അര്‍ജന്‍റീനയില്‍ ചര്‍ച്ചയായി മാറിയ ഒരു ബലാത്സംഗ കേസില്‍ നടക്കാനിരിക്കുന്ന വിചാരണയില്‍ നിര്‍ണ്ണായകമായ തെളിവ് നല്‍കാന്‍ പോകുന്നത് ഇര വളര്‍ത്തുന്ന തത്തമ്മയാണ്. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ അവസാന വാക്കുകള്‍ കേട്ടത് തത്തമ്മയാണെന്നാണ് പൊലീസ്  നിഗമനം.

2018 ഡിസംബറില്‍ സാന്‍ ഫെര്‍ണാണ്ടോയില്‍ നടന്ന സംഭവത്തില്‍ 'എലിസബത്ത് ടൊളേഡോ' എന്ന 46കാരിയാണ് കേസിലെ ഇര. അപ്പാര്‍ട്ട്മെന്‍റിനുള്ളില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന രീതിയിലാണ് മൃതദേഹം അന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അവിടെ എത്തിയ പൊലീസുകാരന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു മൃതദേഹത്തിന് അരികില്‍ നിന്ന ആ പച്ച നിറത്തിലുള്ള തത്തമ്മ. ഒപ്പം തത്തമ്മയുടെ വാക്കുകളും. 

" വേണ്ട , ദയവ് ചെയ്ത് എന്നെ വിടു" എന്നാണ് തത്തമ്മ പറഞ്ഞത്.  ഇത് യുവതി മരിക്കുന്നതിന് മുമ്പ് അവസാനമായി പറഞ്ഞ മൊഴി തത്ത ആവര്‍ത്തിക്കുന്നതാകാം എന്നാണ് പൊലീസ് കരുതുന്നത്. ഇത് കേസില്‍ നിര്‍ണായകമാകുമെന്നാണ് പൊലീസ് വിശ്വസിക്കുന്നതും. 

'എന്നെ ഉപദ്രവിക്കരുത്' എന്നും തത്ത പറയുന്നത് കേട്ടതായി പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതിയുടെ  കൂടെ താമസിച്ചിരുന്ന രണ്ടുപേരാണ് സംഭവത്തില്‍ പിടിയിലായത് എന്നും 'മിറര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ തത്ത നിര്‍ണായക തെളിവായി മാറിയതായി പ്രോസിക്യൂട്ടര്‍ ബിബിയാന സാന്‍റല്ല പറയുന്നു. 

ഇരയുടെ കയ്യില്‍ കടിയുടെ പാടുണ്ട്. ഇവ ആരോപണ വിധേയരായ രണ്ടുപേരില്‍ ഒരാളുടെ പല്ലുമായി യോജിക്കുകയും ചെയ്തിട്ടുണ്ട് എന്നും പൊലീസ് പറയുന്നു. യുവതി മര്‍ദ്ദനത്തിനും ബലാത്സംഗത്തിനും ഇരയായെന്നും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റുമാര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്. 

ടോളെഡോ താമസിക്കുന്ന സ്വന്തം വീട്ടില്‍ മൂന്ന് യുവാക്കള്‍ക്ക്  താമസിക്കാന്‍ മുറി നല്‍കിയിരുന്നു. ഇവരില്‍ രണ്ടുപേരാണ് പ്രതികള്‍. കേസിന്‍റെ വിചാരണ സംബന്ധിച്ച തീരുമാനം ആയിട്ടില്ല എന്നും 'മിറര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. 

2016ല്‍ അമേരിക്കയിൽ ഒരു കൊലപാതകക്കേസിലും നിർണായകമായ സാക്ഷിമൊഴി നൽകിയത് ഒരു തത്ത ആയിരുന്നു. 

Also Read: പതിമൂന്ന് തത്തകളെ ദില്ലി കോടതിയില്‍ ഹാജരാക്കി; സംഭവം ഇങ്ങനെ...