ഒരു പുരുഷനില്‍ ലൈംഗിക ഉത്തേജനമുണ്ടാക്കുന്ന എന്തെങ്കിലും ബാഹ്യമായ ഘടകമുണ്ടായാല്‍ മാത്രമേ സാധാരണഗതിയില്‍ അയാളില്‍ ഉദ്ധാരണം സംഭവിക്കുകയുള്ളൂ. അങ്ങനെ ആണെങ്കില്‍ പോലും, ഉദ്ധാരണത്തിന് ഒരു നിശ്ചിത ദൈര്‍ഘ്യമുണ്ടായിരിക്കും. ഓരോരുത്തരിലും ഏറ്റക്കുറച്ചിലുണ്ടാകുമെങ്കില്‍ പോലും മിനുറ്റുകള്‍ എന്ന കണക്കില്‍ നിന്ന് ഇത് നീണ്ടുനില്‍ക്കാറില്ല.

ഈ സാഹചര്യത്തില്‍ നിന്ന് വിഭിന്നമായി മണിക്കൂറുകളോളം ഉദ്ധാരണം നീണ്ടുനില്‍ക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. ഈ അവസ്ഥയെ 'പ്രിയാപിസം' (Priapism) എന്നാണ് വിളിക്കുന്നത്. ആദ്യം സൂചിപ്പിച്ചത് പോലെ പുരുഷനില്‍ ലൈംഗിക ഉണര്‍വുണ്ടാക്കുന്ന ബാഹ്യ ഘടകങ്ങളും ഇത്തരം കേസുകളില്‍ ഉണ്ടാകണമെന്നില്ല. അതായക്, മനസിന്റെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി, ഔചിത്യമില്ലാത്ത തരത്തിലുണ്ടാകുന്ന ഉദ്ധാണം എന്ന് വേണമെങ്കില്‍ പറയാം.

'പ്രിയാപിസം' അത്യപൂര്‍വ്വമായ ഒരു രോഗമാണെന്ന് ചിന്തിച്ചെങ്കില്‍ തെറ്റി. ഇന്ത്യയില്‍ പ്രതിവര്‍ഷം 10 ലക്ഷം പേരിലെങ്കിലും ഇത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സാധാരണഗതിയില്‍ ഇത് വളരെ വേദന നിറഞ്ഞ അവസ്ഥയാണ്. അരിവാള്‍രോഗമുള്ളവരിലാണ് പൊതുവേ പ്രിയാപിസം കാണപ്പെടുന്നത്. ഇതിന് കൃത്യമായ കാരണവുമുണ്ട്.

അരിവാള്‍ രോഗികളില്‍ രക്തയോട്ടം കുറഞ്ഞ് രക്തം കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. ലിംഗത്തില്‍ ഇത്തരത്തില്‍ രക്തം കെട്ടിക്കിടക്കുന്നത് പ്രിയാപിസത്തിലേക്ക് നയിക്കുന്നു. അതേസമയം അരിവാള്‍ രോഗികള്‍ മാത്രമല്ല ഇതിന് ഇരകളാകുന്നവരെന്നും ഓര്‍ക്കുക.

മുപ്പത് വയസോ അതിന് മുകളില്‍ പ്രായമുള്ളവരോ ആയ പുരുഷന്മാര്‍ തീര്‍ച്ചയായും പ്രിയാപിസത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. കാരണം ഇത് പിടിപെടുന്നതിനുള്ള പ്രായം മുപ്പതോ അതിന് മുകളിലോ ആണ്.

പ്രിയാപിസം തന്നെ പല തരത്തിലുണ്ട്. ഇത് കൃത്യമായി പരിശോധനയിലൂടെ തിരിച്ചറിഞ്ഞ ശേഷം ആവശ്യമായ ചികിത്സ നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയും. എന്നാല്‍ സമയത്തിന് ചികിത്സ തേടാതെ, ഇത് വച്ചുകൊണ്ടിരിക്കുന്നത് കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്കേ എത്തിക്കൂ.