Asianet News MalayalamAsianet News Malayalam

നെഞ്ച് പിടഞ്ഞ് അമ്മമാര്‍; പക്ഷേ കുഞ്ഞുങ്ങളോട് നിങ്ങള്‍ പറയേണ്ടത്...

തിരുവനന്തപുരത്തും മലപ്പുറത്തും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളെ കാണാതായ റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നതോടെ സാധാരണക്കാരുടെ ആശങ്ക ഇരട്ടിച്ചു. എന്നാല്‍ തിരുവനന്തപുരത്ത് നിന്ന് കാണാതായ കുട്ടിയെ അധികം വൈകാതെ കണ്ടെത്തി. ഇനി മലപ്പുറം, നിലമ്പൂരില്‍ നിന്ന് കാണാതായ കുട്ടിയെക്കൂടിയാണ് കണ്ടെത്താനുള്ളത്. ഈ സംഭവങ്ങള്‍ തമ്മില്‍ ബന്ധമുള്ളതായി പ്രാഥമികമായി യാതൊരു സൂചനയും ഇല്ല

parents should not discuss negative news in front of children
Author
Trivandrum, First Published Feb 28, 2020, 12:55 PM IST

കൊല്ലത്ത് നിന്ന് ഇന്നലെ കാണാതായ ആറുവയസുകാരി ദേവനന്ദയുടെ മരണം സ്ഥിരീകരിക്കപ്പെടുമ്പോള്‍ കേരളമൊന്നാകെ കണ്ണീരിലാണ്. കണ്‍മുന്നില്‍ വച്ച്, കൈനീട്ടിയാല്‍ തൊടാവുന്ന അകലത്തിലിരിക്കേയാണ് അമ്മ ധന്യയില്‍ നിന്ന് ദേവനന്ദ തിരോധാനത്തിലേക്കും തുടര്‍ന്ന് മരണത്തിലേക്കും തട്ടിയെടുക്കപ്പെട്ടിരിക്കുന്നത്. 

മൃതദേഹം ലഭിച്ചുവെങ്കിലും എന്താണ് ദേവനന്ദയ്ക്ക് സംഭവിച്ചതെന്നോ, എങ്ങനെ അവള്‍ മരണം വരെയെത്തിയെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ തുടര്‍ന്നുള്ള അന്വേഷണത്തിലേക്ക് വഴിതെളിയിക്കുന്ന വിവരങ്ങളിലേക്ക് പൊലീസിനും എത്താനാകൂ. 

ഇതിനിടെ തിരുവനന്തപുരത്തും മലപ്പുറത്തും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളെ കാണാതായ റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നതോടെ സാധാരണക്കാരുടെ ആശങ്ക ഇരട്ടിച്ചു. എന്നാല്‍ തിരുവനന്തപുരത്ത് നിന്ന് കാണാതായ കുട്ടിയെ അധികം വൈകാതെ കണ്ടെത്തി. ഇനി മലപ്പുറം, നിലമ്പൂരില്‍ നിന്ന് കാണാതായ കുട്ടിയെക്കൂടിയാണ് കണ്ടെത്താനുള്ളത്. 

 

parents should not discuss negative news in front of children

 

ഈ സംഭവങ്ങള്‍ തമ്മില്‍ ബന്ധമുള്ളതായി പ്രാഥമികമായി യാതൊരു സൂചനയും ഇല്ല. ഓരോ സംഭവവും വ്യത്യസ്തമായത് തന്നെയാണെന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കാനാകുന്നത്. എന്നാല്‍ പെട്ടെന്നുണ്ടാകുന്ന ആശങ്കയിലും പേടിയിലും സമാനമായ സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ അവയെ പരസ്പരം ബന്ധപ്പെടുത്തി കാണാനാണ് മിക്കവരും ശ്രമിക്കുന്നത്. 

അങ്ങനെ ചെയ്യുന്നതിന്റെ ഫലമായിത്തന്നെ, കേരളത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയകള്‍ സജീവമാണെന്ന തരത്തിലുള്ള വാര്‍ത്തകളും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. വാട്ട്‌സ് ആപ് ഗ്രൂപ്പുകളിലും മറ്റ് സോഷ്യല്‍ മീഡിയ ഇടങ്ങളിലുമെല്ലാം ഇത്തരം കുറിപ്പുകള്‍ കിടന്ന് കറങ്ങുന്നത് നിങ്ങളില്‍ പലരും കണ്ടുകാണും. എന്നാല്‍ ഇങ്ങനെ 'ഫോര്‍വേര്‍ഡ്' ചെയ്ത് കിട്ടുന്ന പല വാര്‍ത്തകളും സത്യമാണോ, എന്താണതിന്റെ നിജസ്ഥിതി എന്ന് അന്വേഷിക്കേണ്ടതുണ്ട്. അതിന് പകരം അത്തരം വാര്‍ത്തകളില്‍ വീണ് മാനസികമായി സമ്മര്‍ദ്ദത്തിലാവുകയാണ് കുട്ടികളുള്ള ഭൂരിപക്ഷം ആളുകളും. 

