പലരീതിയിൽ വിവാഹാഭ്യര്‍ഥന നടത്താറുണ്ട്. കൂടുതൽ പേരും റോസാപ്പൂക്കൾ നൽകിയാണ് വിവാഹാഭ്യര്‍ഥന നടത്താറുള്ളത്. മോതിരത്തിനുള്ളില്‍ ക്യാരറ്റ് ചെടി വളര്‍ത്തി വിവാഹാഭ്യര്‍ഥന നടത്തിയ സംഭവം നിങ്ങൾ കേട്ടിട്ടുണ്ടോ. കനേഡിയന്‍ സ്വദേശിയായ ജോണ്‍ നെവലാണ് അത്തരമൊരു വ്യത്യസ്ത വിവാഹാഭ്യര്‍ഥന നടത്തിയിരിക്കുന്നത്. നെവലും   ഡാനിയേല്‍ ഡീജെ സ്‌ക്വയേഴ്‌സും ഒരുമിച്ച് താമസം തുടങ്ങിയിട്ട് ആറ് വർഷമായി. ഇരുവര്‍ക്കും രണ്ടുകുട്ടികളുമുണ്ട്. 

പ്രോപോസ് ചെയ്യാനായി നെവൽ ഒരു ഡയമണ്ട് മോതിരം വാങ്ങിവച്ചിട്ടുണ്ടായിരുന്നു. എന്നാൽ വിവാഹാഭ്യര്‍ഥനയ്ക്കായി അനുയോജ്യമായ സമയം കാത്തിരിക്കുകയായിരുന്നു നെവല്‍. അങ്ങനെയാണ് കാര്യങ്ങൾ നീണ്ടുപോയാല്‍ ശരിയാകില്ലെന്നും ഉടന്‍ വിവാഹിതരാകണമെന്നും തീരുമാനിക്കുന്നത്.

എന്തായാലും വെെകി, ഇനി വിവാഹാഭ്യര്‍ഥന അല്പം വ്യത്യസ്തമാക്കണമെന്ന് നെവൽ ഉറപ്പിച്ചു. അങ്ങനെയാണ് മോതിരത്തിനുള്ളില്‍ ക്യാരറ്റ് ചെടി വളര്‍ത്തി വിവാഹാഭ്യര്‍ഥന നടത്താമെന്ന് തീരുമാനിച്ചത്. ക്യഷിയോട് താൽപര്യമുള്ള വ്യക്തിയാണ് നെവൽ. വീട്ടിൽ കോഴിവളര്‍ത്തലും പന്നിവളര്‍ത്തലുമെല്ലാമുള്ള ഒരു ഉത്തമ കര്‍ഷകനും കൂടിയാണ് നെവൽ. വിവാഹാഭ്യര്‍ഥന പ്രകൃതിയുമായി ചേര്‍ന്നുനില്‍ക്കുന്ന രീതിയിലാകണമെന്ന് നെവലിന്  ആ​ഗ്രഹമുണ്ടായിരുന്നു. 

അങ്ങനെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ വജ്രമോതിരം ചെടി നനയ്ക്കുന്നതിനിടെ തോട്ടത്തിലെ ക്യാരറ്റ് ചെടിക്കിടയില്‍ നിന്ന് കണ്ടെത്തിയ ഒരു സ്ത്രീയുടെ വാര്‍ത്ത നെവലിന്റെ ശ്രദ്ധയില്‍ പെടുന്നത്. അപ്പോഴാണ് നെവലിന് ഒരു ആശയം തോന്നിയത്. 

മോതിരത്തിനുള്ളില്‍ ക്യാരറ്റ് വളര്‍ത്താം, അത് കാമുകിക്ക് നല്‍കുക, എന്നിട്ട് വിവാഹാഭ്യര്‍ഥന നടത്തുക. അൽപം പ്രയാസമുള്ള കാര്യമായിരുന്നു അത്. ഇത് വിജയിക്കുമോ പരാജയപ്പെടുമോ എന്നതിനെ കുറിച്ച് നെവലിന് നല്ല പേടിയുണ്ടായിരുന്നു. എന്തായാലും പ്രശ്നമില്ലെന്ന ഉറച്ച തീരുമാനവുമായി മുന്നോട്ട് പോയി. 

അതിനായി ആദ്യം ഒരു ബക്കറ്റ് നിറയെ മണ്ണുനിറച്ചു. ശേഷം നടുവിലായി മോതിരം കുഴിച്ചിടുകയാണ് ചെയ്തതു.അതിന് ശേഷം ഒരു പെന്‍സില്‍ ഉപയോഗിച്ച് മോതിരത്തിന് നടുവിലൂടെ മണ്ണില്‍ ഒരു ചെറിയ തുളയിട്ടു. ക്യാരറ്റ് അതിനുള്ളില്‍ തന്നെ വളരുമെന്ന് ഉറപ്പാക്കി. അതിന് മുകളിലായി വിത്തുകള്‍ പാകി. ശേഷം 90 ദിവസം വരെ കാത്തിരുന്നു. ഒരു ദിവസം സ്‌ക്വയേഴ്‌സിനെയും മക്കളെയും കൂട്ടി ക്യാരറ്റ് വിളവെടുപ്പിന് ഇറങ്ങി. 

ബക്കറ്റിന് നടുവിലുളള ക്യാരറ്റ് ചെടി പറിച്ചെടുക്കാന്‍ നെവല്‍ സ്‌ക്വയറിനോട് ആവശ്യപ്പെട്ടു. സ്‌ക്വയര്‍സ് ‌ക്യാരറ്റ് ചെടി വലിച്ചുപറിച്ചതും നെവല്‍ വലതുകാല്‍മുട്ടിലിരുന്ന് പ്രണയാതുരനായി സ്‌ക്വയര്‍സിനോട് ചോദിച്ചു 'ഞാന്‍ നിന്നെ പ്രണയിക്കുന്നു, എന്നെ വിവാഹം കഴിക്കാമോ'.സ്‌ക്വയര്‍സ് ശരിക്കുമൊന്ന് ഞെട്ടിപ്പോയി. തന്റെ കൈയിലുള്ള ക്യാരറ്റിൽ മോതിരമുണ്ടെന്ന് തിരിച്ചറിയാന്‍ സ്‌ക്വയര്‍സ് വെെകി പോയി.

ഞാൻ അങ്ങനെ പറഞ്ഞപ്പോൾ‌ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു. അതേ എന്ന അവൾ തലയട്ടിയെന്ന് നെവല്‍ പറയുന്നു. മോതിരത്തിനുള്ളില്‍ ക്യാരറ്റ് ചെടി വളര്‍ത്തിയതിനെ കുറിച്ചും അവൾ ചോദിച്ചുവെന്ന് നെവല്‍ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഇവരുവരുടെയും കഥ ഏറെ ചർച്ചയായിരിക്കുകയാണ്. ഇപ്പോൾ ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ചോദിക്കുന്നത് ഒന്ന് മാത്രം എന്നാണ് നിങ്ങളുടെ കല്യാണം.