കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് നമ്മുടെ ചര്‍മ്മത്തിന്റേയും മുടിയുടേയുമെല്ലാം സ്വഭാവം എളുപ്പത്തില്‍ മാറാറുണ്ട്, അല്ലേ? അങ്ങനെ വരുമ്പോള്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായ തരത്തില്‍ ചര്‍മ്മത്തേയും മുടിയേയും പരിചരിക്കേണ്ടതായും വരും. 

അത്തരത്തില്‍ മഴക്കാലത്ത് എണ്ണമയമുള്ള മുടിയുള്ളവര്‍ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളാണ് വിശദമാക്കുന്നത്. മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായിരിക്കും. ഇത് ചര്‍മ്മത്തേയും മുഖത്തേയും കൂടുതല്‍ എണ്ണമയമുള്ളതാക്കാനേ ഉപകരിക്കൂ. അത്രയും 'ഓയിലി' ആകുന്നത് ചില അവസരങ്ങളില്‍ മുടി കൊഴിച്ചിലിനും ചെറുതായി ചൊറിച്ചില്‍ അനുഭവപ്പെടുന്നതിനുമെല്ലാം ഇടയാക്കാറുണ്ട്. 

അതിനാല്‍ ഈ പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാന്‍ നമുക്ക് ചെയ്യാവുന്ന ചില ടിപ്‌സ് അറിഞ്ഞുവയ്ക്കാം.

ഒന്ന്...

നിര്‍ബന്ധമായും ഒന്നിട വിട്ട ദിവസങ്ങളിലെങ്കിലും മുടി കഴുകുക. ഇടയ്ക്കിടെ മുടി കഴുകുമ്പോള്‍ എണ്ണമയം അകന്നുനില്‍ക്കും. 

രണ്ട്...

മഴക്കാലത്ത് ഉപയോഗിക്കുന്ന ഹെയര്‍ കെയര്‍ പ്രോഡക്ടുകള്‍ നിങ്ങളുടെ മുടിക്ക് യോജിക്കുന്നതല്ലെങ്കില്‍ അത് മാറ്റാം. 

 

 

ഉദാഹരണത്തിന് മുടി ഒരുപാട് 'ഓയിലി' ആവുകയാണെങ്കില്‍ എണ്ണമയമുള്ള മുടിക്ക് വേണ്ടി പ്രത്യേകം ഇറങ്ങുന്ന ഷാമ്പൂകള്‍ ഉപയോഗിക്കാം. അതുപോലെ മറ്റ് ഉത്പന്നങ്ങളും എണ്ണമയമുള്ള മുടിക്കായി പ്രത്യേകം തയ്യാറാക്കിയത് തന്നെ ഉപയോഗിക്കാം. 

ചിലര്‍ മുടിയുടെ സ്വഭാവത്തിന് അനുസരിച്ച് പതിവായി ഒരേ തരം ഹെയര്‍ കെയര്‍ പ്രോഡക്ടുകളാണ് വാങ്ങിക്കുക. എന്നാല്‍ കാലാവസ്ഥയ്ക്കും ഇതില്‍ ഒരു പങ്കുണ്ടെന്ന് മനസിലാക്കുക. 

മൂന്ന്...

മഴക്കാലത്ത് മുടി ഒരുപാട് ഒട്ടിനില്‍ക്കുന്ന അവസ്ഥയാണെങ്കില്‍ ചില പൊടിക്കൈകള്‍ വീട്ടിലും പരീക്ഷിക്കാം. പ്രകൃതിദത്തമായ ഹെയര്‍ പാക്കുകള്‍ തയ്യാറാക്കി പരീക്ഷിക്കാവുന്നതാണ് ഇതിന് മികച്ച ഉദാഹരണമാണ് കറ്റാര്‍വാഴ. 

നാല്...

ചിലര്‍ എപ്പോഴും മുടിയിഴകള്‍ക്കിടയിലും തലയോട്ടിയിലുമെല്ലാം സ്വയം സ്പര്‍ശിച്ചുകൊണ്ടേയിരിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ എപ്പോഴും മുടിയിലും തലയോട്ടിയിലും തൊടുന്നത് വീണ്ടും എണ്ണമയം കൂട്ടിയേക്കും. 

 


അതിനാല്‍ മുടി ബ്രഷ് ചെയ്ത് കെട്ടി വച്ച ശേഷം അധികം തൊടാതെയിരിക്കാം. 

അഞ്ച്...

മഴക്കാലമാണെന്നോര്‍ത്ത് കുടിക്കുന്ന വെള്ളത്തിന്റെ അളവില്‍ പിശുക്ക് കാണിക്കരുത്. ഒപ്പം തന്നെ 'ബാലന്‍സ്ഡ്' ആയ ഒരു ഡയറ്റ് സൂക്ഷിക്കാനും കരുതുക. ഭക്ഷണം തന്നെയാണ് വലിയൊരു പരിധി വരെ മുടിയുടെ ആരോഗ്യത്തില്‍ ആദ്യം പ്രതിഫലിക്കുക.

Also Read:- തലമുടി തഴച്ചു വളരാന്‍ വേണം ഈ അഞ്ച് വിറ്റാമിനുകള്‍...