Asianet News MalayalamAsianet News Malayalam

13 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച പൌരത്വം നഷ്ടമാക്കിയത് ഭാര്യക്ക് നല്‍കിയ വാഗ്ദാനം

2002ല്‍ ജര്‍മ്മനിയില്‍ എത്തിയ ഡോക്ടര്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിറിയന് പശ്ചാത്തലമുള്ള യുവതിയെ വിവാഹം ചെയ്തിരുന്നു. വിവാഹസമയത്ത് പ്രതിശ്രുത വധുവിന് നല്‍കിയ വാഗ്ദാനമായിരുന്നു മുസ്ലിം ഡോക്ടറുടെ ഷെയ്ക്ക് ഹാന്‍ഡ് വിരോധത്തിന് കാരണം.

Muslim doctor who refused to shake womans hand lose right to become citizen in germany
Author
Berlin, First Published Oct 19, 2020, 10:54 PM IST

പതിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച പൌരത്വം നഷ്ടമാക്കിയത് ഒരു 'ഷെയ്ക്ക് ഹാന്‍ഡ്'. വനിതാ ഉദ്യോഗസ്ഥയ്ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കാന്‍ തയ്യാറാകാതിരുന്ന മുസ്ലിം ഡോക്ടര്‍ക്കാണ് ജര്‍മ്മനിയില്‍ പൌരത്വം നിഷേധിച്ചത്. ഏറെക്കാത്തിരുന്നു പൌരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറ്റം ചെയ്യുന്നതിനിടെയുള്ള ഷെയ്ക്ക് ഹാന്‍ഡാണ് ലെബനീസ് ഡോക്ടറുടെ ജര്‍മ്മന്‍ പൌരത്വത്തിന് വെല്ലുവിളിയായത്. 

മെഡിക്കല്‍ പഠനത്തിന് ശേഷം കഴിഞ്ഞ 13 വര്‍ഷമായി താമസിക്കുന്ന വ്യക്തിയാണ് ഈ ഡോക്ടര്‍. ഉയര്‍ന്ന മാര്‍ക്കോടെ പൌരത്വ പരീക്ഷ പാസായ ശേഷമാണ് കൈത്തുമ്പില്‍ നിന്ന് ജര്‍മ്മന്‍ പൌരത്വം നഷ്ടമായത്. 2015ലായിരുന്നു വനിതാ ഉദ്യോഗസ്ഥയ്ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കാന്‍ വിസമ്മതിച്ചതിന് മുസ്ലിം ഡോക്ടര്‍ക്ക് പൌരത്വം നിഷേധിച്ചത്. തീരുമാനത്തിനെതിരെ ഡോക്ടര്‍ കോടതിയെ സമീപിച്ചിരുന്നു.

അഞ്ച് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് അവസാനമാണ് കോടതി ഉദ്യോഗസ്ഥരുടെ നിലപാടിനെ പിന്തുണച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്. മതമൗലികവാദത്തിന് അനുകൂലിച്ചുള്ള കാഴ്ചപ്പാട് രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാകുമെന്നാണ് കോടതിയുടെ നിരീക്ഷണം. 2002ല്‍ ജര്‍മ്മനിയില്‍ എത്തിയ ഡോക്ടര്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിറിയന് പശ്ചാത്തലമുള്ള യുവതിയെ വിവാഹം ചെയ്തിരുന്നു. വിവാഹസമയത്ത് പ്രതിശ്രുത വധുവിന് നല്‍കിയ വാഗ്ദാനമായിരുന്നു മുസ്ലിം ഡോക്ടറുടെ ഷെയ്ക്ക് ഹാന്‍ഡ് വിരോധത്തിന് കാരണം.

മറ്റ് സ്ത്രീകള്‍ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കില്ലെന്നായിരുന്നു ഭാര്യയ്ക്ക് ഡോക്ടര്‍ നല്‍കിയ വിവാഹ വാഗ്ദാനം. ഭരണഘടനയെ പിന്തുണയ്ക്കുമെന്നും തീവ്രനിലപാടുകള്‍ ഉണ്ടാവില്ലെന്നും പ്രതിജ്ഞ ചെയ്താണ് 2012ല്‍ പൌരത്വത്തിന് വേണ്ടിയുള്ള അപേക്ഷ ഡോക്ടര്‍ നല്‍കിയത്. സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശം നല്‍കുന്ന ഭരണഘടനയെ പിന്തുണയ്ക്കുന്നതല്ല ഡോക്ടറുടെ നിലപാടെന്നാണ് കോടതി വിലയിരുത്തിയത്. ഹാന്‍ഡ് ഷേയ്ക്കിന് പാശ്ചാത്യ സംസ്കാരത്തില്‍ വലിയ പങ്കുണ്ടെന്നാണ് കോടതി വിശദമാക്കിയതെന്നാണ് ഡെയ്ലി മെയില്‍ വ്യക്തമാക്കിയത്.    

Follow Us:
Download App:
  • android
  • ios