ഓംസ്ക്, റഷ്യ :  സ്വെറ്റ്ലാനയുടെ രണ്ടു വയസ്സുകാരിയായ മകൾ വല്ലാത്ത വികൃതിയായിരുന്നു. കയ്യിൽ കിട്ടുന്നതെന്തും അവൾ കഷ്ണങ്ങളാക്കി നിമിഷങ്ങൾക്കകം വലിച്ചെറിയും.  ഒരു ദിവസം, ഏതാനും നിമിഷങ്ങൾ കുട്ടിയിൽ നിന്നും സ്വെറ്റ്ലാനയുടെ ശ്രദ്ധ തിരിഞ്ഞു. കുഞ്ഞിനെ കാണാതെ അന്വേഷിച്ച് ചെന്ന് നോക്കിയപ്പോൾ കാണുന്ന കാഴ്ച അവരുടെ സകല നിയന്ത്രണങ്ങളും തെറ്റിച്ചു. അടുക്കളയിലെ അലമാരയിൽ നിന്നും ഒരു പാക്കറ്റ് ഫ്രഷ് ബ്രെഡ് പാക്കറ്റ് തുറന്ന് ഓരോ സ്ലൈസ് ആയി എടുത്ത്, കഷ്ണം കഷ്ണമാക്കി തറയിൽ വലിച്ചെറിഞ്ഞു കളിക്കുകയാണ് മകൾ. ഏതാണ്ട് പകുതിയോളം ബ്രഡ് കഷ്ണങ്ങളായി തറയിലെ അഴുക്കിൽ കിടക്കുന്നു. 

അവർക്ക് ദേഷ്യം കൊണ്ട് കണ്ണുകാണാൻ വയ്യാത്ത അവസ്ഥയായി. അപ്പോൾ വന്ന കോപത്തിന് കുഞ്ഞിനെ കയ്യിലെടുത്ത് മടിയിൽ മലർത്തിക്കിടത്തി ബാക്കിവന്ന ബ്രെഡ് അത്രയും അവളുടെ വായിലേക്ക് ബലം പ്രയോഗിച്ച് കുത്തിക്കയറ്റിക്കളഞ്ഞു സ്വെറ്റ്ലാന. തന്റെ ദേഷ്യം അടങ്ങും വരെ ബ്രെഡ് മകളുടെ വായിലേക്ക് കുത്തിക്കെട്ടിക്കൊണ്ടിരുന്നു അവർ. മകളാകട്ടെ അവളെക്കൊണ്ടാവും പോലെ അമ്മയുടെ മടിയിൽ കിടന്നു പിടയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.

 ഒടുവിൽ മകളുടെ അനക്കം നിന്നപ്പോഴാണ് അവർ നിർത്തിയത്.  പക്ഷേ, അപ്പോഴേക്കും, അമ്മയുടെ ഈ അതിക്രമ മകളുടെ ജീവനെടുത്തു കഴിഞ്ഞിരുന്നു. തൊണ്ടയിൽ ബ്രെഡ് കുടുങ്ങി ശ്വസിക്കാൻ കഴിയാതെ ആ പാവം മരിച്ചു പോയി. 

 അമ്മയുടെ ദേഷ്യം അടങ്ങിയപ്പോഴേക്കും രണ്ടു വയസ്സുകാരിയായ മകൾക്ക് ജീവൻ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് അവരുടെ മൂന്നു വയസ്സുകാരനായ മകനും ആ മുറിക്കുള്ളിൽ ഉണ്ടായിരുന്നു. 

ദേഷ്യമടങ്ങിയതോടെ തനിക്ക് പറ്റിയ അബദ്ധം അവർ തിരിച്ചറിഞ്ഞു. പൊലീസ് പിടിയിൽ അകപ്പെടുമോ എന്ന് ഭയന്ന് അവർ തന്റെ കാമുകനെ വിളിച്ചു വരുത്തി. ഒരു നീല ടവ്വലിൽ ചുറ്റി, തന്റെ മകളുടെ മൃതദേഹം ഒരു എയർബാഗിനുള്ളിൽ നിറച്ച് അയാളെ ഏൽപ്പിച്ചു.  അത് ആരും കാണാത്ത എവിടെയെങ്കിലും കൊണ്ട് ഒളിപ്പിക്കാൻ അവർ അയാൾക്ക് നിർദ്ദേശം നൽകി.  ബാഗും കൊണ്ട് പുറത്തേക്കു പോയ അയാൾ പിന്നീട് ആ വീട്ടിലേക്കു തിരികെ വന്നില്ല. മദ്യത്തിന് അടിമയായ അയാൾ അമിതമായ മദ്യപാനം കാരണം മരണപ്പെട്ടു എന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ അയാൾ ആ മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചത് എന്ന് ഇനിയും വെളിപ്പെട്ടിട്ടില്ല. 

ഈ സംഭവങ്ങൾക്കു ശേഷം സ്വെറ്റ്ലാന ഒന്നും സംഭവിക്കാത്തത് പോലെ ജീവിതം തുടർന്നു. എന്നും  പുറത്ത് നടക്കാനൊക്കെ ഇറങ്ങിയിരുന്നത്, മകനെ മാത്രം കൂടെ കൂട്ടിക്കൊണ്ടായിരുന്നു. എന്നാൽ, ഇടയ്ക്കിടെ കണ്ടുകൊണ്ടിരുന്ന, രണ്ടുവയസ്സുകാരിയായ വികൃതിക്കുരുന്നിനെ ഒരു ദിവസം പെട്ടെന്ന് കാണാതായപ്പോൾ, അയൽ പക്കക്കാർക്ക് സംശയമായി. അവർ നേരെ പോലീസിൽ വിവരമറിയിച്ചു. 

പൊലീസ് വന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ അവരുടെ കള്ളങ്ങളൊക്കെയും പൊളിഞ്ഞുവീണു. തനിക്ക് പറ്റിപ്പോയ കയ്യബദ്ധത്തെപ്പറ്റി സ്വെറ്റ്ലാന പൊലീസിനോട് കുറ്റസമ്മതം നടത്തി. അവർ ഇപ്പോൾ കൊലപാതകത്തിന് വിചാരണ നേരിടുകയാണ്. കുഞ്ഞിനെ ഒന്ന് ശിക്ഷിക്കണം എന്നു മാത്രമാണ് താൻ കരുതിയത് എന്നും, മരിച്ചു പോവും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല എന്നും അവർ പറഞ്ഞു. 

ഈ  മനസ്സ് മരവിപ്പിക്കുന്ന രംഗങ്ങൾക്കൊക്കെ മൂകസാക്ഷിയാവേണ്ടി വന്ന ആ മൂന്നുവയസ്സുകാരനെ കോടതി താൽക്കാലികമായി ഒരു അനാഥാലയത്തിലേക്ക് അയച്ചിരിക്കുകയാണ്.