Asianet News MalayalamAsianet News Malayalam

'ഒരു അവധി പോലുമില്ലാതെ 27 വര്‍ഷം ജോലി ചെയ്തതിന് ലഭിച്ച അംഗീകാരം'

വര്‍ഷങ്ങളോളം ഒരവധി പോലുമില്ലാതെ ജോലി ചെയ്യുകയാണെങ്കിലോ! ഒരിക്കലും നടക്കാത്ത സംഗതിയെന്ന് ചിന്തിച്ചെങ്കില്‍ തെറ്റി. ഇതാ അങ്ങനെയൊരാളെയാണ് ഇപ്പോള്‍ പരിചയപ്പെടുത്തുന്നത്. 

man who worked for 27 years without a single leave gets 1.5 crore help from public
Author
USA, First Published Jul 4, 2022, 12:15 AM IST

ഏവരും ജോലി ചെയ്യുന്നത് ജീവിക്കുന്നതിന് വേണ്ടിയാണ്. എത്ര 'പാഷൻ' ഉള്ള ജോലിയാണെങ്കിലും ജോലിക്കിടെ വിരസത വരാനുള്ള സാധ്യതകള്‍ ഏറെയാണ്. അതിനാല്‍ തന്നെ ജോലിക്കിടെ ആവശ്യമായ അവധികള്‍ ( Job Leave ) എടുത്തേ മതിയാകൂ. ഇക്കാര്യം കൊണ്ടാണ് ഏത് ജോലി ചെയ്യുന്നവര്‍ക്കും അതത് തൊഴിലുടമകള്‍ അവധി  ( Job Leave ) അനുവദിക്കുന്നത്.

എന്നാല്‍ വര്‍ഷങ്ങളോളം ഒരവധി പോലുമില്ലാതെ ( Without Leave ) ജോലി ചെയ്യുകയാണെങ്കിലോ! ഒരിക്കലും നടക്കാത്ത സംഗതിയെന്ന് ചിന്തിച്ചെങ്കില്‍ തെറ്റി. ഇതാ അങ്ങനെയൊരാളെയാണ് ഇപ്പോള്‍ പരിചയപ്പെടുത്തുന്നത്. ബര്‍ഗര്‍ കിംഗ് എന്ന പ്രമുഖ ഭക്ഷ്യശൃംഖലയുടെ ജീവനക്കാരനായ കെവിന്‍ ഫോര്‍ഡ് എന്നയാളാണ് ഈ രീതിയില്‍ സോഷ്യല്‍ മീഡിയയിലാകെ ശ്രദ്ധേയനായിരിക്കുന്നത്. 

യുഎസിലെ ലാസ് വേഗാസ് സ്വദേശിയാണ് കെവിൻ. കഴിഞ്ഞ 27 വര്‍ഷങ്ങളായി അവധിയില്ലാതെ ( Without Leave ) ജോലി ചെയ്യുകയാണ് അമ്പത്തിനാലുകാരനായ കെവിന്‍. ഈ സേവനം കണക്കിലെടുത്ത് ഒടുവില്‍ കെവിന്‍റെ തൊഴിലുടമയായ കമ്പനി കെവിന് ഒരു സമ്മാനപ്പൊതിയും നല്‍കി. 

സിനിമാ ടിക്കറ്റ്, സ്റ്റാര്‍ബക്സ് സിപ്പര്‍, ചോക്ലേറ്റുകള്‍, മിന്‍റുകള്‍, പെൻ എന്നിങ്ങനെയുള്ള സാധനങ്ങളാണ് സമ്മാനപ്പൊതിയിലുണ്ടായിരുന്നത്. 27 വര്‍ഷത്തെ നീണ്ട സേവനത്തിന് ഈ സമ്മാനം മതിയാകുമോ എന്ന് നിങ്ങള്‍ സംശയിക്കുന്നുണ്ടോ? ഇതേ സംശയം തന്നെയായിരുന്നു കെവിന്‍റെ മകള്‍ക്കും. 

അങ്ങനെ കെവിന്‍റെ മകള്‍ സോഷ്യല്‍ മീഡിയിയല്‍ ഒരു ഫണ്ട് റെയിസിംഗ് പരിപാടി ആരംഭിച്ചു. ഒരവധി പോലുമില്ലാതെ 27 വര്‍ഷം തന്‍റെ കുടുംബത്തിന് വേണ്ടി ജോലി ചെയ്ത കെവിന് അര്‍ഹിക്കുന്ന ആദരം നല്‍കണമെന്നായിരുന്നു മകളുടെ ആവശ്യം. അപ്രതീക്ഷിതമായ സഹായങ്ങളുടെ കുത്തൊഴുക്കായിരുന്നു പിന്നീട് വന്നത്. 

ഇപ്പോള്‍ 1.5 കോടിയാണ് ഈ ഫണ്ട് റെയിസിംഗ് മുഖേന കെവിന് ലഭിച്ചിരിക്കുന്നത്. സംഗതി സോഷ്യല്‍ മീഡിയയിലാകെ വൈറലായതോടെ കെവിൻ താരമായി മാറിയിരിക്കുകയാണ്. പ്രമുഖ മാധ്യമങ്ങളില്‍ അടക്കം കെവിന്‍റെ അഭിമുഖങ്ങള്‍ വന്നു. ഇത്രയേറെ വിഷമകരമായ ജീവിതം അനുഭവിച്ച കെവിൻ എത്രയോ ആദരം അര്‍ഹിക്കുന്നുവെന്ന് തന്നെയാണ് ഏവരും ഒരേ സ്വരത്തില്‍ പറയുന്നത്. ഒപ്പം തന്നെ അവധിയില്ലാതെ ജീവിക്കാൻ വേണ്ടി, കുടുംബത്തിന് വേണ്ടി ഇങ്ങനെ ജോലി ചെയ്യുന്നവരെല്ലാം സല്യൂട്ട് അര്‍ഹിക്കുന്നുവെന്നും ഇവര്‍ പറയുന്നു. 

എന്നാല്‍ അവധിയില്ലാതെ ഇങ്ങനെ ജോലി ചെയ്യുന്നത് ശരീരത്തിനും മനസിനും നല്ലതല്ലെന്നും സ്വന്തം ജീവിതം ഇത്തരത്തില്‍ പ്രശ്നഭരിതമാക്കരുതെന്ന് ഉപദേശിക്കുന്നവരും കൂട്ടത്തിലുണ്ട്. എത്ര ആത്മാര്‍ത്ഥമായി ജോലി ചെയ്താലും തൊഴിലുടമകള്‍ അത് കണക്കാക്കിയെന്നോ പരിഗണിച്ചെന്നോ വരില്ലെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇതിനിടെ തനിക്ക് ലഭിച്ച സ്നേഹത്തിനും സഹായത്തിനും നന്ദി പറഞ്ഞുകൊണ്ട് കെവിനും രംഗത്തെത്തിയിട്ടുണ്ട്.

കെവിന്‍റെ വീഡിയോ...

 

Also Read:- മരിച്ചുപോയ അച്ഛന്‍റെ സാന്നിധ്യം എപ്പോഴും അനുഭവിക്കാൻ ഒരു മകള്‍ ചെയ്തത്...

Follow Us:
Download App:
  • android
  • ios