മുംബൈ: കൊവിഡ് 19 രോഗികള്‍ക്ക് ഓക്സിജന്‍ സിലിണ്ടര്‍ വാങ്ങാനായി സ്വന്തം എസ് യു വി വിറ്റ് പണം കണ്ടെത്തി യുവാവ്. മുംബൈ മലാഡ് സ്വദേശിയും മുപ്പത്തൊന്നുകാരനുമായ ഷാനവാസ് ഷെയ്ഖ് ആണ് കൊവിഡ് 19 രോഗികളെ സഹായിക്കാനായി എസ് യു വി വിറ്റത്. ലോക്ക്ഡൌണ് കാലത്ത് തന്‍റെ ഫോര്‍ഡ് എന്‍ഡെവര്‍ കാര്‍ ആംബുലന്‍സ് ആയി ഉപയോഗിക്കുകയായിരുന്നു ഷാനവാസ്.

ബിസിനസ് പങ്കാളിയുടെ ആറുമാസം ഗര്‍ഭിണിയായ സഹോദരി കൊവിഡ് 19 ബാധിച്ച് മെയ് 28 ന് മരിച്ചതോടെയാണ് തീരുമാനം. അഞ്ച് ആശുപത്രികളില്‍ എത്തിച്ചെങ്കിലും അധികൃതര്‍ മുഖം തിരിച്ചതോടെ വഴിയില്‍ ഓട്ടോറിക്ഷയിലായിരുന്നു ഗര്‍ഭിണിയായ യുവതി മരിച്ചത്. ചില ആശുപത്രികളില്‍ ബെഡുകള്‍ ഒഴിവില്ലെന്നും ചിലര്‍ വെന്‍റിലേറ്ററുകള്‍ ഇല്ലെന്നുമായിരുന്നു പ്രതികരിച്ചത്. ആറാമത്തെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് അവളുടെ ജീവന്‍ നഷ്ടമായതെന്ന് ഷാനവാസ് മുംബൈ മിററിനോട് പ്രതികരിച്ചു. 

കൃത്യ സമയത്ത് ഓക്സിജന്‍ ലഭ്യമായിരുന്നുവെങ്കില്‍ യുവതി രക്ഷപ്പെട്ടേനെയെന്നായിരുന്നു ആരോഗ്യവിദ്ധരുടെ നിരീക്ഷണം. ഇതോടെയാണ് എസ് യു വി വിറ്റ് ഓക്സിജന്‍ സിലിണ്ടര്‍ വാങ്ങാന്‍ തീരുമാനിച്ചത്. നിര്‍മ്മാതാക്കളോട് ഓക്സിജന്‍ സിലിണ്ടര്‍ വാങ്ങുന്നതിന്‍റെ കാരണം അറിയിച്ചതോടെ സിലിണ്ടറ്ന്‍റെ കാര്യത്തില്‍ അവരും ഉദാരമതികളായെന്ന് ഷാനവാസ് പ്രതികരിച്ചു. 

ജൂണ്‍ 5 മുതല്‍ കൊവിഡ് 19 രോഗികള്‍ക്ക് സൌജന്യമായി ഓക്സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യുകയാണ് ഷാനവാസ്. 250 കുടുംബങ്ങള്‍ക്കാണ് ഇതിനോടകം ഷാനവാസിന്‍റെ സഹായമെത്തിയിട്ടുള്ളത്. ഓക്സിജന്‍ സിലിണ്ടര്‍ ആവശ്യപ്പെട്ട് വിളിക്കുന്നവരോട് രണ്ട് കാര്യമാണ് ഷാനവാസ് തിരക്കുന്നത്. ഓക്സിജന്‍ ഉപയോഗിക്കാന്‍ ഡോക്ടറുടെ നിര്‍ദ്ദേശമുണ്ടോ, സിലിണ്ടര്‍ സ്വയം എടുത്ത് കൊണ്ട് പോകാനുള്ള സാഹചര്യമുണ്ടോ എന്ന്. കുടുംബം മുഴുവന്‍ ക്വാറന്‍റൈന്‍ ആയിരിക്കുന്ന സാഹചര്യമാണെങ്കില്‍ ഷാനവാസും സുഹൃത്തുക്കളും ചേര്‍ന്ന് ഓക്സിജന്‍ സിലിണ്ടര്‍ എത്തിച്ച് നല്‍കും. ഓക്സിജന്‍ സിലിണ്ടറുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് കെയര്‍ ഹോസ്പിറ്റലിലെ വിദഗ്ധര്‍ നല്‍കുന്ന വീഡിയോ പരിശീലനവും ആവശ്യക്കാര്‍ക്ക് വിശദമാക്കിയ ശേഷമാണ് ഷാനവാസ് മടങ്ങുക. 

ഒരാളുടെ ജീവന്‍ രക്ഷിക്കാനായി കാര്‍ വേണ്ടെന്ന് വയ്ക്കുന്നത് അത്രവലിയ കാര്യമൊന്നുമല്ല. കുടുംബം നമ്മുടെ പ്രവര്‍ത്തികള്‍ പിന്തുണയ്ക്കുന്നതാണ് ഏറ്റവും വലിയ കാര്യമെന്നാണ് ഷാനവാസ് മുംബൈ മിററിനോട്  പ്രതികരിച്ചചത്. 

ചിത്രത്തിന് കടപ്പാട് മുംബൈ മിറര്‍