തനിക്ക് സംഭവിച്ചൊരു അബദ്ധത്തെ കുറിച്ച് ഒരു യുവാവ് പരസ്യമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് നോക്കൂ. ഇതിലൂടെ വ്യക്തമാകും, എന്തുകൊണ്ടാണ് ശമ്പളക്കണക്ക് പരസ്യപ്പെടുത്തരുതെന്ന് പറയുന്നതെന്ന്.
പലരും തങ്ങളുടെ മാസശമ്പളം, അല്ലെങ്കില്‍ ജോലിക്ക് കിട്ടുന്ന പ്രതിഫലം എത്രയാണെന്ന് വീട്ടുകാരോടോ വളരെ അടുപ്പമുള്ളവരോടോ സുഹൃത്തുക്കളോടോ ഒന്നും തുറന്ന് പറയാറില്ല. പലരും ഇത്തരത്തിലുള്ള ഉപദേശങ്ങള്‍ കൈമാറുന്നതും പതിവാണ്. അതായത് യഥാര്‍ത്ഥത്തില്‍ എത്രയാണ് ശമ്പളമെന്നത് ആരോടും പറയരുത് എന്ന്.
എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നറിയാമോ? ഇതാ തനിക്ക് സംഭവിച്ചൊരു അബദ്ധത്തെ കുറിച്ച് ഒരു യുവാവ് പരസ്യമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് നോക്കൂ. ഇതിലൂടെ വ്യക്തമാകും, എന്തുകൊണ്ടാണ് ശമ്പളക്കണക്ക് പരസ്യപ്പെടുത്തരുതെന്ന് പറയുന്നതെന്ന്.
സംഗതി എന്തെന്നാല്‍ ഇദ്ദേഹം വീട്ടിലെ ഒരു മുറിയില്‍ കൂടി എസി വയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ മറ്റ് മുറികളില്‍ എസിയുണ്ട്, ഇനിയും ഒരു മുറിയില്‍ കൂടി എസി വയ്ക്കുന്നത് അധികച്ചെലവായിരിക്കും എന്ന് പറഞ്ഞ് അമ്മ മകനുമായി വഴക്ക് തുടങ്ങി. പണം ചെലവിടുന്നതുമായി ബന്ധപ്പെട്ട് അമ്മയ്ക്ക് ചില പ്രശ്നങ്ങളുണ്ട് എന്നതിനാല്‍ ഒരുപാട് വാദിക്കുന്നതിന് പകരം തനിക്ക് ഇതിനെല്ലാം ആവശ്യമായത്രയും പണം ശമ്പളമായി ലഭിക്കുന്നുണ്ട് എന്നത് മകൻ വ്യക്തമാക്കി.
അതുവരെയും അമ്മ മനസിലാക്കിവച്ച ശമ്പളത്തിന്‍റെ ഇരട്ടിയിലധികമുണ്ടായിരുന്നു ആ കണക്ക് എന്നാണ് ഇദ്ദേഹം പറയുന്നത്. ഇതോടെ അമ്മയില്‍ പ്രകടമായ മാറ്റങ്ങളായി. അമ്മയുടെ ഷോപ്പിംഗ് രീതിയെല്ലാം മാറി. എന്നാല്‍ അമ്മയിലുണ്ടായ മാറ്റം ഇദ്ദേഹത്തിന് പ്രശ്നമായി തോന്നയില്ല. തനിക്ക് എത്ര പണം ലഭിക്കുന്നുണ്ടോ അതിന് അനുസരിച്ച് അമ്മ ജീവിക്കട്ടെയെന്ന് ഇദ്ദേഹം ചിന്തിച്ചു.
എന്നാല്‍ 'പണി' കിട്ടിയത് അവിടെയല്ല. പതിയെ പതിയെ ബന്ധുക്കളും അയല്‍ക്കാരുമെല്ലാം ഇദ്ദേഹത്തോട് വലിയ തുകകള്‍ കടമായും അല്ലാതെയുമെല്ലാം ചോദിക്കാൻ തുടങ്ങി. പലരും പാതിരാത്രികളില്‍ വിളിച്ച് കഷ്ടപ്പാട് പറയും. ശേഷം പണം ചോദിക്കും. പലരും നേരത്തെ തന്നെ കടം വാങ്ങി തിരികെ നല്‍കാത്തവരാണെന്നും, തിരികെ നല്‍കുന്ന കാര്യമൊന്നും പറയാതെയാണ് വീണ്ടും കടം വാങ്ങുന്നതെന്നും ഇദ്ദേഹം പറയുന്നു.
ഇത്തരത്തില്‍ താൻ ആകെ വെട്ടിലായിപ്പോയിരിക്കുകയാണ് എന്താണ് ചെയ്യേണ്ടത് എന്നാണ് റെഡ്ഡിറ്റിലൂടെ പങ്കുവച്ച പോസ്റ്റില്‍ യുവാവ് ചോദിക്കുന്നത്. മിക്കവരും തങ്ങളുടെ ശമ്പളക്കണക്ക് വീട്ടുകാരോട് പോലും പറയാറില്ല എന്നാണ് വ്യക്തമാക്കുന്നത്. പറഞ്ഞുകഴിഞ്ഞാല്‍ ഇതാണ് അവസ്ഥയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഏതായാലും പണം കടം വാങ്ങിയവരോട് തനിക്ക് ആവശ്യങ്ങളുണ്ട്, തിരികെ നല്‍കണമെന്ന് അങ്ങോട്ട് പറയണമെന്നും, കൂടുതല്‍ കടം ചോദിക്കുന്നവരോട് കയ്യില്‍ കാശില്ല- ബാധ്യതകളുണ്ട് അത് തീര്‍ക്കണമെന്നോ മറ്റോ പറയുന്നതാണ് ഉചിതമെന്നും പലരും ഉപദേശിക്കുന്നു.
എന്തായാലും യുവാവിന്‍റെ പോസ്റ്റ് വൈറലായിരിക്കുകയാണിപ്പോള്‍. പലര്‍ക്കും പെട്ടെന്ന് തന്നെ മനസിലാക്കാവുന്നൊരു പ്രശ്നമായതിനാലാകണം ഈ കുറിപ്പ് ഇത്രമാത്രം ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്.
Also Read:- കൈക്കുഞ്ഞുമായി മഴയത്ത് പെട്ടുപോയ കുടുംബത്തിന് സഹായമായി പൊലീസ്; വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

