കുട്ടികള്‍ ഏറെ നേരം ഇന്റര്‍നെറ്റില്‍ സമയം ചിലവിടുമ്പോള്‍ മിക്ക മാതാപിതാക്കളും അവരെ വഴക്ക് പറയാറുണ്ട്. ആ സമയം വല്ലതും പഠിച്ചാല്‍ അതിന്റെ ഗുണമെങ്കിലും കിട്ടും എന്നതാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ മാതാപിതാക്കളുടെ സ്ഥിരം പല്ലവികളില്‍ പ്രധാനം.

എന്നാല്‍ ഒരുപക്ഷേ, സ്‌കൂളില്‍ പോലും ലഭ്യമല്ലാത്ത ഒരു അറിവാണ് കുഞ്ഞ് ഇന്റര്‍നെറ്റിലൂടെ നേടുന്നതെങ്കിലോ? ഒന്നും പറയാനാകില്ല. കാരണം അത്തരമൊരു സംഭവമാണ് സൗത്ത് വെയില്‍സില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കിയാന്‍ ഏലിഫ് എന്ന ഒമ്പതുകാരന്‍ അച്ഛനും അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പമാണ് താമസം. കിയാന് ജന്മനാ ഭാഗികമായി കേള്‍വിശക്തിയില്ല. ശ്രവണസഹായി ഉപയോഗിച്ചാണ് പാതി ശബ്ദങ്ങളും കിയാന്‍ പിടിച്ചെടുക്കുന്നത്. എങ്കിലും സ്‌കൂളില്‍ പോകുന്നുണ്ട് കിയാന്‍. വീട്ടിലായിരിക്കുമ്പോള്‍ മിക്കപ്പോഴും ഇന്റര്‍നെറ്റില്‍ തന്നെയാണ് കിയാന്‍. അതിന് അമ്മ സ്ഥിരമായി വഴക്ക് പറയുകയും ചെയ്യാറുണ്ട്.

ഇക്കഴിഞ്ഞ രണ്ടാം തീയ്യതി അമ്മയും അച്ഛനും പുറത്തുപോയ സമയത്ത്, വീഡിയോ ഗെയിം കളിക്കുകയായിരുന്നു കിയാന്‍. പെട്ടെന്നാണ് മുത്തശ്ശിയുടെ മുറിയില്‍ നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ടത്. കിയാന്‍ പെട്ടെന്ന് തന്നെ അങ്ങോട്ട് ഓടിച്ചെന്നു. ബാത്ത് ടബ്ബില്‍ കണ്ണ് തുറിച്ച് വിറച്ചുകൊണ്ട് മുങ്ങിക്കൊണ്ടിരിക്കുന്ന മുത്തശ്ശിയെ ആണ് കിയാന്‍ കണ്ടത്.

ആദ്യം ഭയന്നുപോയെങ്കിലും മുമ്പ് കണ്ടൊരു യൂട്യൂബ് വീഡിയോ കിയാന്‍ ഓര്‍ത്തു. സ്വിമ്മിംഗ് പൂളില്‍ മുങ്ങിപ്പോയ ഒരാളെ രക്ഷിക്കുന്ന വീഡിയോ ആയിരുന്നു അത്. ആ ഓര്‍മ്മയില്‍ കിയാന്‍ എങ്ങനെയോ മുത്തശ്ശിയെ ബാത്ത് ടബ്ബിന് പുറത്തേക്ക് വലിച്ചിട്ടു. തുടര്‍ന്ന് അടുത്ത വീട്ടിലേക്കോടി. അവിടെപ്പോയി വാതിലില്‍ കുറച്ചധികം തവണ മുട്ടിയെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. തുടര്‍ന്ന് വീട്ടിലേക്ക് തന്നെ തിരിച്ചുവന്നു.

എമര്‍ജന്‍സി സഹായം തേടാനുള്ള നമ്പറായ 999 കറക്കി വിളിച്ചു. വിവരം പറഞ്ഞ് ആംബുലന്‍സിന് വരാന്‍ വിലാസം പറഞ്ഞുകൊടുത്തു. ശേഷം അമ്മയുടെ മൊബൈലിലേക്ക് വിളിച്ചു. എന്തായാലും ആംബുലന്‍സെത്തിയപ്പോഴേക്കും കിയാന്റെ അമ്മ വീട്ടിലെത്തി. അവര്‍ ഒരുമിച്ച് മുത്തശ്ശിയെ ആശുപത്രിയിലെത്തിച്ചു.

അമ്പത്തിയൊന്നുകാരിയായ മുത്തശ്ശിക്ക് തലച്ചോറിനകത്തെ ഒരു ചെറിയ തകരാര്‍ മൂലമാണ് പെട്ടെന്ന് വിറയല്‍ ബാധിച്ചത്. സമനില നഷ്ടപ്പെട്ട് വീണത് ബാത്ത് ടബ്ബിലേക്കായിരുന്നു. കിയാന് രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ ഉറപ്പായും അവര്‍ മുങ്ങിമരിച്ചേനേ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എങ്ങനെയാണ് ആ നേരത്ത് മുത്തശ്ശിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത് എന്ന് ചോദിച്ചപ്പോഴാണ് കിയാന്‍ യൂട്യൂബ് വീഡിയോയുടെ കാര്യം പറഞ്ഞത്. എന്തായാലും കുട്ടികളുടെ ബുദ്ധിയേയും അവസരോചിതമായി ഇടപെടാനുള്ള അവരുടെ കഴിവിനേയും നമുക്ക് കുറച്ചുകാണാനാകില്ലെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. നല്ല ശിക്ഷണമുണ്ടെങ്കില്‍ അവര്‍ നാളെയൊരിക്കല്‍ നമുക്കും രക്ഷാധികാരിയായി മാറിയേക്കാം.