വര്‍ധിച്ച് വരുന്ന ഭൂമി ചൂഷണത്തിനിടയിലും ഈ വാര്‍ത്ത ആശ്വാസം പകരുന്നുവെന്നാണ് പരിസ്ഥിതിവാദികളും ഗവേഷകരും അഭിപ്രായപ്പെടുന്നത്. ഇന്ത്യയിലെ ആകെ പച്ചപ്പില്‍ 82 ശതമാനവും വിവിധ ഭക്ഷ്യവിളകള്‍ കൃഷി ചെയ്യുന്നയിടങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷം മുഴുവന്‍ കൃഷി നടക്കുന്ന സ്ഥലങ്ങളാണത്രേ ഇതില്‍ ഭൂരിഭാഗവും
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആശ്വാസത്തിന് അല്‍പം വക കണ്ടെത്തിയിരിക്കുകയാണ് നാസ. ഭൂമിയില്‍ പച്ചപ്പ് മുഴുവനായി കരിഞ്ഞുപോയിട്ടില്ലെന്നാണ് നാസയുടെ പുതിയ കണ്ടെത്തല്‍.
20 കൊല്ലം മുമ്പുള്ള അവസ്ഥയെ അപേക്ഷിച്ച് ഭൂമി കൂടുതല്‍ പച്ചയണിഞ്ഞിരിക്കുന്നുവെന്നാണ് സാറ്റലൈറ്റ് ചിത്രം സഹിതം നാസ പുറത്തുവിടുന്ന വിവരം. ഇന്ത്യയും ചൈനയുമാണത്രേ ഇതിനുള്ള പ്രധാന കാരണക്കാര്‍. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ വനനശീകരണത്തെ ഗൗരവമുള്ള പ്രശ്‌നമായി ഇരുരാജ്യങ്ങളും കണക്കിലെടുക്കുകയും അതിനെ ചെറുക്കാനായി ധാരാളം മരങ്ങള്‍ നട്ടുപിടിപ്പിച്ചതുമാണത്രേ ഇപ്പോഴുള്ള പച്ചപ്പുണ്ടാകാന്‍ ഇടയാക്കിയത്.
വര്‍ധിച്ച് വരുന്ന ഭൂമി ചൂഷണത്തിനിടയിലും ഈ വാര്‍ത്ത ആശ്വാസം പകരുന്നുവെന്നാണ് പരിസ്ഥിതിവാദികളും ഗവേഷകരും അഭിപ്രായപ്പെടുന്നത്. ഇന്ത്യയിലെ ആകെ പച്ചപ്പില്‍ 82 ശതമാനവും വിവിധ ഭക്ഷ്യവിളകള്‍ കൃഷി ചെയ്യുന്നയിടങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷം മുഴുവന്‍ കൃഷി നടക്കുന്ന സ്ഥലങ്ങളാണത്രേ ഇതില്‍ ഭൂരിഭാഗവും. അതായത് ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ച് ഒരേ സ്ഥലത്ത് വിവിധ വിളകള്‍ ഇറക്കുന്ന രീതി. ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ ഒക്കെയാകാം ഇത്.
അതേസമയം ബ്രസീല്‍, ഇന്തോനേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ സംഭവിച്ച ജൈവികമായ മാറ്റങ്ങള്‍ ആകെ ഭൂമിക്ക് നേരെയുയര്‍ത്തുന്ന അപകടഭീഷണികള്‍ കുറയ്ക്കാന്‍ ഇന്ത്യയിലേയും ചൈനയിലേയും ഈ പച്ചപ്പ് പര്യാപ്തമാകില്ലെന്നും ഗവേഷകര്‍ പറയുന്നു. 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നാസ ആദ്യമായി സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ച് ഭൂമിയിലെ പച്ചപ്പ് അളക്കാന്‍ ശ്രമം നടത്തിയത്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ വളരെ കൃത്യമായിരിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
