ലോക്ക്ഡൗൺ കാലത്ത്  ഓൺ‌ലൈൻ വിവാഹേതര ബന്ധങ്ങളിൽ വൻ വർദ്ധനവുണ്ടായതായി റിപ്പോർട്ട്. ഓണ്‍ലൈന്‍ ഡേറ്റിങ് പ്ലാറ്റ്‌ഫോമുകള്‍, എക്‌സ്ട്രാമാരിറ്റല്‍ ഡേറ്റിങ് ആപ്ലിക്കേഷനുകള്‍ എന്നിവയില്‍ 70 ശതമാനം ഉപയോക്താക്കൾ വർധിച്ചതായി ഫ്രഞ്ച് ഓൺലൈൻ ഡേറ്റിംഗ് കമ്മ്യൂണിറ്റിയായ ഗ്ലീഡൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ പകുതിയാകുമ്പോഴേക്ക് വന്‍ വര്‍ദ്ധനയാണ് ആപ്ലിക്കേഷനുകളില്‍ പ്രതീക്ഷിക്കുന്നത്. വിവാഹേതര ഡേറ്റിങ് ആപ്പുകളില്‍ ഇപ്പോള്‍ ചാറ്റുകളുടെ ദൈര്‍ഘ്യം വര്‍ദ്ധിച്ചിട്ടുണ്ട്. ചിത്രങ്ങള്‍, പ്രത്യേകിച്ചും സ്വകാര്യ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിലും വര്‍ദ്ധനയുണ്ടായി. പ്രൊഫൈല്‍ ചിത്രങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന പ്രവണതയും കൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ഒരുമിച്ച് സമയം ചെലവഴിക്കുന്നതാണ് ഒരു ബന്ധം ആരോഗ്യകരവും ശക്തവുമായി നിലനിർത്തുന്നതിനുള്ള ഏറ്റവും നല്ല മരുന്നെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. വിജയകരമായ ബന്ധത്തിന് ആശയവിനിമയം പ്രധാനപ്പെട്ട ഒരു കാര്യമാണെന്നും അവർ പറയുന്നു. നിങ്ങൾ ഒരുമിച്ചിരുന്ന് സിനിമ കാണുന്നതും പരസ്പരം പ്രിയപ്പെട്ട പുസ്തകങ്ങൾ വായിക്കുന്നതും ബന്ധം കൂടുതൽ ശക്തമാകാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.