Asianet News MalayalamAsianet News Malayalam

തളരാത്ത മനസുമായി പ്രണവ് ചേര്‍ത്തുപിടിക്കുന്നു; ഭാഗ്യം പോലെ വന്നെത്തിയ പ്രണയത്തെ...

ഒരു ബൈക്കപകടത്തിന്റെ രൂപത്തിലായിരുന്നു വിധി, പ്രണവിനെ അതിന്റെ ദുര്‍ഘടമായ വഴിയിലേക്ക് വലിച്ചിഴച്ചത്. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തില്‍ നെഞ്ചിടിച്ച് വീണതായിരുന്നു പ്രണവ്. ആ വീഴ്ചയില്‍ നിന്ന് പിന്നീട് എഴുന്നേല്‍ക്കാനായില്ല

paralysed youth pranav from kerala marries lover shahana
Author
Trivandrum, First Published Mar 3, 2020, 9:44 PM IST

ബികോം പൂര്‍ത്തിയാക്കിയ സമയം. തുടര്‍പഠനവും ജോലിയും അങ്ങനെ ജീവിതത്തെക്കുറിച്ച് എത്രയോ പ്രതീക്ഷകള്‍ ഉള്ളില്‍ ഉദിച്ചുവരുന്ന പ്രായം. ഇരിങ്ങാലക്കുട സ്വദേശിയായ പ്രണവിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത് പക്ഷേ, നിര്‍ണായകമായ ആ തിരിവില്‍ വച്ചായിരുന്നു. 

ഒരു ബൈക്കപകടത്തിന്റെ രൂപത്തിലായിരുന്നു വിധി, പ്രണവിനെ അതിന്റെ ദുര്‍ഘടമായ വഴിയിലേക്ക് വലിച്ചിഴച്ചത്. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തില്‍ നെഞ്ചിടിച്ച് വീണതായിരുന്നു പ്രണവ്. ആ വീഴ്ചയില്‍ നിന്ന് പിന്നീട് എഴുന്നേല്‍ക്കാനായില്ല. 

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അത്. പിന്നീടങ്ങോട്ട് ആശുപത്രിയും ചികിത്സയും വേദനകളും തന്നെ. സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ. എങ്കിലും കിടക്കയില്‍ നിന്നെഴുന്നേറ്റ് വീല്‍ചെയറില്‍ സഞ്ചരിക്കാമെന്ന സാഹചര്യമായി. അപ്പോഴേക്ക് പ്രണവിന് പൂര്‍ണ്ണ പിന്തുണയുമായി കൂട്ടുകാര്‍ സജീവമായിരുന്നു. 

അവര്‍ പ്രണവിനേയും കൊണ്ട് പുറത്തുപോകും. പ്രണവിന് വേണ്ട സഹായങ്ങളെല്ലാം കഴിയും പോലെ ചെയ്യും. അങ്ങനെയൊരിക്കല്‍ കൂട്ടുകാര്‍ക്കൊപ്പം വീല്‍ചെയറിലിരുന്ന് ഉത്സവത്തിന് പോയ പ്രണവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആ വീഡിയോയിലൂടെയാണ് മലയാളികളുടെ ഹൃദയത്തില്‍ പ്രണവ് എന്ന ചെറുപ്പക്കാരന്‍ കയറിപ്പറ്റിയതും. 

വീഡിയോ കണ്ട പലരും പ്രണവിനെയും കൂട്ടുകാരേയും നേരിട്ടും അല്ലാതെയുമെല്ലാം അഭിനന്ദനങ്ങളറിയിച്ചു. അക്കൂട്ടത്തില്‍ തിരുവനന്തപുരത്ത് നിന്ന് ഒരു പെണ്‍കുട്ടിയും പ്രണവിനെ തേടിയെത്തി. ഷഹന എന്ന പത്തൊമ്പതുകാരിയായിരുന്നു അത്. ആദ്യം സോഷ്യല്‍ മീഡിയയിലൂടെ തന്നെയായിരുന്നു ഷഹനയും പ്രണവിനെ സമീപിച്ചത്. എന്നാല്‍ പ്രണവ് അത് കണ്ടില്ലെന്ന് നടിച്ചു. 

എന്നാല്‍ പിന്മാറാന്‍ ഷഹന ഒരുക്കമായിരുന്നില്ല. അവള്‍ പ്രണവിന്റെ കൂട്ടുകാര്‍ മുഖേന, പ്രണവിനെക്കുറിച്ച് അന്വേഷിച്ചു. തനിക്ക് പ്രണവിനെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചു. കിടപ്പിലായ ഒരാളെ പ്രണയിച്ചു എന്ന പേരില്‍ പിന്നീട് ഷഹന നേരിട്ടത് എതിര്‍പ്പുകളുടെ ഘോഷയാത്രയായിരുന്നു. പക്ഷേ ആര് എതിര്‍ത്തപ്പോഴും ഷഹന അതേ നിലപാടിലുറച്ചു. ഒടുവില്‍ എല്ലാ ചോദ്യങ്ങളേയും മറികടന്ന് ഷഹന പ്രണവിനെത്തേടി ഇരിങ്ങാലക്കുടയിലെത്തി. 

ഇന്ന് പ്രണവിന്റേയും ഷഹനയുടേയും വിവാഹമായിരുന്നു. കൊടുങ്ങല്ലൂര്‍ ആല ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ പ്രണവിന്റെ കുടുബാംഗങ്ങളും ഏറ്റവുമടുത്ത സുഹൃത്തുക്കളുമെല്ലാം പങ്കെടുത്തു. താലി ചാര്‍ത്തിയ ശേഷം ഷഹനയുടെ നെറ്റിയില്‍ മുത്തമിട്ട് കൊണ്ടാണ് പ്രണവ് അവളെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. ഭാഗ്യം പോലെ വന്നെത്തിയ പ്രണയത്തെ ഇനിയും തളരാത്ത മനസ് കൊണ്ട് എപ്പോഴും ചേര്‍ത്തുനിര്‍ത്തുമെന്ന് നിശബ്ദമായി, പ്രണവ് പറയുന്നു. 

"

Follow Us:
Download App:
  • android
  • ios