ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ ഭീഷണിയായി കൊറോണ വൈറസ് മാറുമ്പോള്‍ നിയന്ത്രണ സംവിധാനങ്ങളേര്‍പ്പെടുത്തുന്നതില്‍ പല രാജ്യങ്ങളിലും പാളിച്ചകള്‍ വ്യാപകമാവുകയാണ്. ആളുകള്‍ പരസ്പരം ഇടപഴകുന്നതിനാണ് പ്രധാനമായും കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം വയ്ക്കുന്നത്. എന്നാല്‍ ഈ പ്രാഥമികമായ നിര്‍ദേശം പോലും അനുസരിക്കാനോ വക വയ്ക്കാനോ പലയിടങ്ങളിലും ജനം തയ്യാറാകുന്നില്ലെന്നും അത് നിര്‍ബന്ധിതമാക്കാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ലെന്നുമാണ് വിമര്‍ശനം. 

യുകെയില്‍ നിന്നാണ് ഇത്തരത്തില്‍ വലിയ തോതില്‍ വിമര്‍ശനങ്ങളുയരുന്നത്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ ഒത്തുകൂടുന്ന ഇടങ്ങള്‍ക്ക് താല്‍ക്കാലികമായ വിലക്കോ നിയന്ത്രണമോ ഏര്‍പ്പെടുത്താന്‍ കഴിയേണ്ടതുണ്ട്. എന്നാല്‍ ഇവിടെ പബ്ബുകളും അതിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ബാറുകളുമെല്ലാം പലയിടങ്ങളിലും പതിവ് പോലെ തിങ്ങിനിറഞ്ഞാണ് കാണപ്പെടുന്നത് എന്നാണ് ആരോപണം. 

കൊറോണ വൈറസിന്റെ വിഷയത്തില്‍ തന്നെ പല കര്‍ശന നടപടികളും കൈക്കൊണ്ട പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് യുകെയില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുള്‍പ്പെടെ ഉയര്‍ന്നുകേള്‍ക്കുന്ന പ്രധാന പരാതി. 

 

 

കൊറോണ വൈറസിന്റെ വരവിനെ തുടര്‍ന്ന് യുകെയില്‍ പബ് വ്യവസായം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത് എന്ന തരത്തില്‍ നേരത്തേ വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ പല സ്ഥലങ്ങളിലും പബുകള്‍ തുറന്ന് തന്നെയാണിരിക്കുന്നതെന്നും ഇവിടെ സാധാരണസമയങ്ങളെ പോലെ തന്നെ തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നുമാണ് ഇപ്പോഴുയരുന്ന വാദം. 

 

 

144 പേരാണ് ഇതുവരെ യുകെയില്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. 47 മുതല്‍ 96 വയസ് വരെ പ്രായമുള്ളവരാണ് മരിച്ചവരിലുള്‍പ്പെടുന്നത്. ആയിരക്കണക്കിന് പേരാണ് ഇവിടെ നിരീക്ഷണത്തില്‍ കഴിയുന്നത്. വരും ദിവസങ്ങളിലും യുകെയിലെ സ്ഥിതി മോശമാവുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ഇത്തരമൊരു സാഹചര്യത്തില്‍ പബുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് തന്നെ വഴിയൊരുക്കിയേക്കാം.