''ഈ 'പൊട്ടന്‍' വിളി ഞാന്‍ ഇപ്പോള്‍ ഒന്നും അല്ല കേള്‍ക്കുന്നത്. അടുത്ത ബന്ധുക്കള്‍ അവന്‍ പൊട്ടനാണ് എന്ന് പറഞ്ഞിട്ടുണ്ട്. അവരൊക്കെ എന്റെ മുമ്പില്‍ നിര്‍ലോഭം അവനെ താലോലിക്കുന്നത് കണ്ട് നിസംഗമായി ഇരിക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്...''

ഓട്ടിസ്റ്റിക് ആയ മകനെ അപമാനിക്കുന്ന രീതിയില്‍ കമന്റ് ചെയ്തയാള്‍ക്കെതിരെ അമ്മയുടെ ശ്രദ്ധേയമായ കുറിപ്പ്. കോട്ടയം സ്വദേശിയായ പ്രീത ജി പിയാണ് ഫേസ്ബുക്കില്‍ മകനെ അപമാനിക്കുന്ന തരത്തില്‍ വന്ന കമന്റിനെതിരെ വിശദമായ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. 

വിവാഹമോചിതയായ പ്രീത തനിയെ ആണ് മകനെ വളര്‍ത്തുന്നത്. ഓട്ടിസ്റ്റിക് ആയ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ജോലിയാണെന്ന് നമുക്കെല്ലാം അറിയാം. ഇതിന്റെ വിവിധ വശങ്ങളെ കുറിച്ച് തന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ പ്രീത എഴുതിയ കുറിപ്പുകളെല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. 

കഴിഞ്ഞ ദിവസം പ്രീത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മകനെ 'പൊട്ടന്‍' എന്ന് വിളിച്ച് അപരിചിതനായ ഒരാള്‍ അപമാനിക്കുകയായിരുന്നു. തുടര്‍ന്ന് പ്രീത ഇതിനുള്ള പ്രതികരണം അറിയിക്കുകയായിരുന്നു. സാമൂഹികമായ പരിഗണന അര്‍ഹിക്കുന്ന തന്റെ മകനെ പോലെയുള്ള നിരവധി പേര്‍ക്ക് വേണ്ടിയാണ് താന്‍ പ്രതികരിച്ചതെന്നും ഇത്തരം പെരുമാറ്റങ്ങള്‍ മാനസികപ്രശ്‌നങ്ങളുടെ പ്രതിഫലനമായാണ് താന്‍ കണക്കാക്കുന്നതെന്നും പ്രീത പറയുന്നു. 

പ്രീത പങ്കുവച്ച കുറിപ്പ് വായിക്കാം...

കഴിഞ്ഞ ദിവസം മോന്റെ ഫോട്ടോയ്ക്ക് താഴെ ആരോ പൊട്ടന്‍ ചെക്കന്‍ എന്നു കമന്റിട്ടിരുന്നു. സുഹൃത്തുക്കള്‍ക്ക് പലര്‍ക്കും അത് ബുദ്ധിമുട്ടാകുകയും ചിലര്‍ അവനെ തെറി വിളിക്കുകയും ഒക്കെ ചെയ്തു. ചിലര്‍ കമന്റ് ഡിലീറ്റ് ചെയ്ത് അവനെ ബ്ലോക്ക് ചെയ്യാത്തതില്‍ എന്നോട് പരിഭവിച്ചു.

ഏതായാലും ഞാന്‍ അവനോട് നിന്റെ നമ്പര്‍ ഒന്നു തന്നേ എന്നു പറഞ്ഞു. 'നീ എന്നെ തൂക്കി കൊല്ലുമോ'യെന്നു ചോദിച്ച് അവന്‍ നമ്പര്‍ തന്നു. ആ നമ്പറില്‍ പല തവണ ഞാന്‍ വിളിച്ചെങ്കിലും മഹാത്മാവ് ഫോണ്‍ എടുത്തില്ല.

'Now can't talk', 'busy', 'whats up' എന്നൊക്കെ മെസേജ് വന്നു. പാതിരാത്രിക്കും പുള്ളി ബിസിയായിരുന്നു, ഫുള്‍ ടൈം. ആ കമന്റ് ത്രെഡ് കണ്ടവര്‍ പലരും ആ നമ്പറില്‍ വിളിച്ചെന്നു തോന്നുന്നു? 

