തിരക്കുകൾക്കിടയിൽ മനസ്സ് മടുക്കുമ്പോൾ പ്രിയപ്പെട്ട ഒരാൾ നൽകുന്ന ഒരു കെട്ടിപ്പിടുത്തം നൽകുന്ന ആശ്വാസം ചെറുതല്ല. ഇന്ന് ജനുവരി 21, ലോകമെമ്പാടും നാഷണൽ ഹഗ്ഗിങ് ഡേ ആയി ആഘോഷിക്കുന്നു.
ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയിൽ എപ്പോഴെങ്കിലും നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ പ്രിയപ്പെട്ട ഒരാൾ ഒന്ന് ചേർത്തുപിടിച്ചിരുന്നെങ്കിൽ എന്ന്? വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയാത്ത പല വികാരങ്ങളും ഒരു ചെറിയ കെട്ടിപ്പിടുത്തത്തിലൂടെ കൈമാറാൻ നമുക്ക് സാധിക്കാറുണ്ട്. ഇന്ന് ജനുവരി 21, ലോകമെമ്പാടും നാഷണൽ ഹഗ്ഗിങ്ങ് ഡേ ആയി ആഘോഷിക്കുകയാണ്. ഡിജിറ്റൽ സ്ക്രീനിലെ ഹഗ് ഇമോജികൾക്ക് അപ്പുറം നേരിട്ടുള്ള ഒരു ചേർത്തുപിടിക്കൽ എത്രത്തോളം വിലപ്പെട്ടതാണെന്ന് ഓർമ്മിപ്പിക്കാനാണ് ഈ ദിനം.
എന്താണ് ഈ ദിവസത്തിന്റെ പ്രത്യേകത എന്ന് ചിന്തിച്ചിട്ടുണ്ടോ? 1986-ൽ മിഷിഗണിലെ കെവിൻ സബോർണി എന്ന വ്യക്തിയാണ് ഈ മനോഹരമായ ആശയത്തിന് പിന്നിൽ. ക്രിസ്മസും പുതുവർഷവും കഴിഞ്ഞ് തിരക്കുകളിലേക്ക് മാറുമ്പോൾ ആളുകൾ വൈകാരികമായി അല്പം ലോ ആയിരിക്കുമെന്ന് അദ്ദേഹം കണ്ടെത്തി. ആ മൂഡ് മാറ്റാനും ആളുകൾക്കിടയിൽ സ്നേഹം പങ്കുവെക്കാനുമാണ് 'ഹഗ്ഗിങ് ഡേ' എന്ന ഐഡിയ മുന്നോട്ട് വെച്ചത്.
വെറുമൊരു സ്നേഹപ്രകടനത്തിനപ്പുറം ഒരു കെട്ടിപ്പിടുത്തത്തിന് പിന്നിൽ ശാസ്ത്രീയ ഗുണങ്ങളുണ്ട്. ഒരാളെ ആത്മാർത്ഥമായി കെട്ടിപ്പിടിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ഓക്സിടോസിൻ എന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇതിനെ 'ലവ് ഹോർമോൺ' എന്നാണ് വിളിക്കുന്നത്. ഇത് നമ്മുടെ സ്ട്രെസ്സ് കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും. ആളുകളിലെ ആങ്‌സൈറ്റി മാറ്റി മനസ്സിന് കുളിർമ നൽകാൻ ഒരു സെക്കൻഡ് നീണ്ടുനിൽക്കുന്ന ഒരു ചേർത്തുപിടിക്കലിന് സാധിക്കും എന്നതാണ് സത്യം.
എങ്ങനെയാണ് ഈ ദിനം സ്പെഷ്യൽ ആക്കേണ്ടത്? നിങ്ങളുടെ അച്ഛനെയോ അമ്മയെയോ സുഹൃത്തെയോ പങ്കാളിയെയോ ഇന്ന് ഒന്ന് മുറുക്കെ കെട്ടിപ്പിടിക്കാം. അവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സപ്പോർട്ട് കൂടിയാണത്. ഇനി പ്രിയപ്പെട്ടവർ ദൂരെയാണെങ്കിൽ അവർക്ക് ഒരു വെർച്വൽ ഹഗ് സന്ദേശം അയച്ചും ഈ ദിവസം ആഘോഷിക്കാം. സ്നേഹത്തിന്റെ ഈ ചെറിയ അടയാളം ഒരാളുടെ മോശം ദിവസത്തെ പോലും ഏറ്റവും മികച്ചതാക്കി മാറ്റും.


