ഈ ഡിജിറ്റല്‍ യുഗത്തില്‍, അതിന്‍റേതായ മുന്നേറ്റങ്ങളെ കുറിച്ച് അറിവോ അവബോധമോ ഇല്ലാതിരിക്കുന്നു എന്നതിനര്‍ത്ഥം അവര്‍ 'ഒന്നിനും കൊള്ളാത്തവര്‍'ആണെന്നല്ല. അതുകൊണ്ട് തന്നെ 'ടെക്കി'യായ മക്കള്‍ ഇതിന്‍റെ പേരില്‍ മാതാപിതാക്കളെ ഒരിക്കലും കുറച്ചുകാണരുത്. 

ഇന്ന് ജൂലൈ 24, പാരന്‍റ്സ് ഡേ ( Parent's Day ) ആയി ആഘോഷിക്കുന്ന ദിനമാണ്. അച്ഛനും അമ്മയ്ക്കും ( Father and Mother ) അവര്‍ നല്‍കുന്ന സ്നേഹത്തിനും കരുതലിനും നന്ദിയറിയിക്കാൻ സാധിക്കുന്നതല്ല. എങ്കിലും ആശംസകള്‍ കൊണ്ട് മക്കള്‍, അവരുടെ സ്നേഹം അറിയിക്കുന്ന ദിനം. 

പ്രത്യേകിച്ച് പഠനാവശ്യങ്ങള്‍ക്കോ ജോലിയാവശ്യങ്ങള്‍ക്കോ വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നവര്‍ക്കാണ് 'പാരന്‍റ്സ് ഡേ' കുറെക്കൂടി 'സ്പെഷ്യല്‍' ആയി തോന്നാറ്. കാരണം വീടിന്‍റെയും മാതാപിതാക്കളുടെയും ( Father and Mother ) കുറവോ, പ്രാധാന്യമോ ഇവരായിരിക്കും കൂടുതലും മനസിലാക്കിയിരിക്കുക. 

അടുത്തുള്ളപ്പോള്‍ പലപ്പോഴും നമുക്ക് ഇങ്ങനെയുള്ള അമൂല്യമായ ബന്ധങ്ങളുടെ വില മനസിലാകണമെന്നില്ല. എങ്കിലും ബോധപൂര്‍വം തന്നെ ഇക്കാര്യം മനസിലാക്കി മാതാപിതാക്കളോട് സ്നേഹപൂര്‍വവും ആദരപൂര്‍വവും ഇടപെടാൻ മക്കള്‍ ശ്രമിക്കേണ്ടതുണ്ട്. 

അവരില്‍ നിന്ന് സ്വീകരിക്കേണ്ടവ, മടി കൂടാതെ സ്വീകരിക്കുകയും, തള്ളേണ്ടവ ബഹുമാനപൂര്‍വം തള്ളുകയുമാവാം. പ്രായമായവര്‍ക്ക് കാര്യങ്ങള്‍ മനസിലാകില്ലെന്നും അവര്‍ 'ഔട്ട്ഡേറ്റഡ്' ആണെന്നും ചിന്തിക്കുകയും അത്തരത്തില്‍ പെരുമാറുകയും ചെയ്യുന്ന കുട്ടികളെ ഇന്ന് ധാരാളമായി കാണാം. 

ജീവിതാനുഭവങ്ങള്‍ കൊണ്ട് അവരോളം സമ്പന്നത ഒരിക്കലും നിങ്ങള്‍ക്ക് ഉണ്ടാകില്ലെന്ന് തന്നെ കരുതുക. ഈ ഡിജിറ്റല്‍ യുഗത്തില്‍, അതിന്‍റേതായ മുന്നേറ്റങ്ങളെ കുറിച്ച് അറിവോ അവബോധമോ ഇല്ലാതിരിക്കുന്നു എന്നതിനര്‍ത്ഥം അവര്‍ 'ഒന്നിനും കൊള്ളാത്തവര്‍'ആണെന്നല്ല. അതുകൊണ്ട് തന്നെ 'ടെക്കി'യായ മക്കള്‍ ഇതിന്‍റെ പേരില്‍ മാതാപിതാക്കളെ ഒരിക്കലും കുറച്ചുകാണരുത്. തങ്ങളുടെ ലോകത്തേക്ക് അവരെക്കൂടി ഉള്‍പ്പെടുത്തുകയും അവരുടെ ലോകത്തിലേക്ക് ആത്മാര്‍ത്ഥമായി ഇറങ്ങിപ്പോവുകയുമാണ് വേണ്ടത്. 

സുതാര്യമായ ബന്ധമാണ് മാതാപിതാക്കളുമായി സൂക്ഷിക്കേണ്ടത്. നിങ്ങളുടെ എത്ര മോശപ്പെട്ട വശവും ലോകത്ത് ഇത്രമാത്രം മനസിലാക്കുന്ന മറ്റ് മനുഷ്യരുണ്ടാകില്ലെന്ന് തന്നെ ഉറപ്പിക്കാം. അതുകൊണ്ട് ഏത് അഭിപ്രായ വ്യത്യാസങ്ങളിലും വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകളിലും അവരെ ചേര്‍ത്തുനിര്‍ത്താനും അവരോട് ചേര്‍ന്നുനില്‍ക്കാനും തന്നെ ശ്രമിക്കുക. എല്ലാവര്‍ക്കും സന്തോഷകരമായ 'പാരന്‍റ്സ് ഡേ' ( Parent's Day ) നേരുന്നു. 

Also Read:- ആളുകളോട് സംസാരിക്കാനും ഇടപെടാനും ഇഷ്ടമില്ല? തലച്ചോറിന് 'പണി' വരാതെ നോക്കണേ...