നേരമ്പോക്കിനും ബോറഡി മാറ്റാനുമായി തന്‍റെയടുക്കലെത്തിയ 300 രോഗികളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

ഓള്‍ഡന്‍ബര്‍ഗ്: നാസി ക്രൂരതകള്‍ക്ക് ശേഷം ജര്‍മനി ഞെട്ടിയത് ഒരു കൊലയാളി നഴ്സിനെക്കുറിച്ച് പുറം ലോകമറിഞ്ഞപ്പോഴാണ്. പേര് നീല്‍സ് ഹൂഗല്‍. ഇപ്പോള്‍ ലോകത്ത് സമാനതകളില്ലാത്ത സീരിയല്‍ കില്ലറായാണ് ഈ 42 കാരന്‍ അറിയപ്പെടുന്നത്. 
വെറും നേരമ്പോക്കിനും ബോറടി മാറ്റാനുമായി, തന്‍റെയടുക്കലെത്തിയ 300 രോഗികളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിലുള്ള ചേതോവികാരം ഇപ്പോഴും അവ്യക്തം. 2000 മുതല്‍ 2005 വരെയുള്ള കാലയളവിലാണ് ഇയാളുടെ ക്രൂരത അരങ്ങേറിയത്. 

ഇയാള്‍ക്കെതിരെ കൊലപാതകക്കേസുകളുടെ പരമ്പര നീണ്ടുകിടക്കുകയാണ്. മൂന്നാമത്തെ വിചാരണയില്‍ രണ്ട് രോഗികളെ കൊലപ്പെടുത്തിയതിനും മറ്റ് നാല് പേരുടെ മരണത്തില്‍ ഉത്തരവാദിയായതിനും ഇയാളെ കഴിഞ്ഞ ദിവസമാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.100 പേരെ കൊലപ്പെടുത്തിയ കേസില്‍ കൊലയാളി നഴ്സ് വിചാരണ പരമ്പര നേരിടുന്നു. ഈ കേസ് ജൂണില്‍ വിധി പറയും. 300 പേരെയെങ്കിലും ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം ഇപ്പോഴും തുടരുകയാണ്.
അന്വേഷണത്തിന്‍റെ ഭാഗമായി ഇയാളുടെ പരിചരണത്തിനിടെ മരിച്ച 130 പേരുടെ ശവശരീരങ്ങള്‍ പുറത്തെടുത്തിരുന്നു. ജര്‍മനിക്ക് പുറമെ, പോളണ്ട്, തുര്‍ക്കി എന്നിവിടങ്ങളിലെ പൗരന്മാരും ഇയാളുടെ കൊലക്കത്തിക്കിരയായിട്ടുണ്ട്. 

അതിവിദഗ്ധമായിരുന്നു ഇയാളുടെ കൊലപാതകങ്ങള്‍. പരിചരണത്തിന് എത്തുന്ന രോഗികളില്‍ അമിതമായി മരുന്നുകള്‍ കുത്തിവെച്ചും ഹൃദയസ്തംഭനത്തിനുള്ള മരുന്നുകള്‍ നല്‍കിയും ഇയാള്‍ രോഗികളെ കൊന്നു. അക്കാലത്ത് കൂടെ ജോലി ചെയ്യുന്നവര്‍ക്കോ, ഡോക്ടര്‍മാര്‍ക്കോ രോഗികളുടെ ബന്ധുക്കള്‍ക്കോ ഒരു സംശയത്തിനും ഇടനല്‍കാതെയായിരുന്നു ക്രൂരത. രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമിടയില്‍ മാന്യനും മിടുക്കനുമായ ജോലിക്കാരനായിരുന്നു ഹൂഗല്‍. പലപ്പോഴും രോഗികളെ ഹൃദയസ്തംഭനത്തില്‍നിന്ന് രക്ഷിച്ചതിനാല്‍ ആശുപത്രി അധികൃതരും സഹപ്രവര്‍ത്തകരും ഇയാള്‍ക്ക് ഹീറോ പരിവേഷം നല്‍കിയിരുന്നു. രോഗികള്‍ക്ക് താന്‍ വരുത്തിവെച്ച രോഗം ഭേദമാക്കുകയായിരുന്നു അയാള്‍ ചെയ്തത്. 

ഓര്‍ഡ്സ്ബര്‍ഗിലെ വിവിധ ആശുപത്രികളിലായിരുന്നു കൊലപാതക പരമ്പര അരങ്ങേറിയത്. 1999ല്‍ തുടങ്ങിയ ജോലിക്കിടയിലെ കൊലപാതകം 2003-2005 കാലഘട്ടത്തില്‍ പാരമ്യത്തിലെത്തി. ഒടുവില്‍ ഹൂഗലിന് കുരുക്ക് വീണു. 2005ല്‍ ഒരു രോഗിയുടെ മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചുരുളുകള്‍ അഴിയുന്നത്. പിന്നീട് പരാതികളുടെ പ്രളയമായിരുന്നു. തനിക്കെതിരെ ചുമത്തിയ 100 കൊലക്കേസുകളില്‍ അഞ്ച് പേരെ കൊലപ്പെടുത്തിയത് താനല്ല എന്ന് ഇയാള്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ഈ കേസില്‍ ജൂണില്‍ വിധി പറയും. കൊലപാതകങ്ങളില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. ഇയാള്‍ ജോലി ചെയ്ത ആശുപത്രി അധികൃതരില്‍ ചിലര്‍ക്കെതിരെയും രണ്ട് ഡോക്ടര്‍മാക്കും നഴ്സുമാര്‍ക്കുമെതിരെയും അന്വേഷണം നടക്കുന്നുണ്ട്. 

ഈച്ചപോലും അറിയാതെ ഇത്രയും പേരെ എങ്ങനെ കൊലപ്പെടുത്താന്‍ സാധിച്ചുവെന്നത് ചോദ്യചിഹ്നമാണ്. പൊലീസ് സംവിധാനം കാര്യക്ഷമമായ ജര്‍മനിയില്‍ കൊലയാളി നഴ്സിന്‍റെ ചെയ്തികള്‍ എല്ലാവരെയും അമ്പരപ്പെടുത്തുന്നുണ്ട്. എന്തിനാണ് ഇയാള്‍ രോഗികളെ കൊല്ലുന്നതെന്ന് കൃത്യമായ ഉത്തരമില്ല. വിചാരണ വേളയില്‍ ബോറടി മാറ്റാനാണ് കൊലപാതകം നടത്തുന്നതെന്ന് ഇയാള്‍ വെളിപ്പെടുത്തിയതൊഴികെ മറ്റ് കാരണങ്ങളൊന്നും വ്യക്തമല്ല. രോഗിയുടെ ജീവിതത്തിനും മരണത്തിനും കാരണക്കാരന്‍ താനാണെന്ന് ബോധ്യപ്പെടുത്തുന്നതിനായിരുന്നു ഇത്രയും കൊലപാതകങ്ങള്‍ നടത്തിയതെന്നും സൂചനയുണ്ട്.