Asianet News MalayalamAsianet News Malayalam

ഭര്‍ത്താവിന്റെയും കാമുകിയുടെയും ഫോട്ടോ കണ്ട് സമനില തെറ്റി; അഞ്ച് മക്കളെയും കൊന്ന് യുവതി

ഒന്നും രണ്ടും മൂന്നും വയസുള്ള പെണ്‍മക്കളെ ബാത്ത്ടബ്ബില്‍ മുക്കി കൊലപ്പെടുത്തുകയും, ആറും എട്ടും വയസുള്ള ആണ്‍മക്കളെ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നുവത്രേ. കൊലയ്ക്ക് ശേഷം മൃതദേഹങ്ങളെല്ലാം ടവലില്‍ പൊതിഞ്ഞ് മുറിയില്‍ സൂക്ഷിച്ച ശേഷം, ഇവര്‍ ആത്മഹത്യക്കും ശ്രമിച്ചു
 

mother killed her own five children in germany
Author
Frankfurt, First Published Nov 4, 2021, 6:16 PM IST
  • Facebook
  • Twitter
  • Whatsapp

കുടുംബപ്രശ്‌നങ്ങള്‍ മൂലം ആത്മഹത്യ (Commit Suicide ) ചെയ്യുന്നവരും കൊലപാതകത്തിലേക്ക് ( Murder ) എത്തിച്ചേരുന്നവരും ഏറെയാണ് ഇന്ന്. ഇത്തരം വാര്‍ത്തകള്‍ നിത്യേന നമ്മള്‍ മാധ്യമങ്ങളിലൂടെ വായിക്കുകയും അറിയുകയും ചെയ്യുന്നുണ്ട്. എന്നിട്ടും സമാനമായ സംഭവങ്ങളുടെ ആവര്‍ത്തനം ഉണ്ടാകുന്നു.

പലപ്പോഴും അവിശ്വസനീയമായി തോന്നുന്ന തരത്തിലാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത്. എങ്ങനെയാണ് ഇങ്ങനെ ചിന്തിക്കാന്‍ സാധിക്കുകയെന്നും ഇങ്ങനെ ചെയ്യാന്‍ സാധിക്കുകയെന്നും നമ്മെ അത്ഭുതപ്പെടുത്തുന്ന സംഭവങ്ങള്‍. 

അങ്ങനെയൊരു വാര്‍ത്തയാണ് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നത്. തന്റെ ആറ് മക്കളില്‍ അഞ്ച് മക്കളെയും കൊന്നൊടുക്കിയ ഒരമ്മ. 28 വയസ് മാത്രം പ്രായമുള്ള യുവതിയാണ് കേസിലെ പ്രതി. ഇവര്‍ക്ക് കോടതി ആജീവനാന്തം തടവാണ് വിധിച്ചിരിക്കുന്നത്. 15 വര്‍ഷത്തേക്ക് പരോള്‍ പോലും ലഭ്യമല്ലാത്ത വിധത്തില്‍ കഠിനമായ ശിക്ഷ. 

ഒരു വയസ് മുതല്‍ എട്ട് വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് വെള്ളത്തില്‍ മുക്കിയും ശ്വാസം മുട്ടിച്ചും ഇവര്‍ കൊലപ്പെടുത്തിയത്. ഇതിനുള്ള കാരണമായി പൊലീസ് പറഞ്ഞ സംഭവമാണ് ഏറെ ശ്രദ്ധേയം. തന്നില്‍ നിന്ന് പിരിഞ്ഞ് ജീവിക്കുന്ന ഭര്‍ത്താവും കാമുകിയുമൊത്തുള്ള ഫോട്ടോ ഇവര്‍ കാണാനിടയായത്രേ. 

തുടര്‍ന്ന് ഭര്‍ത്താവിന് ഇവര്‍ മെസേജ് അയക്കുകയും ചെയ്തു. ഇനി ഒരിക്കലും നിങ്ങള്‍ നിങ്ങളുടെ മക്കളെ കാണില്ലെന്നായിരുന്നു സന്ദേശം. തുടര്‍ന്നാണ് യുവതി മക്കളെ കൊന്നതെന്നും പൊലീസ് പറയുന്നു. 

