സ്‌നേഹത്തിന്റെ, അല്ലെങ്കില്‍ പ്രണയത്തിന്റെ മധുരം പകരാന്‍ ഏറ്റവും മനോഹരമായ മാര്‍ഗമെന്ന നിലയ്ക്കാണ് വാലന്റൈന്‍സ് ആഴ്ചയുടെ ഭാഗമായി ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്. പ്രണയികള്‍ക്ക് പരസ്പരം പ്രണയം തുറന്ന് പറയുന്നതിനും പങ്കുവയ്ക്കുന്നതിനുമുള്ള ഉപാധിയെന്ന നിലയില്‍ ഈ ദിവസം ചോക്ലേറ്റ് കൈമാറാം 

വാലന്റൈന്‍സ് ആഴ്ചയുടെ ( Valentines Day ) ആഘോഷത്തിലാണ് യുവാക്കളും പ്രണയികളുമെല്ലാം( Lovers Day ) . ഫെബ്രുവരി 14 ആണ് വാലന്റൈന്‍സ് ഡേ. അതിന് മുമ്പായി ഓരോ ദിനവും പ്രത്യേകമായി ആഘോഷിക്കുകയാണ് യുവാക്കള്‍. 

റോസ് ദിനം, ചുംബനദിനം, ടെഡി ദിനം എന്നിങ്ങനെ പോകുന്നു ഈ ആഘോഷദിനങ്ങള്‍. കൂട്ടത്തില്‍ ഒരു ദിനം ചോക്ലേറ്റുകള്‍ക്ക് വേണ്ടിയും മാറ്റിവച്ചിട്ടുണ്ട്. ഫെബ്രുവരി 9നാണ് നാഷണല്‍ ചോക്ലേറ്റ് ഡേ. വാലന്റന്‍സ് ആവ്ചയില്‍ മൂന്നാം ദിനമാണ് ചോക്ലേറ്റ് ദിനമായി ആഘോഷിക്കുന്നത്. 

സ്‌നേഹത്തിന്റെ, അല്ലെങ്കില്‍ പ്രണയത്തിന്റെ മധുരം പകരാന്‍ ഏറ്റവും മനോഹരമായ മാര്‍ഗമെന്ന നിലയ്ക്കാണ് വാലന്റൈന്‍സ് ആഴ്ചയുടെ ഭാഗമായി ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്. 

പ്രണയികള്‍ക്ക് പരസ്പരം പ്രണയം തുറന്ന് പറയുന്നതിനും പങ്കുവയ്ക്കുന്നതിനുമുള്ള ഉപാധിയെന്ന നിലയില്‍ ഈ ദിവസം ചോക്ലേറ്റ് കൈമാറാം. പ്രമുഖ ബേക്കറികളും ചോക്ലേറ്റ് ഷോപ്പുകളുമെല്ലാം ഈ ദിനത്തില്‍ ചോക്ലേറ്റിന് കിഴിവ് നല്‍കാറുണ്ട്. 

പ്രണയികള്‍ മാത്രമല്ല, സുഹൃത്തുക്കളും കുടുംബാംഗങ്ങളും, അയല്‍ക്കാരുമെല്ലാം ചോക്ലേറ്റ് ദിനത്തില്‍ സ്‌നേഹവും സന്തോഷവും പങ്കിടാന്‍ ചോക്ലേറ്റ് വാങ്ങി പരസ്പരം കൈമാറാറുണ്ട്. 

ചോക്ലേറ്റിന് പലതരത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. പ്രത്യേകിച്ച് ഡാര്‍ക്ക് ചോക്ലേറ്റിന്. 'മൂഡ് ഡിസോര്‍ഡര്‍' ( പെടുന്നനെ മാനസികാവസ്ഥകള്‍ മാറിമറിയുന്ന പ്രകൃതമുള്ളവര്‍ക്ക്) ഉള്ളവര്‍ക്ക് എളുപ്പത്തില്‍ 'മൂഡ്' മാറ്റുന്നതിനും സന്തോഷം അനുഭവപ്പെടുന്നതിനുമെല്ലാം ഇത് സഹായകമാണ്. 

'ഡിപ്രഷന്‍' (വിഷാദരോഗം) ഉള്ളവരും ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കാന്‍ ചോക്ലേറ്റിന് സവിശേഷമായ കഴിവുണ്ട്. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, സിങ്ക്, സെലേനിയം, ഇലക്ട്രോലൈറ്റുകള്‍ എന്നിവയാണ് ബുദ്ധിയുടെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താന്‍ പ്രയോജനപ്പെടുന്നത്. 

അതുപോലെ തന്നെ ദീര്‍ഘകാല ഗുണങ്ങള്‍ എടുക്കുകയാണെങ്കില്‍ അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള രോഗങ്ങളെ ചെറുക്കുന്നതിനും ചോക്ലേറ്റ് നല്ലതാണ്. എന്നാല്‍ ഈ ഗുണങ്ങളെല്ലാം ഡാര്‍ക് ചോക്ലേറ്റിന് മാത്രമേ ഉള്ളൂ കെട്ടോ. ഇതല്ലാത്ത ചോക്ലേറ്റുകളാണെങ്കില്‍ അതും മിതമായ അളവില്‍ കഴിക്കുന്നത് സന്തോഷം നിദാനം ചെയ്യുന്നതിന് ഉപകാരപ്രദമാണ്. അപ്പോഴിനി ചോക്ലേറ്റ് ദിനത്തില്‍ ചോക്ലേറ്റ് വാങ്ങി, മധുരം നുണഞ്ഞ് ആഹ്ലാദിക്കുകയല്ലേ....

Also Read:- 'ഡിപ്രഷന്‍' അടിച്ചിരിപ്പാണോ? എങ്കില്‍ പെട്ടെന്ന് ഇതൊന്ന് കഴിച്ചുനോക്കിക്കേ...