ടെക്സസ്: ഒരു വര്‍ഷത്തോളം ബഹിരാകാശത്ത് കഴിഞ്ഞതിന് ശേഷം മടങ്ങി വന്ന നാസയുടെ ബഹിരാകാശ യാത്രിക ക്രിസ്റ്റീന കോച്ചിനെ സ്വീകരിക്കാന്‍ വീട്ടില്‍ അക്ഷമനായി കാത്തിരിക്കുകയായിരുന്നു പ്രിയപ്പെട്ട വളര്‍ത്തുനായ. 328 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ് തിരിച്ചുവന്ന ക്രിസ്റ്റീനയെ കണ്ടതും സ്നേഹം കൊണ്ട് പൊതിയുകയായിരുന്നു നായ. ഇരുവരുടെയും സന്തോഷം നിറഞ്ഞ കൂടിച്ചേരലിന്‍റെ വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ ആഘോഷമാകുന്നത്. 

വാതില്‍ തുറന്നതും നായ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയും ക്രിസ്റ്റീനയ്ക്ക് ചുറ്റും വട്ടം കറങ്ങി അവളുടെ മേലില്‍ ചാടിക്കയറുകയുമായിരുന്നു. അത്രയും തന്നെ സന്തോഷം ക്രിസ്റ്റീനയും പ്രകടിപ്പിക്കുന്നുണ്ട്. നായയെ വാരിയെടുക്കുന്നുണ്ട് ക്രിസ്റ്റീന. ഇരുപത് ലക്ഷത്തിലേറെപ്പേരാണ് ഇതുവരെ വീഡിയോ കണ്ടത്. വീഡിയോയോട്

''ആരാണ് കൂടുതല്‍ സന്തോഷിക്കുന്നതെന്ന് അറിയില്ല. ഒരു വര്‍ഷത്തിന് ശേഷവും അവള്‍ എന്നെ ഓര്‍മ്മിക്കുന്നതില്‍ സന്തോഷം'' - വീഡിയോ പങ്കുവച്ചുകൊണ്ട് 41കാരിയായ ക്രിസ്റ്റീന ട്വിറ്ററില്‍ കുറിച്ചു. കസാക്കിസ്ഥിനില്‍ ലാന്‍റ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് ക്രിസ്റ്റീന ടെക്സസിലെ വീട്ടിലെത്തിയത്.

''328 ദിവസം ബഹിരാകാശത്ത് കഴിഞ്ഞിട്ട് ഭൂമിയിലേക്ക് തിരിച്ചുവരുന്നതിന്‍റെ അവസാന ആറ് ദിവസം വളരെ ഏറെ ആവേശത്തിലായിരുന്നു. നമ്മള്‍ എല്ലാവരും കഴിയുന്നത് മനോഹരമായ ഒരു ഗ്രഹത്തിലാണ്. അവിടെക്ക് തിരിച്ചുവരാനായതില്‍ സന്തോഷം'' എന്ന് സിഎന്‍എന്‍ന് നല്‍കിയ അഭിമുഖത്തില്‍ ക്രിസ്റ്റീന പറഞ്ഞു.