ഇതിന്റെ അപകടകരമായ മറ്റൊരു വശത്തെക്കുറിച്ചാണ് ഇനി പറയുന്നത്. മുതിര്‍ന്നവര്‍, അതായത് മാതാപിതാക്കളെ സംബന്ധിച്ച് അവരെ ഏറെ ആശങ്കപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായ വാര്‍ത്തകളായിരിക്കാം അവര്‍ കേള്‍ക്കുന്നത്. അതിനെ തുടര്‍ന്ന് മക്കളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയോ കരുതലോ അവരെടുക്കുന്നതില്‍ കുറ്റം പറയാനുമാകില്ല. എന്നാല്‍ ഈ സമയങ്ങളിലൊക്കെ മക്കളുടെ മനസ് ഏതെല്ലാം ദിശകളിലൂടെ സഞ്ചരിക്കുന്നുണ്ടാകും എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

 

parents should not discuss negative news in front of children

 

തന്നെപ്പോലെ, അല്ലെങ്കില്‍ തന്റെ പ്രായത്തിലൊരു കുട്ടിയെ കാണാതായിരിക്കുന്നു, ആ കുട്ടി മരിച്ചിരിക്കുന്നു- ഇങ്ങനെ മുതിര്‍ന്നവരില്‍ നിന്ന് കിട്ടുന്ന വിവരങ്ങളില്‍ നിന്ന് കുട്ടികള്‍ അവരുടേതായ നിഗമനങ്ങളിലെത്തും. ഈ നിഗമനങ്ങള്‍ പിന്നീട് അവരുടെ മനസില്‍ പുതിയ കഥകള്‍ സൃഷ്ടിക്കാന്‍ തുടങ്ങും. ഒറ്റയ്ക്ക് വീട്ടുമുറ്റത്തേക്കിറങ്ങാനോ, സ്‌കൂള്‍ വാഹനത്തില്‍ നിന്ന് വീട് വരെ നടക്കാനോ പോലും അവര്‍ക്ക് ഭയം തോന്നുന്ന സാഹചര്യം ഈ കഥകളുണ്ടാക്കിയേക്കാം. 

മുതിര്‍ന്നവര്‍ ദിവസങ്ങള്‍ പോകും തോറും ഇക്കാര്യങ്ങളെല്ലാം മറന്ന് സാധാരണജീവിതത്തിലേക്ക് മടങ്ങും. അപ്പോഴും കുട്ടികള്‍, അവരുടെ ഇളം മനസുകളാല്‍ മെനഞ്ഞെടുത്ത കഥകളിലൂടെ തന്നെയായിരിക്കും സഞ്ചരിക്കുന്നത്. വലിയ തോതിലുള്ള അരക്ഷിതബോധമാണ് ഇത് കുട്ടികളില്‍ സൃഷ്ടിക്കുക. ഭാവിയില്‍ അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമായി പോലും ഈ അരക്ഷിതാവസ്ഥ വളര്‍ന്നേക്കാം. ഒരാളുടെ സ്വഭാവരൂപീകരണത്തില്‍ കുട്ടിക്കാലത്തിനുള്ള പങ്ക് വളരെ വലുതാണ്. മാതാപിതാക്കളോടുള്ള അമിത ആശ്രയത്വം, സമൂഹത്തോടുള്ള ഭയം, വിശ്വാസമില്ലായ്മ, വൈകാരികമായി എപ്പോഴും അരക്ഷിതാവസ്ഥയിലായിരിക്കുക ഇങ്ങനെ പല തരത്തിലാണ് കുഞ്ഞുങ്ങളുടെ മനസിനെ ഇത്തരം കഥകള്‍ ബാധിക്കുന്നത്. 

അതിനാല്‍ത്തന്നെ, കഴിവതും ഇത്തരം വാര്‍ത്തകള്‍ കുട്ടികള്‍ അറിഞ്ഞുവെന്ന് മനസിലാക്കിയാല്‍ ഉടന്‍ തന്നെ സ്‌നേഹത്തോടെ അതൊരു ഒറ്റപ്പെട്ട സംഭവമാണെന്നോ മറ്റോ പറഞ്ഞ് ആദ്യം അവരെ സമാധാനിപ്പിക്കുക. പിന്നീടെപ്പോഴെങ്കിലും കുട്ടി വൈകാരികമായി നല്ലരീതിയിലായിരിക്കുമ്പോള്‍ മാത്രം, വളരെ പൊതുവായി ശ്രദ്ധിക്കാനുള്ള കാര്യങ്ങള്‍ പറയുക. അവരെ ഭയപ്പെടുത്തുന്നതോ അരക്ഷിതാവസ്ഥയിലാക്കുന്നതോ ആയ വിഷയങ്ങള്‍ മാതാപിതാക്കള്‍ അവര്‍ കേള്‍ക്കേ, പറയാതിരിക്കുക. അങ്ങനെയുള്ള ടെലിവിഷന്‍ -പത്ര വാര്‍ത്തകളുെട ചര്‍ച്ചയും അവരുള്ളപ്പോള്‍ വേണ്ട. 

 

parents should not discuss negative news in front of children

 

ബന്ധങ്ങളുടെ ആഴവും, അതോടൊപ്പം തന്നെ അനിഷ്ടമായ പെരുമാറ്റങ്ങള്‍ തിരിച്ചറിയാനുള്ള വഴികളും ഒരുപോലെ അവരെ പഠിപ്പിക്കുക. എപ്പോഴും ജാഗ്രതാനിര്‍ദേശങ്ങള്‍ മാത്രം നല്‍കി അവരെ സമൂഹത്തോട് 'നെഗറ്റീവ്' മനോഭാവമുള്ളവരാക്കി മാറ്റാതിരിക്കുക. മുതിര്‍ന്നവരുടെ നെഞ്ചിടിപ്പുകളും പകപ്പുകളും അവര്‍ അറിയാതിരിക്കട്ടെ, കാര്യങ്ങള്‍ സ്വന്തമായി തിരിച്ചറിയാന്‍ പാകമാകുന്നത് വരെ അവര്‍ നിങ്ങളുെട ചിറകിന്റെ തണലില്‍ സുരക്ഷിതമായ ശരീരത്തോടും മനസോടും കൂടി ഉറങ്ങട്ടെ.

Follow Us:
Download App:
  • android
  • ios