Asianet News MalayalamAsianet News Malayalam

'അയ്യന്റെ പാദം മുതല്‍ ശിരസുവരെ സര്‍വദോഷവും മാറാൻ ശിവഭഗവാൻ ഹൃദയംതൊട്ടുപാടും', മാളികപ്പുറത്തെ പറകൊട്ടിപ്പാട്ട്

പാരമ്പര്യമായി ലഭിക്കുന്ന പാട്ടിന്റെ ഈരടികളില്‍ സര്‍വദോഷ പരിഹാരത്തിനായി ഇവര്‍ ഹൃദയം തൊട്ടുപാടും.

many years since I started listening to Parakottipattu in Sannidhanam ppp
Author
First Published Dec 4, 2023, 7:40 PM IST

സന്നിധാനം: സന്നിധാനത്തു പറകൊട്ടിപ്പാട്ടു സംഗീതം കേൾക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ത്രികാല ദോഷങ്ങളകറ്റാനായാണ് ഭക്തര്‍ പറകൊട്ടിപ്പാട്ട് വഴിപാടാക്കുന്നത്. പരമശിവൻ മലവേടനായി അവതരിച്ച് പറകൊട്ടി പാടി അയ്യപ്പന്റെ ദോഷം തീര്‍ത്തുവെന്നാണ് പറകൊട്ടിപ്പാട്ടിന്റെ ഐതീഹ്യം. ഈ വിശ്വാസപ്രമാണങ്ങളെ ശിരസിലേറ്റുവാങ്ങി മാളികപ്പുറത്തു പറകൊട്ടിപ്പാട്ട് ഇന്നും നടക്കുന്നു.   

പത്തനംതിട്ട ജില്ലയിലെ വേല സമുദായത്തിലുളളവരാണ് പറകൊട്ടിപ്പാട്ടിന്റെ സ്ഥാനീയര്‍. പാരമ്പര്യമായി ലഭിക്കുന്ന പാട്ടിന്റെ ഈരടികളില്‍ സര്‍വദോഷ പരിഹാരത്തിനായി ഇവര്‍ ഹൃദയം തൊട്ടുപാടും. മാളികപ്പുറം ക്ഷേത്രത്തിന് പിന്‍ഭാഗത്തായി പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് പറകൊട്ടി പാട്ട് നടക്കുന്നത്. പറകൊട്ടി പാടുമ്പോള്‍ കേശാദിപാദം എന്ന മന്ത്രം പാട്ട് രൂപത്തിലാണ് പാടുന്നത്. പറ കൊട്ടുമ്പോള്‍ ഓം എന്ന ശബ്ദമാണ് ഉയരുക. പറയുടെ മുന്നിലിരിക്കുന്ന ഭക്തനെ അയ്യപ്പനായും പിന്നിലിരുന്നു പാടുന്നയാളെ പരമശിവനായിട്ടുമാണ് സങ്കല്‍പ്പിക്കുന്നത്. 

പാട്ടിന് ഒടുവില്‍ ഭക്തന്റെ ശിരസില്‍ കൈവെച്ചു നെറ്റിയില്‍ ഭസ്മം വരച്ചനുഗ്രഹിക്കും. ഇതോടെ ഭക്തന്റെയും കുടുംബത്തിന്റെയും പാദം മുതല്‍ ശിരസു വരെയുളള സര്‍വദോഷങ്ങളും മാറുമെന്നാണ് വിശ്വാസം. പരമശിവന്‍ മലവേടന്റെ രൂപത്തില്‍ പന്തളം കൊട്ടാരത്തില്‍ എത്തി പറകൊട്ടി പാടി മണികണ്ഠന്റെ ദോഷങ്ങള്‍ അകറ്റിയതിന്റെ വിശ്വാസ മഹിമയാണ് പറകൊട്ടിപ്പാട്ടിനുളളത്.

പാലാഴി മഥനത്തെ തുടര്‍ന്നു വിഷ്ണു ഭഗവാനു ശനിദോഷം ബാധിച്ചെന്നും ശിവന്‍ വേലനായും പാര്‍വതി വേലത്തിയായും അവതരിച്ചു പറകൊട്ടി പാടി ഭഗവാന്റെ ദോഷമകറ്റിയെന്നും ഐതീഹ്യമുണ്ട്. ശബരിമല ക്ഷേത്രനിര്‍മാണം കഴിഞ്ഞു തീപിടുത്തവും മറ്റ് അനിഷ്ട സംഭവങ്ങളുമുണ്ടായപ്പോള്‍ പന്തളം രാജാവ് ദേവപ്രശ്‌നം വച്ചപ്പോള്‍ അശുദ്ധിയുളളതായി കണ്ടെത്തി.  

ഇതിന് പരിഹാരമായി വേലന്‍മാരെ കൊണ്ട് പറകൊട്ടി പാടണമെന്നും ദേവഹിതത്തില്‍ തെളിഞ്ഞു. അങ്ങനെയാണ് ശബരിമലയില്‍ പറകൊട്ടിപ്പാട്ട്  തുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പതിനെട്ടാം പടിക്കുതാഴെയാണ് പറകൊട്ടി പാട്ട് അരങ്ങേറിയിരുന്നത്. ഇവിടെ തിരക്കു കൂടിയതോടെ സ്ഥലപരിമിതിയെ തുടര്‍ന്നു മണിമണ്ഡപത്തിനു സമീപത്തേക്കു മാറ്റുകയായിരുന്നു. അയ്യപ്പദർശനത്തിനു ശേഷം മാളികപ്പുറത്തെത്തി പറകൊട്ടിപ്പാട്ടു നടത്തുന്നവർ അനവധിയാണ്.

ഒന്നു മിണ്ടണം, അത്രയേ വേണ്ടൂ, ഞാൻ എന്റെ ഭഗവാനെ കണ്ണുനിറച്ചു കണ്ടു; കന്നി മാളികപ്പുറമായി നൂറിൽ പാറുക്കുട്ടിയമ്മ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios