Asianet News MalayalamAsianet News Malayalam

രോഗത്തോട് മല്ലിട്ട അവസാനകാലം ഋഷി ചെലവിട്ടതിങ്ങനെ...

''അദ്ദേഹത്തിന്റെ ബ്ലഡ് കൗണ്ട് കൂടുന്ന സമയത്ത് ഞങ്ങള്‍ ആഘോഷിക്കും. പുറത്തുപോയി ഭക്ഷണം കഴിക്കും, ഷോപ്പിംഗ് ചെയ്യും, ചിരിച്ച് കളിച്ച് ഉല്ലാസത്തോടെ നടക്കും... ബ്ലഡ് കൗണ്ട് കുറയുന്ന സമയത്ത് വീട്ടില്‍ തന്നെയിരിക്കും. ടിവി കാണും, നല്ല ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കും...''

neetu kapoor shares memory about rishi kapoors cancer treatment
Author
Mumbai, First Published Sep 4, 2021, 8:11 PM IST

ബോളിവുഡ് താരം ഋഷി കപൂറിന്റെ അറുപത്തിയൊമ്പതാമത് പിറന്നാളാണിന്ന്. ക്യാന്‍സര്‍ രോഗബാധിതനായി അദ്ദേഹം മരിച്ച് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. രോഗവുമായി പോരാടിജീവിച്ച അവസാനകാലങ്ങള്‍ ഋഷി എങ്ങനെ ചെലവിട്ടുവെന്ന് പങ്കുവയ്ക്കുനകയാണ് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ നീതു കപൂര്‍. 

ന്യൂയോര്‍ക്കിലായിരുന്നു രോഗത്തിന്റെ അവസാനഘട്ടത്തില്‍ ഋഷി ചികിത്സ തേടിയിരുന്നത്. ഇവിടെ എല്ലാ കാര്യങ്ങള്‍ക്കും കൂടെ നില്‍ക്കാന്‍ നീതുവുമണ്ടായിരുന്നു. ഈ സമയത്തെ ഓര്‍മ്മകളാണ് നീതു ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 

അസുഖം നല്‍കിയ മാനസിക വ്യഥകളിലൂടെ ഇരുവരും കടന്നുപോയ വര്‍ഷങ്ങളായിരുന്നു അതെന്നാണ് നീതുവിന്റെ കുറിപ്പ് സൂചിപ്പിക്കുന്നത്. എന്നാല്‍ അപ്പോഴെല്ലാം തന്റെ ഭര്‍ത്താവില്‍ നിന്ന് വിലപ്പെട്ട പലതും തനിക്ക് പഠിക്കുവാന്‍ കഴിഞ്ഞെന്നും നീതു പറയുന്നു. 

'ന്യൂയോര്‍ക്കില്‍ ചെലവിട്ട ആ വര്‍ഷങ്ങളില്‍ ഋഷിയില്‍ നിന്ന് ഞാന്‍ പലതും പഠിച്ചു. അദ്ദേഹത്തിന്റെ ബ്ലഡ് കൗണ്ട് കൂടുന്ന സമയത്ത് ഞങ്ങള്‍ ആഘോഷിക്കും. പുറത്തുപോയി ഭക്ഷണം കഴിക്കും, ഷോപ്പിംഗ് ചെയ്യും, ചിരിച്ച് കളിച്ച് ഉല്ലാസത്തോടെ നടക്കും... ബ്ലഡ് കൗണ്ട് കുറയുന്ന സമയത്ത് വീട്ടില്‍ തന്നെയിരിക്കും. ടിവി കാണും, നല്ല ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കും... അപ്പോഴും ഞങ്ങള്‍ക്കിടയില്‍ നല്ല ഒരുപാട് നിമിഷങ്ങളുണ്ടായിട്ടുണ്ട്. അടുത്തൊരു റൗണ്ട് കീമോ കഴിയുമ്പോഴേക്ക് അദ്ദേഹം ഉഷാറാകുമെന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ തുടരും. പ്രതീക്ഷയോടെ, ധൈര്യമായി നില്‍ക്കുക എന്നതാണ് അദ്ദേഹം എന്നെ പഠിപ്പിച്ചത്... ഓരോ ദിവസത്തിനും മൂല്യമുണ്ടെന്നും അദ്ദേഹം എന്നെ പഠിപ്പിച്ചു... 

...ഇന്ന് ഞങ്ങളെല്ലാം അദ്ദേഹത്തെ മിസ് ചെയ്യുന്നുണ്ട്. ഈ അറുപത്തിയൊമ്പതാം പിറന്നാളിന് അദ്ദേഹമുണ്ടായിരുന്നെങ്കില്‍ എത്രമാത്രം സന്തോഷവാനായിരിക്കുമെന്ന് എനിക്ക് സങ്കല്‍പിക്കാന്‍ കഴിയുന്നുണ്ട്. എനിക്കത് കാണാന്‍ കഴിയുന്നുണ്ട്... മുകളില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം അദ്ദേഹം ആഘോഷിക്കുകയാണെന്ന് എനിക്കുറപ്പുണ്ട്. ഹാപ്പി ബര്‍ത്ത്‌ഡേ കപൂര്‍ സാഹിബ്...'- നീതുവിന്റെ വാക്കുകള്‍. 

ക്യാന്‍സര്‍ രോഗത്തോട് പോരാടുന്ന ഓരോരുത്തര്‍ക്കും കരുത്തേകുന്നതാണ് നീതുവിന്റെ വാക്കുകള്‍. ചികിത്സ നടക്കുന്നതിനൊപ്പം തന്നെ ജീവിതത്തെ എത്രമാത്രം ആത്മര്‍ത്ഥമായും സ്മരണയോടെയും ചേര്‍ത്തുനിര്‍ത്താമെന്നതിന് ഉദാഹരണമായാണ് ഋഷി കപൂറിനെ അവര്‍ ഓര്‍മ്മിക്കുന്നത്. 

അനുഭവിക്കുന്ന ഓരോ നിമിഷത്തിനുമുള്ള മൂല്യവും അത് ആസ്വദിക്കാന്‍ കഴിയാതെ പോകുമ്പോള്‍ നമുക്കുണ്ടാകുന്ന നഷ്ടവുമെല്ലാം ഇത്തരം കുറിപ്പുകള്‍ വെറുതെ ഓര്‍മ്മിപ്പിക്കുന്നു. ആരോഗ്യത്തോടെ ജീവിക്കുമ്പോള്‍ തന്നെ ഈ മനോഭാവത്തോടെ കഴിയാന്‍ ഏവര്‍ക്കും സാധിക്കേണ്ടതുണ്ടെന്നും നീതുവിന്റെ വാക്കുകള്‍ പറയാതെ പറയുന്നുണ്ട്.

 

 

Also Read:- 'ചികിത്സിച്ചത് പോലും രണ്‍ബീറിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി'; അന്ന് ഋഷി കപൂര്‍ പറഞ്ഞത്...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios