോണ്ടയുമായി കളിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. സാമാന്യം നീളവും തൂക്കവുമുള്ള ഈ പാമ്പിനെ കയ്യില്‍ പിടിക്കുകയെന്നത് തന്നെ ശ്രമകരമായ സംഗതിയാണ്. യുവാവാണെങ്കില്‍ ഇതിനെ കൈകളില്‍ ചുറ്റി പ്രദര്‍ശിപ്പിക്കുകയാണ്. ഇതിനിടെ പാമ്പ് അക്രമാസക്തമാവുകയും നിക്കിനെ ആക്രമിക്കാൻ തുടങ്ങുകയുമായിരുന്നു. 

ആദ്യമെല്ലാം പാമ്പിന് നിക്കിന്‍റെ വസ്ത്രത്തിലാണ് പിടി കിട്ടിയത്. എന്നാല്‍ പിന്നീട് നിക്കിന്‍റെ കയ്യില്‍ ഇത് കടിച്ചു. കടിച്ചതിന്‍റെ വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും വിഷമില്ലാത്ത ഇനമായതിനാല്‍ തന്നെ മറ്റ് പ്രശ്നങ്ങളൊന്നും ഇദ്ദേഹത്തിന് അനുഭവപ്പെടുന്നില്ല. വീണ്ടും പാമ്പ് നിക്കിനെ ആക്രമിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ രണ്ടാം തവണയും ഇദ്ദേഹത്തിന് കടിയേല്‍ക്കുന്നത് വീഡിയോയില്‍ കാണാം. 

ഒരുപക്ഷേ കയ്യിലെടുത്ത് കൈകാര്യം ചെയ്തത് പാമ്പിന് ഇഷ്ടമായിക്കാണില്ലെന്നും അതാകാം പാമ്പ് ഇത്രമാത്രം അക്രമാസക്തമാകാൻ കാരണമെന്നും വീഡിയോ കണ്ടവര്‍ പറയുന്നു. പലരും നിക്കിനെ ഇത്തരത്തിലുള്ള സാഹസികതകളില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെ പാമ്പുകള്‍ അടക്കമുള്ള ജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് അതിക്രമിച്ച് കടക്കുന്നത് ശരിയല്ലെന്ന് വാദിക്കുന്നവരും ഏറെയാണ്.

അതേസമയം സാഹസികതയെ ഇഷ്ടപ്പെടുന്ന ചിലര്‍ മാത്രം നിക്കിനെ അഭിനന്ദിക്കുകയാണ്. ഏതായാലും അനാക്കോണ്ടയുമായുള്ള നിക്കിന്‍റെ മല്‍പിടുത്തം വലിയ രീതിയിലാണ് ശ്രദ്ധേയമാകുന്നത്. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- 'അനാക്കോണ്ടയെക്കാള്‍ വലുപ്പമുള്ള പാമ്പ്'; അതിനായി ഒരമ്പലവും നിറയെ ഭക്തരും...

Follow Us:
Download App:
  • android
  • ios