വളര്‍ത്തുനായ്ക്കളും അവയുടെ യജമാനന്മാരും തമ്മിലുള്ള ബന്ധം എപ്പോഴും സുദൃഢമായിരിക്കും. ഒരുപക്ഷേ ലോകത്ത് തന്നെ സ്വന്തം ഉടമസ്ഥനോട് ഇത്രമാത്രം നന്ദിയും സ്‌നേഹവും കരുതലും കാണിക്കുന്ന വര്‍ഗം, നായ്ക്കളുടേത് തന്നെയാണെന്ന് പറയേണ്ടിവരും. 

ഇതിന് തെളിവാകുകയാണ് മെക്‌സിക്കോയില്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തുവന്നൊരു ചിത്രം. മെക്‌സിക്കോയിലെ ജലിസ്‌കോയില്‍ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ഒരു കൊലപാതകം നടന്നു. ജലിസ്‌കോയിലെ ഒരു പട്ടണത്തിന് നടുവില്‍ പൊതുനിരത്തില്‍ വച്ചാണ് കൊല നടന്നത്. 

ഇരുപത്തിയഞ്ചുകാരനായ ഒരു യുവാവാണ് കൊല്ലപ്പെട്ടത്. അജ്ഞാതരുടെ സംഘം യുവാവിന് നേരെ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു. പുലര്‍ച്ചെ വെടിയൊച്ച കേട്ടിരുന്നതായി സമീപവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

എന്നാല്‍ കൊലപാതകം നടന്നത് സമീപവാസികള്‍ അറിയുന്നത് പൊലീസ് എത്തുമ്പോള്‍ മാത്രമാണ്. റോഡിലൂടെ കടന്നുപോയ യാത്രക്കാരാണ്, 'പിറ്റ് ബുള്‍' ഇനത്തില്‍പ്പെടുന്ന പട്ടിയേയും താഴെ വീണ് കിടക്കുന്ന യുവാവിനേയും കണ്ടത്. ഇവരാണ് പിന്നീട് പൊലീസില്‍ വിവരമറിയിച്ചത്. 

പൊലീസെത്തിയപ്പോഴും തന്റെ യജമാനന്റെ അരികില്‍ നിന്ന് പട്ടി മാറിയില്ല. നിരവധി തവണ വെടിയേറ്റിരുന്നതിനാല്‍ യുവാവ് തല്‍ക്ഷണം മരിച്ചിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരണം ുറപ്പിച്ചതോടെ അവര്‍ ഇന്‍ക്വസ്റ്റ് നടപടികളിലേക്ക് കടന്നു. അപ്പോഴും യജമാനന്റെ മൃതദേഹത്തോട് തൊട്ടുകൊണ്ട് ആ പട്ടി കിടന്നു. 

 

 

ഒരുപക്ഷേ തന്റെ യജമാനന്‍ മരിച്ചുപോയതാണെന്ന് അതിന് മനസിലായിക്കാണും, അല്ലെങ്കില്‍ ഒന്നും മനസിലാകാതെ അയാള്‍ ഉണരുന്നതും നോക്കി കാത്തിരിക്കുന്നതാകാം. എന്തായാലും ആരെയും ഒന്ന് പിടിച്ചുലയ്ക്കുന്നതായിരുന്നു ഈ കാഴ്ച. പ്രാദേശിക മാധ്യമങ്ങളില്‍ തുടര്‍ദിവസങ്ങളില്‍ 'കൊല്ലപ്പെട്ട യജമാനന് കാവലിരിക്കുന്ന പട്ടി'യുടെ ചിത്രം വന്നതോടെ സോഷ്യല്‍ മീഡിയയും ഇത് ഏറ്റെടുത്തു. 

കൊല്ലപ്പെട്ട യുവാവിന്റെ വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരസ്യമായ 'ക്രൈമു'കളുടെ കാര്യത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് മെക്‌സിക്കോ. തോക്ക് പോലുള്ള ആയുധങ്ങളുടെ ഉപയോഗവും ഇവിടങ്ങളില്‍ സാധാരണമാണ്.

Also Read:- നെഞ്ചിന്റെ ഭാഗങ്ങള്‍ മണത്ത് അസാധാരണമായി കുരയ്ക്കും; ഒടുവില്‍ അവരത് കണ്ടെത്തി...