സെക്‌സ് ഡോളിനെ ആചാരപ്രകാരം വിവാഹം ചെയ്യുക, തുടര്‍ന്ന് അതിനെ വധുവായി സമൂഹമധ്യത്തിന് മുമ്പാകെ അവതരിപ്പിക്കുക. വളരെ വിചിത്രമായ ഈ റിപ്പോര്‍ട്ട് കഴിഞ്ഞ മാസമാണ് ലോകമാധ്യങ്ങളിലെല്ലാം വന്നത്. കസക്കിസ്ഥാന്‍ സ്വദേശിയായ യൂരി ടോള്‍ച്‌കോ ആണ് ഇക്കഥയിലെ ഹീറോ. ബോഡി ബില്‍ഡറായ യൂരി ഏതാണ്ട് ഒരു വര്‍ഷത്തോളമായി 'മാര്‍ഗോ' എന്ന് പേരുള്ള സെക്‌സ് ഡോളുമായി പ്രണയത്തിലായിരുന്നുവത്രേ. 

2020 ആദ്യത്തില്‍ തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് 19ന്റെ വരവോടെ വിവാഹം നീട്ടിവയ്ക്കുകയായിരുന്നു. ഇതിനിടെ ഒക്ടോബറില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ റാലിക്കിടെ യൂരി ഒരു സംഘം ആളുകളാണ് ആക്രമിക്കപ്പെട്ടു. ഇതോടെ വീണ്ടും വിവാഹം നീണ്ടു. 

എല്ലാത്തിനുമൊടുവില്‍ നവംബറില്‍ യൂരിയുടേയും മാര്‍ഗോയുടേയും വിവാഹം നടക്കുകയായിരുന്നു. വ്യാപകമായ ജനശ്രദ്ധയാണ് ഈ വിവാഹത്തിന് ലഭിച്ചത്. സമൂഹമാധ്യമങ്ങളിലും മറ്റും വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇത് വഴിയൊരുക്കി. അനാരോഗ്യകരമായ ചിന്താഗതികളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും, പ്രശസ്തിക്ക് വേണ്ടിയുള്ള തരം താഴ്ന്ന ശ്രമങ്ങളെ അംഗീകരിക്കാനാകില്ലെന്നുമെല്ലാം നിരവധി പേര്‍ അഭിപ്രായപ്പെട്ടു. 

ചെറിയൊരു വിഭാഗം ആളുകള്‍ യൂരിക്കൊപ്പവും നിലയുറച്ചിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴിതാ വീണ്ടുമൊരു വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് യൂരി. തന്റെ നവവധുവായ മാര്‍ഗോയ്ക്ക് പരിക്ക് പറ്റിയിരിക്കുന്നുവെന്നാണ് യൂരി അറിയിക്കുന്നത്. അവരെ 'റിപ്പയര്‍' ചെയ്‌തെടുക്കാനായി മറ്റൊരു നഗരത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നും യൂരി അറിയിക്കുന്നു. 

മാര്‍ഗോ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണ്ടുമൊരു കൂടിച്ചേരലിനായി തങ്ങളിരുവരും കാത്തിരിക്കുകയാണെന്നുമാണ് യൂരി പറയുന്നത്. 'ഡെയ്‌ലി സ്റ്റാര്‍' എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യൂരി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിവാഹശേഷം തങ്ങള്‍ക്കെതിരെ വന്ന പല വിമര്‍ശനങ്ങളും മാര്‍ഗോയെ തളര്‍ത്തിയതായും തുടര്‍ന്ന് മാര്‍ഗോ ഒരു പ്ലാസ്റ്റിക് സര്‍ജറിക്ക് തയ്യാറായതായും യൂരി പറയുന്നുണ്ട്. 

യൂരിയുടെ പുതിയ തുറന്നുപറച്ചിലാണ് വിവാദമായിരിക്കുന്നത്. മാര്‍ഗോ എന്ന സെക്‌സ് ഡോളിന് യഥാര്‍ത്ഥത്തില്‍ എന്ത് സംഭവിച്ചുവെന്നത് വ്യക്തമാകുന്നില്ലെന്നും ഏറെ ദുരൂഹമാണ് യൂരിയുടെ സംസാരവും പെരുമാറ്റവും എന്നുമെല്ലാമാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. എന്തായാലും രണ്ടാമതൊരു വിവാദം കൂടി വന്നതോടെ യൂരിയുടെ പ്രശസ്തി ഒന്നുകൂടി വര്‍ധിച്ചുവെന്നതില്‍ സംശയമില്ല.

Also Read:- ജീവനെടുക്കുമോ ഈ കാമുകി? സെക്‌സ് റോബോട്ടുകൾ പ്രശ്‌നക്കാരോ?...