Asianet News MalayalamAsianet News Malayalam

ഓര്‍ഡര്‍ ചെയ്തത് വീട്ടുസാധനം; വന്നത് 70 ലക്ഷത്തിന്റെ മറ്റൊരു 'സാധനം'

വൃദ്ധരായ ദമ്പതികള്‍ വീട്ടാവശ്യത്തിനുള്ള എന്തോ സാധനം ഓണ്‍ലൈനില്‍ വാങ്ങി. കപ്പല്‍മാര്‍ഗമാണ് സാധനമെത്തുക. ഡെലിവെറി ബോയ് വീട്ടിലെത്തിയാണ് പൊതി കൈമാറിയത്. എന്നാല്‍ പൊതി തുറന്നുനോക്കിയ ദമ്പതികള്‍ക്ക് ആദ്യം കാര്യം മനസിലായില്ല

old couples got drug costs of 70 lakh instead of their online order
Author
Melbourne VIC, First Published May 2, 2019, 9:57 PM IST

ഓണ്‍ലൈനില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതും, അത് വീട് വരെ എത്തിച്ചുതരുന്നതുമെല്ലാം നമുക്കിപ്പോള്‍ സര്‍വസാധാരണമായ സംഗതിയാണ്. ഈ ഷോപ്പിംഗ് രീതിയില്‍ അങ്ങനെ കാര്യമായ പാളിച്ചകള്‍ സംഭവിക്കാറുമില്ല. 

ചിലപ്പോഴൊക്കെ ഓര്‍ഡര്‍ ചെയ്ത സാധനം മാറിപ്പോയിട്ടുള്ള സംഭവങ്ങളുണ്ടാകാറുണ്ട്, അല്ലെങ്കില്‍ അതിന്റെ നിറത്തിലോ വലിപ്പത്തിലോ അളവിലോ എല്ലാം മാറ്റങ്ങള്‍ കാണും... ഇതിലും കൂടുതലായ പാളിച്ചകളൊന്നും നമ്മള്‍ പറഞ്ഞുകേട്ടിട്ടില്ല. എന്നാല്‍ ഇതൊന്നുമല്ലാത്ത ഒരു കഥയാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വൃദ്ധരായ ദമ്പതികള്‍ വീട്ടാവശ്യത്തിനുള്ള എന്തോ സാധനം ഓണ്‍ലൈനില്‍ വാങ്ങി. കപ്പല്‍മാര്‍ഗമാണ് സാധനമെത്തുക. ഡെലിവെറി ബോയ് വീട്ടിലെത്തിയാണ് പൊതി കൈമാറിയത്. എന്നാല്‍ പൊതി തുറന്നുനോക്കിയ ദമ്പതികള്‍ക്ക് ആദ്യം കാര്യം മനസിലായില്ല. വെളുത്ത നിറത്തില്‍ പ്ലാസ്റ്റിക് പാക്കറ്റുകളില്‍ തരിതരിയായി കിടക്കുന്ന എന്തോ ഒന്ന്. അത്രയുമേ അവര്‍ക്ക് മനസിലായുള്ളൂ. 

എങ്കിലും സംശയം തോന്നിയ ദമ്പതികള്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി സാധനം പരിശോധിച്ചതോടെയാണ് സത്യം പുറത്തായത്. 70 ലക്ഷം വിലമതിക്കുന്ന 'Methamphetamine' എന്ന 'ഡ്രഗ്' ആയിരുന്നു പൊതിയിലുണ്ടായിരുന്നത്. ഏതോ വമ്പന്‍ മാഫിയയുടെ കണക്കുകൂട്ടലില്‍ വന്ന പിഴവ് തന്നെയാണ് സംഭവമെന്ന് പൊലീസ് വിലയിരുത്തി.

മെല്‍ബണ്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിക്കച്ചവടത്തിന്റെ ഭാഗമായിരിക്കാം ഇതെന്ന പ്രാഥമിക സംശയത്തില്‍ സമീപപ്രദേശങ്ങളിലെല്ലാം അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിനെ തുടര്‍ന്ന് മെല്‍ബണില്‍ തന്നെയുള്ള മറ്റൊരു വീട്ടില്‍ നിന്ന് ഇതേ ലഹരിപദാര്‍ത്ഥം 20 കിലോ കൂടി കണ്ടെടുത്തു. കൂട്ടത്തില്‍ ഇരുപത്തിയൊന്നുകാരനായ യുവാവിനെ കസ്റ്റഡിയിലുമെടുത്തു. 

എങ്കിലും ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് സാധനം മാറിവന്നതെങ്ങനെയെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. കപ്പലില്‍ വച്ച് പൊതി മാറിയതായിരിക്കാമെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസും വൃദ്ധ ദമ്പതികളും.

Follow Us:
Download App:
  • android
  • ios