മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ചൂണ്ടകൾ ശരീരത്തിൽ തറച്ച നിലയിൽ വേദന സഹിച്ചു കഴിയുന്നത് ദശലക്ഷക്കണക്കിന് സ്രാവുകള്‍. ഹവായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ ബയോളജിയിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

മീൻ പിടുത്തത്തിനെത്തുന്നവരുടെ ചൂണ്ടയാണ് ഇവരുടെ ശരീരത്തില്‍ തുളച്ചു കയറുന്നത്.  ശരീരത്തില്‍ കൊളുത്തിയ ബലമേറിയ ചൂണ്ടകൾ വർഷങ്ങളോളം അവയുടെ ശരീരത്തില്‍ തന്നെയുണ്ടാകും എന്നും  ആന്തരിക രക്തസ്രാവവും കോശങ്ങൾ  നശിക്കുന്നതുമടക്കം നിരവധി  ആരോഗ്യ പ്രശ്നങ്ങളാണ്  അവയ്ക്കുണ്ടാകുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

 

ചൂണ്ടകളിൽ കുടുങ്ങുന്ന സ്രാവുകൾ സ്വന്തം ശക്തി ഉപയോഗിച്ച് ചൂണ്ട നൂൽ പൊട്ടിക്കുന്നതോടെ ചൂണ്ട ശരീരത്തിൽ അവശേഷിക്കുന്നതാണ് മറ്റൊരു പ്രധാന കാരണം. ചൂണ്ടയിൽ കുരുങ്ങിയത്‌ സ്രാവാണെന്നറിഞ്ഞ് ചില മീൻ പിടുത്തത്തിനെത്തുന്നവർ അവയെ നൂൽ പൊട്ടിച്ചു വിടാറുണ്ടെങ്കിലും പലപ്പോഴും  സ്രാവുകളുടെ ശരീരത്തുനിന്നും ചൂണ്ട നീക്കം ചെയ്യാറില്ല. 

സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമിതമായ ചൂണ്ടകളാണ് ആളുകൾ ഏറെ ഉപയോഗിക്കുന്നത്. ഇതിനുപകരം കാർബൺ സ്റ്റീൽ ഹുക്കുകൾ ഉപയോഗിക്കാൻ സാധിച്ചാൽ അവ പഴക്കം ചെല്ലും മുൻപ്  മീനുകളുടെ ശരീരത്തിൽ നിന്നും വിട്ടുപോകാൻ സഹായകമാകുമെന്ന് ഗവേഷകർ പറയുന്നു.