ആശുപത്രി കിടക്കയില്‍ മൂടിവെച്ചിരുന്ന പല്ലവിയുടെ മുഖം നഴ്സുമാര്‍ അഴിക്കുന്ന ഒരു രംഗം. അച്ഛനും സഹോദരിയും കാണ്‍കേ അവള്‍ കണ്ണാടിയില്‍ അവളുടെ ആ മുഖം കാണുന്നു. പിന്നീടൊരിക്കലും കണ്ണാടിയിൽ തന്‍റെ മുഖം കാണാൻ ആഗ്രഹിക്കാത്ത രീതിയിലുളള കാഴ്ച. 'ഉയരെ' സിനിമ കണ്ടവരൊന്നും ഈ കാഴ്ച മറന്നിട്ടുണ്ടാകില്ല.

മനു അശോകന്‍റെ സംവിധാനത്തില്‍ പാര്‍വ്വതി തിരുവോത്ത് മുഖ്യകഥാപാത്രമായി എത്തിയ ചിത്രമാണ് 'ഉയരെ' . ആസിഡ് ആക്രമണത്തിന് ഇരയാകേണ്ടി വന്ന ഒരു പെൺകുട്ടിയുടെ ജീവിതം ചർച്ച ചെയ്ത സിനിമ പ്രമേയം കൊണ്ടും അവതരണം കൊണ്ടും അഭിനയം കൊണ്ടും ശ്രദ്ധേയമായിരുന്നു. പാർവതി അവതരിപ്പിച്ച പല്ലവി എന്ന കഥാപാത്രം ഏറെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തു. ഇതിൽ ആസിഡ് ആക്രമണത്തിന് ഇരയായതിന് ശേഷമുള്ള പാർവ്വതിയുടെ ആ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ബാംഗ്ലൂരില്‍ നിന്നുളള പ്രോസ്തെറ്റിക് ആര്‍ട്ടിസ്റ്റുകളായ സുബി ജോഹല്‍, രാജീവ് സുബ്ബ എന്നിവരാണ്  പാര്‍വ്വതിയുടെ  'ഉയരെ' മേക്ക് ഓവറിന് പിന്നില്‍. ബാംഗ്ലൂരില്‍ 'ഡേട്ടി ഹാന്‍ഡ്സ് സ്റ്റുഡിയോ' എന്ന പേരില്‍ സ്റ്റുഡിയോ നടത്തുന്ന ഇരുവരും 10 വര്‍ഷത്തിലേറെയായി ഈ രംഗത്ത് വര്‍ക്ക് ചെയ്യുന്നവരാണ്. 

അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്നും ബിരുദാനന്തരബിരുദം നേടിയവരാണ് സുബിയും രാജീവും. രാജ്യത്ത് ആദ്യമായി സിലിക്കണ്‍ മോഡലുകള്‍ ഉണ്ടാക്കിയതും ഇവരായിരുന്നു. 33 ബോളിവുഡ് സിനിമകളിലും ഇരുവരും വര്‍ക്ക് ചെയ്തിട്ടുണ്ട്.  ഇവരുടെ ആദ്യ മലയാള ചിത്രമാണ് ഉയരെ.

ചിത്രീകരണത്തിന് മുന്‍പായി പാര്‍വ്വതിയുടെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍ നിര്‍മാതാവുമായി പലതവണ കൈമാറിയാണ് മേക്കപ്പ് തീര്‍ച്ചപ്പെടുത്തിയത്. കൂടാതെ വ്രണം ഉണങ്ങുന്നതായ വ്യത്യസ്ത രൂപമാറ്റങ്ങളും തീരുമാനിച്ചുവച്ചിരുന്നു. മൂന്ന് മുതല്‍ നാല് മണിക്കൂര്‍ സമയം എടുത്താണ് പാര്‍വ്വതിയെ പല്ലവിയാക്കിയെടുത്തതും സുബി പറയുന്നു. 

സുബിയും രാജീവും ആസിഡ് അറ്റാക്കിന് ഇരയായവരെ കണ്ടു സംസാരിച്ചതിന് ശേഷമാണ്  ഉയരെ മേക്ക് ഓവര്‍ ചെയ്തത്.  'ചിത്രത്തിലെ ആസിഡ് അറ്റാക്ക് രംഗത്തിന് ശേഷമുളള പല്ലവിയുടെ ഓരോ മാറ്റങ്ങളും ഞങ്ങള്‍ ചെയ്തു. ഓരോ മാസത്തിലുമുളള മേക്ക് ഓവര്‍ വ്യത്യാസം നിറഞ്ഞതായിരുന്നു' - സുബി പറഞ്ഞു. 

പാർവ്വതിയുടെ ആ മേക്ക് ഓവറിന്‍റെ വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. തന്‍റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പാർവ്വതി തന്നെയാണ് വീഡിയോ പുറത്തു വിട്ടത്.