ഒരുറുമ്പ് കടിച്ചാല്‍ പരമാവധി എന്ത് സംഭവിക്കാനാണ് അല്ലേ? അത്രയും നിസാരക്കാരായാണ് നമ്മള്‍ ഉറുമ്പുകളെ കാണുന്നത്. എന്നാല്‍ ഉറുമ്പുകളുടെ ആക്രമണത്തെ തുടര്‍ന്ന് ഒരു മനുഷ്യജീവന്‍ ഇല്ലാതാകുന്നതിനെ പറ്റി ഒന്നോര്‍ത്ത് നോക്കൂ...

'ബുള്‍ഡോഗ്' ഉറുമ്പുകളെയാണ് ഇത്തരത്തില്‍ ലോകത്ത് വച്ചേറ്റവും അപകടകാരികളായ വിഭാഗക്കാരായി കണക്കാക്കപ്പെടുന്നത്. ഒരൊറ്റ കടിയോടെ ശരാശരി ആരോഗ്യമുള്ള ഒരാളെ പതിനഞ്ച് മിനുറ്റിനകം കൊല്ലാന്‍ പോലുമുള്ള കഴിവ് ഈ ഉറുമ്പിനുണ്ടെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. അത്രയും കൊടിയ വിഷമാണത്രേ ഇവ ഒരു കടിയിലൂടെ ശരീരത്തിലേക്ക് കുത്തിവയ്ക്കുക. 

അസാധ്യമായ വേദനയും, വിഷത്തിന്റെ തീവ്രതയുമാകുമ്പോള്‍ കടി കിട്ടുന്ന നിമിഷത്തില്‍ തന്നെ ബോധം നഷ്ടപ്പെട്ട് വീണ് പോയേക്കാം. ഓസ്‌ട്രേലിയയിലെ ചില തീരപ്രദേശങ്ങളിലാണ് ഇവയെ അധികമായും കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്ന ഇത്തിരിക്കുഞ്ഞന്‍ അപകടകാരി ഇവനല്ല.

'റെഡ് ഫയര്‍' എന്ന വിഭാഗത്തില്‍പ്പെടുന്ന ഉറുമ്പുകളാണ് ഇവ. തെക്കേ അമേരിക്കയിലായിരുന്നു ആദ്യമായി ഇവയെ കണ്ടെത്തിയിരുന്നത്. 'ബുള്‍ഡോഗ്' ഉറുമ്പുകളെ പോലെ തന്നെ, അസഹ്യമായ വേദനയാണ് ഇവയുടെ കടിക്കും. പക്ഷേ കടിച്ചുകഴിഞ്ഞാല്‍ ചെറിയ കുമിളകള്‍ പോലെ ദേഹത്ത് പൊങ്ങും. ഈ അലര്‍ജിയില്‍ നിന്ന് രക്ഷപ്പെട്ടില്ലെങ്കില്‍ മരണം തന്നെ. 

ഏതായാലും അത്രയധികം മരണങ്ങളൊന്നും 'റെഡ് ഫയര്‍' ഉറുമ്പുകള്‍ മൂലമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ കാര്‍ഷിക ഉത്പന്നങ്ങളിലൂടെയും മറ്റ് ഭക്ഷണസാധനങ്ങളിലൂടെയുമെല്ലാം ഇവയുടെ വിഷം പല തരത്തിലും മനുഷ്യരിലേക്കെത്താന്‍ സാധ്യതകളുണ്ട് എന്നതിനാല്‍ ഇവയെ ഇല്ലാതാക്കല്‍ തന്നെയാണ് ഉത്തമം എന്ന് വിദഗ്ധര്‍ പറയുന്നു. 

ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ ഫ്രെമാന്റില്‍ തുറമുഖത്തിലാണ് പലയിടങ്ങളിലായി 'റെഡ് ഫയര്‍' ഉറുമ്പുകളുടെ കോളനികള്‍ കണ്ടെത്തിയിരിക്കുന്നത്. ലോകത്ത് തന്നെ ഇത്ര പെട്ടെന്ന് പെറ്റ് പെരുകി പടരുന്ന മറ്റ് ഉറുമ്പുകളില്ലത്രേ. അത്രയും എളുപ്പത്തില്‍, കണ്ണടച്ച് തുറക്കും മുമ്പ് എന്ന് പറയും പോലെയാണത്രേ ഇവ ഒരു പ്രദേശത്ത് പെരുകുക. 

കൂട്ടമായി കൃഷിയിടങ്ങളിലോ, വീട്ടുപരിസരങ്ങളിലോ ഒക്കെ ഇവര്‍ തമ്പടിക്കും. പിന്നെ ആ സ്ഥലമൊട്ടാകെ അവരുടെ കാല്‍ക്കീഴിലാണ്. മാംസാഹാരികളാണ് ഇവരെന്നതും അല്‍പം ആശങ്കയുണ്ടാക്കുന്നതാണ്. ഇതിനൊപ്പം മധുരവും പ്രിയം തന്നെ. ഇത്രയുമൊക്കെ മതിയല്ലോ, മനുഷ്യന് ശത്രുവായിത്തീരാന്‍!

അതിനാല്‍ തന്നെ ഓസ്‌ട്രേലിയയില്‍ ശക്തമായ നടപടികളുമായി രംഗത്തിറങ്ങുകയാണ് ആരോഗ്യവകുപ്പ്. 'റെഡ് ഫയര്‍' ഉറുമ്പുകളെ കണ്ടെത്തിയ തുറമുഖത്തും പരിസരങ്ങളിലുമെല്ലാം അവയെ തീര്‍ത്തുകളയാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വിഷാംശമുള്ള കീടനാശിനികളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒപ്പം തന്നെ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവും നല്‍കിക്കഴിഞ്ഞു. തെക്കേ അമേരിക്കയില്‍ മാത്രം കണ്ടുവന്നിരുന്ന ഉറുമ്പുകള്‍ ഓസ്‌ട്രേലിയയിലും കണ്ടെത്തിയത് ചെറുതല്ലാത്ത ആശങ്കയാണ് ജനങ്ങളിലുണ്ടാക്കിയിരിക്കുന്നതും.