കയ്യില്‍ പണമില്ലാതിരുന്ന അമ്മ ഷോപ്പില്‍ കയറി വാങ്ങിയ സാധനങ്ങള്‍ക്കെല്ലാം അവര്‍ പണം നല്‍കി. കാപ്പി കുടിക്കാൻ കയറിയപ്പോള്‍ കൂടെ ആരുമില്ലേയെന്ന ജീവനക്കാരുടെ സംശയം നിറഞ്ഞ നോട്ടം കണ്ടതോടെ അവിടെയും അമ്മയ്ക്കൊപ്പം അവര്‍ ഇരുന്നു.

മറവിരോഗം എന്ന് പറയുമ്പോള്‍ തന്നെ മിക്കവരുടെയും മനസില്‍ വരുന്നത് അല്‍ഷിമേഴ്സ് രോഗമായിരിക്കും. ഏറെയും പ്രായമായവരെയാണ് അല്‍ഷിമേഴ്സ് ബാധിക്കാറ്. ചുരുക്കം സന്ദര്‍ഭങ്ങളില്‍ ചെറുപ്പക്കാരെയും അല്‍ഷിമേഴ്സ് ബാധിക്കാറുണ്ട്. 

വര്‍ത്തമാനകാലത്തിലെ ജീവിതവും ആളുകളും സ്ഥലങ്ങളുമെല്ലാം ആദ്യം മറന്നുപോവുകയും, പഴയതും അപ്രസക്തവുമായ ഓര്‍മ്മകളിലേക്ക് മടങ്ങുന്നതുമാണ് അല്‍ഷിമേഴ്സിന്‍റെ ഒരു പ്രത്യേകത. ഇക്കാരണം കൊണ്ടുതന്നെ അല്‍ഷിമേഴ്സ് ബാധിതരെ നോക്കുകയെന്നത് ഒരുപാട് സങ്കീര്‍ണമായ കാര്യമാണ്. 

മക്കളെയോ, മരുമക്കളെയോ, പങ്കാളിയെയോ, അയല്‍ക്കാരെയോ എല്ലാം മറന്നുപോകാം. എവിടെയാണ് നില്‍ക്കുന്നത് എന്നത് മറക്കാം. ദിശാബോധമില്ലാതെ ഇറങ്ങി നടക്കാം. എന്നാല്‍ എങ്ങോട്ട് പോകണം എന്നും നിശ്ചയമുണ്ടാകില്ല. പല അപകടങ്ങള്‍ സംഭവിക്കാനും, കാണാതെ പോകാനുമെല്ലാം അല്‍ഷിമേഴ്സ് രോഗികളുടെ കാര്യത്തില്‍ സാധ്യതകളേറുന്നത് ഇങ്ങനെയാണ്.

ഇതുപോലൊരു സംഭവത്തെ കുറിച്ച് എക്സിലൂടെ (മുൻ ട്വിറ്റര്‍) പങ്കുവച്ചിരിക്കുകയാണ് ഒരാള്‍. ഇദ്ദേഹത്തിന്‍റെ പോസ്റ്റ് പിന്നീട് വളരെയധികം ശ്രദ്ധ നേടുകയുണ്ടായി. 

അല്‍ഷിമേഴ്സ് ബാധിച്ച അമ്മ- എന്നുവച്ചാല്‍ ഭാര്യയുടെ അമ്മ ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് അറിയാതെ ഇറങ്ങിപ്പോവുകയും ഒടുവില്‍ അപരിചിതരായ ദമ്പതികള്‍ അവര്‍ക്ക് തുണയാവുകയും ചെയ്തതിന്‍റെ അനുഭവമാണ് പോസ്റ്റില്‍ വിശദീകരിക്കുന്നത്. 

