മിക്ക അഭിമുഖങ്ങളിലും ആരോഗ്യത്തെക്കുറിച്ച് വാചാലനാകുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ മുതല്‍ നിത്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഭക്ഷണം, ചിട്ടകള്‍ എന്നുതുടങ്ങി ഒരുപിടി വിഷയങ്ങള്‍ അദ്ദേഹം എപ്പോഴും ആവര്‍ത്തിച്ചുപറയാറുണ്ട്. 

കഴിഞ്ഞ ദിവസം, കേന്ദ്രസര്‍ക്കാരിന്റെ വിവിധ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ 49 വിദ്യാര്‍ത്ഥികളുമായി മോദി, ഒരു സൗഹൃദസംഭാഷണത്തിലേര്‍പ്പെട്ടിരുന്നു. ദില്ലിയില്‍ വച്ച് നടന്ന ഈ പരിപാടിയിലും അദ്ദേഹം കുട്ടികളോട് ഊന്നിപ്പറഞ്ഞത് ആരോഗ്യത്തെക്കുറിച്ച് തന്നെയായിരുന്നു. ഇതിനായി സ്വന്തം ആരോഗ്യരഹസ്യവും അദ്ദേഹം അവരോട് വെളിപ്പെടുത്തി.

'വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരാള്‍ എന്നോട് ചോദിച്ചു, മുഖത്ത് ഇത്രയും തേജസുണ്ടാകാന്‍ താങ്കള്‍ എന്താണ് ചെയ്യുന്നത്? ഞാന്‍ പറഞ്ഞു, എല്ലാ ദിവസവും ഞാന്‍ വിയര്‍ത്തുകുളിക്കും വരെ ജോലികള്‍ ചെയ്യാറുണ്ട്. ഒടുവില്‍ മുഖത്ത് പറ്റിയിരിക്കുന്ന വിയര്‍പ്പ് കൊണ്ട് തന്നെ മുഖം നന്നായി മസാജ് ചെയ്യും. ഇതാണ് മുഖത്തിന് തിളക്കം നല്‍കാന്‍ ഞാന്‍ ചെയ്യുന്നത്..'- മോദിയുടെ വാക്കുകള്‍ വിദ്യാര്‍ത്ഥികള്‍ ഏറെ താല്‍പര്യപൂര്‍വ്വമാണ് കേട്ടിരുന്നത്. 

വളരെ ചെറിയ പ്രായത്തില്‍ തന്നെ പുരസ്‌കാരങ്ങളും ആദരവും ലഭിക്കുന്നത് വലിയ കാര്യമാണെന്നും എന്നാല്‍ അതിന്റെ പേരില്‍ അഹങ്കരിക്കുകയോ കഠിനാദ്ധ്വാനം ചെയ്യുന്നത് അവസാനിപ്പിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. കല, സംസ്‌കാരം, വിദ്യാഭ്യാസം, ശാസ്ത്രം, സാമൂഹികപ്രവര്‍ത്തനം, കായികം, എന്നിങ്ങനെ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ച വച്ചവര്‍ എന്ന നിലയിലാണ് 49 വിദ്യാര്‍ത്ഥികളെ പുരസ്‌കാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. ബ്രേവറി അവാര്‍ഡിന് അര്‍ഹരായ വിദ്യാര്‍ത്ഥികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.