ആറാമത്തെ മകന്‍ സ്‌കൂളില്‍ പോയതിനാല്‍ ഈ ദുരന്തത്തില്‍ നിന്ന് ഭാഗ്യവശാല്‍ രക്ഷപ്പെട്ടു. മറ്റ് കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ മയക്ക് ഗുളിക ചേര്‍ത്ത് നല്‍കി, ഉറക്കിയ ശേഷമായിരുന്നു യുവതി കൃത്യം നടത്തിയതെന്നും പൊലീസ് പറയുന്നു. ഒന്നും രണ്ടും മൂന്നും വയസുള്ള പെണ്‍മക്കളെ ബാത്ത്ടബ്ബില്‍ മുക്കി കൊലപ്പെടുത്തുകയും, ആറും എട്ടും വയസുള്ള ആണ്‍മക്കളെ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നുവത്രേ. 

കൊലയ്ക്ക് ശേഷം മൃതദേഹങ്ങളെല്ലാം ടവലില്‍ പൊതിഞ്ഞ് മുറിയില്‍ സൂക്ഷിച്ച ശേഷം, ഇവര്‍ ആത്മഹത്യക്കും ശ്രമിച്ചു. അടുത്തുള്ള റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് തലവച്ച് മരിക്കാനായിരുന്നു ഉദ്ദേശം. എന്നാല്‍ ഇവിടെ നിന്ന് ആരെല്ലാമോ ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി. 

പൊലീസിന്റെ പിടിയിലായ ശേഷവും താനാണ് മക്കളെ കൊന്നതെന്ന് ഇവര്‍ സമ്മതിച്ചില്ല. മുഖംമൂടിയണിഞ്ഞ ഒരാള്‍ വീടിനകത്തേക്ക് അതിക്രമിച്ചുകയറിയെന്നും അയാളാണ് കുട്ടികളെ കൊലപ്പെടുത്തിയത് എന്നുമായിരുന്നു ഇവരുടെ ആദ്യത്തെ മൊഴി. എന്നാല്‍ വൈകാതെ തന്നെ പൊലീസ് സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കി.

കുടുംബപ്രശ്‌നങ്ങളുടെ അനുബന്ധമായി ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണം കുറയുന്നില്ല എന്നത് ആശങ്കാജനകമാണ്. ദേശ-ഭാഷാവ്യത്യാസമില്ലാതെ എവിടെയും ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. അമ്മയെ കൊലപ്പെടുത്തുന്ന മകന്‍, ഭാര്യയെയോ ഭര്‍ത്താവിനെയോ കൊലപ്പെടുത്തുന്നവര്‍, മക്കളെ കൊന്ന് ആത്മഹത്യ ചെയ്യുന്നവര്‍... എന്നിങ്ങനെ എത്ര വാര്‍ത്തകളാണ് ഓരോ ദിവസവും നാം കാണുന്നത്. 

പ്രശ്‌നങ്ങളെ നേരിടുമ്പോള്‍ സമചിത്തതയോടെ അതിനെ പരിഹരിക്കാന്‍ ശ്രമിക്കാതെ, വൈകാരികമായി അതില്‍ മുങ്ങിത്താഴുന്നത് തന്നെയാണ് ഇങ്ങനെയുള്ള ദുരന്തങ്ങളിലേക്ക് വ്യക്തികളെ നയിക്കുന്നതെന്ന് നിസംശയം പറയാം. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അവബോധവും കാര്യമായിത്തന്നെ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും ഇങ്ങനെയുള്ള വാര്‍ത്തകള്‍ ഉയര്‍ത്തുന്നുണ്ട്. എത്ര വലിയ പ്രശ്‌നമാണെങ്കിലും അതിന് തീര്‍ച്ചയായും ഏതെങ്കിലും വിധത്തിലുള്ള പരിഹാരങ്ങള്‍ മുന്നില്‍ വരുമെന്ന് ചിന്തിക്കാന്‍ ഏവര്‍ക്കും സാധിക്കണം. സ്വയവും പ്രിയപ്പെട്ടവര്‍ക്കും ഇതിന് സമയം നല്‍കണം. മറ്റുള്ളവരിലേക്കും അവരവരിലേക്കും ഇത്തരം മാനസികസംഘര്‍ഷങ്ങളുടെ അനന്തരഫലങ്ങള്‍ അടിച്ചേല്‍പിക്കുന്നത് തീര്‍ച്ചയായും 'കുറ്റകൃത്യം' തന്നെയാണ്.

Also Read:- സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയ ഒരമ്മ; ദിവ്യക്ക് പറയാനുള്ളത്...

Follow Us:
Download App:
  • android
  • ios