രണ്ടു പേര്‍ ചേർന്നവതരിപ്പിക്കുന്ന ഇന്ത്യൻ ശാസ്ത്രീയസംഗീതത്തിന്റെ ഒരു രംഗാവതരണമാണ് 'ജുഗൽബന്ദി'. സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു ജുഗൽബന്ദിയാണ്. എന്നാല്‍ ഇവിടെ സ്റ്റാര്‍ ഒരു വളര്‍ത്തുനായ ആണ്. 

യജമാനനൊപ്പം പാട്ടുപാടുന്ന നായയുടെ വീഡിയോ പത്ത് ലക്ഷത്തിലധികം പേരാണ് കണ്ടത്. മുംബൈയിലെ ഒരു കൊമേഡിയനായ രോഹിത് നായർ ആണ് തന്‍റെ വളര്‍ത്തുനായയോടൊപ്പമുള്ള ഈ 'ജുഗൽബന്ദി' വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.  

രോഹിതിന്റെ 'സോ' എന്ന വളർത്തുനായയാണ് ഇവിടെ  ചിരി പടർത്തുന്നത്. രോഹിത് ചില രാഗങ്ങൾ പാടുന്നതിനൊപ്പം നായയും സമാനമായ ശബ്ദം അനുകരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. രോഹിത് ആദ്യം പാടുമ്പോള്‍ പിന്നാലെ സോ അതേ രീതിയിൽ തന്നെ ശബ്ദം അനുകരിക്കുകയാണ്. രോഹിത് നായയെ ഒന്നു ശ്രദ്ധിച്ചശേഷം വീണ്ടും പാട്ട് തുടര്‍ന്നു. നായയും വീണ്ടും ശബ്ദം അനുകരിച്ചു.

മൂന്ന് ദിവസം കൊണ്ട്  വീഡിയോ  16 ലക്ഷം പേരാണ് കണ്ടത്. 5000ന് മുകളില്‍ കമന്‍റുകളും ലഭിച്ചു. ഇതിനു മുന്‍പും രോഹിത് നായയ്ക്കൊപ്പമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. 

 

Also Read: ഈ ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന നായ്ക്കുട്ടിയെ പെട്ടെന്ന് കണ്ടെത്താമോ?...