Asianet News MalayalamAsianet News Malayalam

ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് പാളത്തിലേക്ക് വീണു; നെഞ്ചിടിക്കുന്ന വീഡിയോ

യാത്രാവേളകളില്‍ സുരക്ഷാകാര്യങ്ങള്‍ക്ക് എപ്പോഴും മുൻതൂക്കം നല്‍കേണ്ടതുണ്ട്. അത് ഏത് യാത്രാമാര്‍ഗം ഉപയോഗിച്ചാലും. എങ്കിലും ട്രെയിനുമായി ബന്ധപ്പെട്ടാണെങ്കില്‍ എല്ലായ്പോഴും ശ്രദ്ധ ആവശ്യമാണ്. കാരണം അശ്രദ്ധ മൂലം ട്രെയിനപകടത്തില്‍ എത്രയോ ജീവൻ പൊലിയുന്ന നാടാണ് നമ്മുടേത്. 

passengers narrow escape from train accident
Author
Bengaluru, First Published Jul 16, 2022, 4:50 PM IST

ട്രെയിൻ യാത്രികര്‍ സ്വയസുരക്ഷയ്ക്ക് വേണ്ടി കരുതേണ്ട കാര്യങ്ങളെ കുറിച്ച് അധികൃതര്‍ എത്ര ആവര്‍ത്തിക്കുമ്പോഴും ഇത്തരത്തിലുള്ള അപകടങ്ങള്‍ തുടര്‍ക്കഥയാവുക തന്നെയാണ്. മിക്കപ്പോഴും അശ്രദ്ധ തന്നെയാണ് ഇങ്ങനെയുള്ള അപകടങ്ങളിലേക്ക് ( Train Accident ) ആളുകളെ നയിക്കുന്നത്. 

ഇപ്പോഴിതാ തലനാരിഴയ്ക്ക് വലിയൊരു ദുരന്തത്തില്‍ നിന്ന് ഒരാള്‍ രക്ഷപ്പെടുന്നതിന്‍റെ വീഡിയോ ആണ് ( Rescue Video ) റെയില്‍വേ മന്ത്രാലയം പങ്കുവച്ചിരിക്കുന്നത്. നെഞ്ചിടിപ്പ് കൂട്ടുന്ന, അത്രമാത്രം പേടിപ്പെടുത്തുന്നൊരു വീഡിയോ. ട്രെയിൻ റെയില്‍വേ സ്റ്റേഷനിലേക്ക് വന്നെത്തുന്നതിന് തൊട്ടുമുമ്പാണ് പ്ലാറ്റ്ഫോമില്‍ നിന്ന് ഒരു യാത്രക്കാരൻ അബദ്ധത്തില്‍ പാളത്തിലേക്ക് ( Train Accident )  വീഴുന്നത്. 

ബംഗലൂരുവിലെ കെആര്‍ പുരം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. തിരക്കുള്ള സ്റ്റേഷനില്‍ പെട്ടെന്ന് തന്നെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഈ കാഴ്ച കാണുകയും രക്ഷപ്പെടുത്താനായി നാലുഭാഗത്ത് നിന്നും ഓടിയെത്തുകയും ചെയ്തതിനാലാണ് ഇദ്ദേഹത്തിന്‍റെ ജീവൻ തിരികെ കിട്ടിയത്. തൊട്ടടുത്ത പ്ലാറ്റ്ഫോമില്‍ നിന്നും യാത്രികൻ വീണ പ്ലാറ്റ്ഫോമില്‍ നിന്നുമെല്ലാം ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഓടിയെത്തുന്നത് വീഡിയോയില്‍ ( Rescue Video )  കാണാം. അപ്പോഴും എന്താണ് സംഭവിച്ചതെന്ന് അവിടെയുള്ള ഭൂരിഭാഗം യാത്രക്കാരും അറിഞ്ഞിട്ടില്ല. 

സെക്കൻഡുകള്‍ മാത്രം, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വീണയാളെ തിരികെ പ്ലാറ്റ്ഫോമിലേക്ക് വലിച്ച് കയറ്റുന്നു. പിന്നാലെ ട്രെയിൻ സ്റ്റേഷനിലേക്ക് കുതിച്ചെത്തുന്നു. പ്ലാറ്റ്ഫോമിലെ സിസിടിവി ദൃശ്യങ്ങളാണ് റെയില്‍വേ മന്ത്രാലയം പങ്കുവച്ചിരിക്കുന്നത്. 

ഏതാണ്ട് ഒരു മാസം മുമ്പ് സമാനമായൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. യുപിയിലെ ലളിത്പൂരില്‍ നിന്നായിരുന്നു ഈ വീഡിയോ വന്നത്. ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് പാളത്തിലേക്ക് ഇറങ്ങുന്ന സ്ത്രീ ഇതുപോലെ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇവിടെയും രക്ഷയായത് ആര്‍പിഎഫ് ഉദ്യോഗസ്ഥൻ തന്നെയാണ്. ഇദ്ദേഹത്തിനൊപ്പം ഒരു യാത്രക്കാരനും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്നു. 

യാത്രാവേളകളില്‍ സുരക്ഷാകാര്യങ്ങള്‍ക്ക് എപ്പോഴും മുൻതൂക്കം നല്‍കേണ്ടതുണ്ട്. അത് ഏത് യാത്രാമാര്‍ഗം ഉപയോഗിച്ചാലും. എങ്കിലും ട്രെയിനുമായി ബന്ധപ്പെട്ടാണെങ്കില്‍ എല്ലായ്പോഴും ശ്രദ്ധ ആവശ്യമാണ്. കാരണം അശ്രദ്ധ മൂലം ട്രെയിനപകടത്തില്‍ എത്രയോ ജീവൻ പൊലിയുന്ന നാടാണ് നമ്മുടേത്. ഈ അനുഭവങ്ങളെങ്കിലും തുടര്‍ന്ന് കരുതലെടുക്കാൻ നമുക്ക് പ്രേരണയാകേണ്ടതുണ്ട്. 

റെയില്‍വേ മന്ത്രാലയം പങ്കുവച്ച വീഡിയോ...

 

 

Also Read:- ഇറങ്ങല്ലേ എന്ന് കൈകാണിച്ചിട്ടും ട്രെയിനിന് മുമ്പിലേക്കിറങ്ങി; നെഞ്ചിടിപ്പിക്കുന്ന വീഡിയോ

Follow Us:
Download App:
  • android
  • ios