വെള്ളത്തില്‍ നിന്ന് കരയിലേക്ക് പിടിച്ചിട്ടാല്‍ തീര്‍ന്നു, ഏത് മീനിന്റെയും ചാട്ടം, അല്ലേ? എന്നാല്‍ യാതൊരു പ്രശ്‌നവുമില്ലാതെ കരയില്‍ നാല് ദിവസം വരെ വെള്ളമില്ലാതെ കഴിയാനാകുന്ന മീനിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? കരയില്‍ ജീവിക്കുമെന്ന് മാത്രമല്ല, കരയിലെ ജീവികളെ കൊന്നുതിന്നുക കൂടി ചെയ്താലോ?

ഒരു മീന്‍ പരമാവധി എന്തിനെയെല്ലാം കൊന്നുതിന്നും, അല്ലേ? ചെറുമീനുകളെ, ചെറിയ പ്രാണികളെ എന്നൊക്കെയായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. പക്ഷേ തെറ്റി, മൂന്നടി വരെ വലുപ്പം വളരാന്‍ കഴിവുള്ള 'നോര്‍ത്തേണ്‍ സ്‌നെയ്ക്ക്‌ഹെഡ്' എന്ന് വിളിക്കുന്ന ഈ മീനിന്, വെള്ളത്തില്‍ ജീവിക്കുന്ന പലതരം ജീവികളേയും മീനുകളേയും കഴിക്കാനും, ഇതിന് പുറമെ കരയിലുള്ള തവളകള്‍, പക്ഷികള്‍, ഇഴജന്തുക്കളെപ്പോലുള്ള സസ്തനികളെയും കഴിക്കാനും കഴിയും. 

ചൈനയിലാണ് 'നോര്‍ത്തേണ്‍ സ്‌നെയ്ക്ക്‌ഹെഡ്' ആദ്യമായി കണ്ടെത്തിയത്. പിന്നീട് അമേരിക്കയിലെ പലയിടങ്ങളിലും പല കാലങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ ജോര്‍ജിയയിലാണ് ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള തടാകത്തില്‍ ഇതിനെ കണ്ടെത്തിയിരിക്കുന്നത്. വെള്ളത്തിനും കരയ്ക്കും ഒരുപോലെ ദോഷം ചെയ്യുന്ന മീനിനെ കണ്ടാല്‍ ഉടന്‍ കൊന്നുകളയാനാണ് ഇതോടെ ജോര്‍ജ്ജിയയിലെ വൈല്‍ഡ് ലൈഫ് റിസോഴ്‌സസ് ഡിവിഷന്റെ ഉത്തരവ്. 

പെറ്റുപെരുകാതിരിക്കാനും, കൂടുതല്‍ അപകടങ്ങളുണ്ടാക്കാതിരിക്കാനുമായാണ് ഇവയെ കൊന്നുകളയാന്‍ അധികൃതര്‍ ഉത്തരവിട്ടിരിക്കുന്നത്. കയ്യില്‍ കിട്ടുന്ന പക്ഷം കൊന്നുകളയുക, എന്നിട്ട് ഐസില്‍ സൂക്ഷിക്കുക, കഴിയുമെങ്കില്‍ ഇതിന്റെ ചിത്രങ്ങളും എടുത്ത് സൂക്ഷിക്കണം. ബാക്കിയെല്ലാം വിവരമറിയിച്ചുകഴിഞ്ഞാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നോക്കിക്കോളും.