ഏതായാലും പിറ്റേന്ന് നോക്കുമ്പോള്‍ കക്ഷി കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. അവിടെ അതിനെ എതിര്‍ത്തവരെയൊക്കെ പച്ചത്തെറി പറഞ്ഞ അവന്‍ ഒരിക്കല്‍ പോലും എന്റെ ഫോണ്‍ എടുത്തില്ല.

ഇനിയും ഇതുപോലെ ഒരവസരത്തില്‍ അങ്ങനെ ഒരു കമന്റിടാന്‍ അവന്‍ രണ്ടു തവണ ആലോചിക്കും. ഞാനത് ഡിലീറ്റ് ചെയ്തിട്ടു പോയിരുന്നു എങ്കില്‍ എന്നെ വേദനിപ്പിക്കാന്‍ കഴിഞ്ഞു എന്ന ആത്മസംതൃപ്തിയില്‍ അവന്‍ വീണ്ടും പലയിടത്തും അതാവര്‍ത്തിക്കുകയും ചെയ്യും. 

പിന്നെ മോനെ 'പൊട്ടന്‍' എന്നൊക്കെ വിശേഷിപ്പിച്ചാല്‍ എനിക്ക് വേദനിക്കും എന്ന് ആരെങ്കിലും കരുതിയാല്‍ അത് നിങ്ങടെ ഭാവന മാത്രമാണ്. എനിക്കു പുല്ലാണ്. അവനും നിന്റെ ഒക്കെ സോ കോള്‍ഡ് നോര്‍മല്‍ ലോകത്തിലെ വാക്കുകളും തെറികളും അഭിനന്ദനങ്ങള്‍ക്കും ഒക്കെ പുറത്താണ്.

2 , 8, B ഇതൊക്കെ അല്ലാതെ പുള്ളിക്കു ഒന്നും അറിയില്ല എന്റെ അറിവില്‍. പിന്നെ ഈ 'പൊട്ടന്‍' വിളി ഞാന്‍ ഇപ്പോള്‍ ഒന്നും അല്ല കേള്‍ക്കുന്നത്. അടുത്ത ബന്ധുക്കള്‍ 'അവന്‍ പൊട്ടനാണ് ' എന്ന് പറഞ്ഞിട്ടുണ്ട്. അവരൊക്കെ എന്റെ മുമ്പില്‍ നിര്‍ലോഭം അവനെ താലോലിക്കുന്നത് കണ്ട് നിസംഗമായി ഇരിക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്.

നിങ്ങളുടെ നോര്‍മല്‍ ലോകത്തു ഇതൊക്കെ വളരെ സ്വഭാവികവുമാണല്ലോ? നോര്‍മലുകളുടെ വ്യവസ്ഥയെ പുല്ലുപോലെ വെല്ലുവിളിച്ചതു കൊണ്ട് അവള്‍ അതൊക്കെ അനുഭവിക്കണമെന്ന് ഉള്ളില്‍ ആഗ്രഹിക്കുകയും, അടക്കിവെയ്ക്കാതെ പറഞ്ഞവരേയും ഒക്കെ എനിക്കറിയാം.

എന്നെ തോല്‍പ്പിക്കാന്‍ 'വല്ല്യ നോട്ടം നോക്കിയിട്ടാടി ഇങ്ങനെ ആയിപ്പോയതന്നു' എന്നോട് പല തവണ പറഞ്ഞ ഒരു വ്യക്തിക്കൊപ്പമായിരുന്നു ഞാന്‍ അവനു എട്ട് വയസ്സാകുന്നതു വരെ ജീവിച്ചത്.

so... പുല്ലാണേ പുല്ലാണേ... പോലീസ് എനിക്ക് പുല്ലാണേ...

Also Read:- 'ആർത്തവം സാധാരണമാണ്, കുട്ടികളുടെ പുസ്തകങ്ങളിൽ നിന്നും ലൈംഗിക പഠന പേജുകൾ ഒഴിവാക്കരുത്'; ജ്യോത്സ്നയുടെ കുറിപ്പ്