കുട്ടികളെയും കൊണ്ട് പെട്ടെന്ന് ആശുപത്രിയില്‍ പോകേണ്ടി വന്നതിനാല്‍ ഡേവ് തോംപ്സണും ഭാര്യയും ഹോട്ടല്‍ മുറിയില്‍ അച്ഛനെയും അമ്മയെയും ആക്കി പോവുകയായിരുന്നു. അച്ഛൻ ഉറങ്ങിപ്പോയ തക്കത്തിന് അമ്മ ഇറങ്ങിനടന്നു. ഡേവും ഭാര്യയും കുട്ടികളും തിരിച്ചെത്തിയപ്പോള്‍ മുറിയില്‍ അമ്മയില്ല. അമ്മയുടെ കോട്ടും, പഴ്സുമെല്ലാം മുറിയില്‍ തന്നെയാണ്. അതായത് ഇതൊന്നും എടുക്കാതെയാണ് അവര്‍ പോയിരിക്കുന്നത്. 

ഉടൻ തന്നെ ഇവര്‍ അമ്മയെ അന്വേഷിച്ചിറങ്ങി. ഒരുപാട് അകലെയല്ലാതെയുണ്ടായിരുന്ന ഒരു ഷോപ്പിംഗ് സെന്‍ററിലേക്ക് അമ്മ പോയിരിക്കുമെന്ന് ഇവര്‍ക്ക് തോന്നി. അവിടേക്ക് ലക്ഷ്യം വച്ച് ഇവര്‍ കാറോടിച്ചു. അങ്ങോട്ട് വണ്ടി കയറ്റുമ്പോഴേ അകത്ത് അമ്മ ഇരുന്ന് കാപ്പി കുടിക്കുന്നത് കാണാമായിരുന്നു. തൊട്ടടുത്ത് മറ്റൊരു സ്ത്രീയും.

ഡേവ് ഓടിച്ചെല്ലുമ്പോള്‍ അമ്മ വളരെ സന്തോഷത്തോടെ അടുത്തിരിക്കുന്ന സ്ത്രീയോട് സംസാരിക്കുന്നതും കാപ്പി കുടിക്കുന്നതുമാണ് കാണുന്നത്. ഷോപ്പിംഗ് സെന്‍ററിലെ പാര്‍ക്കിംഗ് ഏരിയയില്‍ നില്‍ക്കുന്ന അമ്മയെ ഈ സ്ത്രീയും അവരുടെ പങ്കാളിയും കാണുകയായിരുന്നുവത്രേ. എന്തോ പന്തികേട് തോന്നിയ അവര്‍ അമ്മയെ കൂടെ കൂട്ടി. 

കയ്യില്‍ പണമില്ലാതിരുന്ന അമ്മ ഷോപ്പില്‍ കയറി വാങ്ങിയ സാധനങ്ങള്‍ക്കെല്ലാം അവര്‍ പണം നല്‍കി. കാപ്പി കുടിക്കാൻ കയറിയപ്പോള്‍ കൂടെ ആരുമില്ലേയെന്ന ജീവനക്കാരുടെ സംശയം നിറഞ്ഞ നോട്ടം കണ്ടതോടെ അവിടെയും അമ്മയ്ക്കൊപ്പം അവര്‍ ഇരുന്നു. കാപ്പി വാങ്ങി. എല്ലാവരും സന്തോഷമായി സംസാരിച്ചു. 

ഇങ്ങനെയുള്ള മനുഷ്യരാണ് ലോകത്തെ പിടിച്ചുനിര്‍ത്തുന്നത്. പേര് പോലും അറിയാത്ത അവരോട് ഒരുപാട് നന്ദിയെന്നും ഡേവ് കുറിച്ചു. നിരവധി പേരാണ് ഏറെ സന്തോഷം പകരുന്ന ഈ അനുഭവത്തെ വായിക്കുകയും പങ്കിടുകയും ചെയ്തിരിക്കുന്നത്. 

Scroll to load tweet…

Also Read:- സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയ പ്രശ്നമായി; ഗായിക മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo