വിര്‍ജിന്‍ ആണോ എന്ന ചോദ്യം പല പെണ്‍കുട്ടികളും പല അവസരങ്ങളിലായി കേട്ടിട്ടുണ്ടാകാം. ഇന്നും അനേകം പെണ്‍കുട്ടികളുടെ ലൈംഗിക സ്വാതന്ത്ര്യത്തെയും, പെരുമാറ്റ സ്വാതന്ത്ര്യത്തെയും ഈ പദം തടയിടുന്നുമുണ്ട്.  

കന്യകാത്വം അല്ലെങ്കില്‍ വിര്‍ജിനിറ്റിയില്‍ ഒന്നും ഒരു കാര്യവുമില്ലെന്ന് ഇന്നത്തെ തലമുറ തുറന്നുപറയുമ്പോഴും അത് അങ്ങനെയല്ല എന്ന് സൂചിപ്പിക്കുകയാണ്  ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിലെ ഒരു പരസ്യം.  ആദ്യ രാത്രിയിൽ കന്യകാത്വം തെളിയിക്കാനുള്ള ഗുളികയാണ് ആമസോൺ വില്പനക്ക് വെച്ചിരിക്കുന്നത്. വ്യാജ രക്തം ഉറപ്പ് തരുന്ന ഈ ഗുളിക ആദ്യ രാത്രിയിൽ കന്യകാത്വം തെളിയിക്കാൻ സഹായിക്കുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

‘ഐ- വിർജിൻ-ബ്ലഡ് ഫോർ ദി ഫസ്റ്റ് നൈറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഉത്പന്നത്തിന് 3100 രൂപയാണ് വില. ‘ഐ വിർജിൻ’ ആണ് ഇത് വില്പനക്ക് വെച്ചിരിക്കുന്നത്. പൊടി നിറച്ച ഗുളികകളുടെ രൂപത്തിലാണ് ഇവ ലഭിക്കുക. ഈ ഗുളിക ഉയർന്ന നിലവാർത്തിലുള്ള രക്തം ഉറപ്പ് നൽകുന്നുണ്ടെന്നും മറ്റ് പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലെന്നും ഇവരുടെ പരസ്യം പറയുന്നു.

 

 അതേസമയം പരസ്യത്തിനെതിരെയും ആമസോണിനെതിരെയും കടുത്ത പ്രതിഷേധങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.