കാറപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന സ്ത്രീയെ ആണ് വീഡിയോയില്‍ കാണുന്നത്. അമിതവേഗതയില്‍ പാഞ്ഞെത്തിയ കാറിടിക്കാതെ ഇവര്‍ രക്ഷപ്പെടുന്നത് അരികിലുണ്ടായിരുന്ന വളര്‍ത്തുനായയുടെ സമയോചിതമായ ഇടപെടലിലൂടെയാണ്.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായതും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും കാഴ്ചക്കാരെ നേടുന്നതിനായി ബോധപൂര്‍വ്വം തന്നെ തയ്യാറാക്കുന്ന വീഡിയോ ആകാറുണ്ട്. എന്നാല്‍ മറ്റൊരു വിഭാഗം വീഡിയോകളുണ്ട്. കണ്‍മുന്നിലെ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്നത്. ഇവ ആരെങ്കിലും പകര്‍ത്തിയതോ അല്ലെങ്കില്‍ സിസിടിവി ദൃശ്യങ്ങളോ എല്ലാമാകാം. 

അധികവും അപകടങ്ങളുടെയും അത്തരത്തിലുള്ള ഞെട്ടിക്കുന്ന സംഭവങ്ങളുടെയും വീഡ‍ിയോകളാണ് ഇത്തരത്തില്‍ പ്രചരിക്കാറ്. ഇപ്പോഴിതാ പഴയൊരു വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

കാറപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന സ്ത്രീയെ ആണ് വീഡിയോയില്‍ കാണുന്നത്. അമിതവേഗതയില്‍ പാഞ്ഞെത്തിയ കാറിടിക്കാതെ ഇവര്‍ രക്ഷപ്പെടുന്നത് അരികിലുണ്ടായിരുന്ന വളര്‍ത്തുനായയുടെ സമയോചിതമായ ഇടപെടലിലൂടെയാണ്. ഇക്കാര്യം വീഡിയോയില്‍ വളരെ വ്യക്തമായി കാണാം.

യുകെയിലെ വെസ്റ്റ് യോര്‍ക്‍ഷയറില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ കഴിഞ്ഞ വര്‍ഷം വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ വീണ്ടും ഈ വീഡിയോ പ്രചരിക്കുകയാണ്. 

കിംബേലി ബ്രിഡ്ജസ് എന്ന മുപ്പത്തിയഞ്ചുകാരി തന്‍റെ വളര്‍ത്തുനായയെയും കൊണ്ട് നടക്കാനിറങ്ങിയതായിരുന്നു. റോഡരികില്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള ഫുട്‍പാത്തില്‍ നില്‍ക്കവെ അമിതവേഗതയില്‍ ദിശ തെറ്റി പാഞ്ഞെത്തുകയായിരുന്നു കാര്‍. 

ശരിക്കും അപകടത്തില്‍ പെട്ടിരുന്നുവെങ്കില്‍ തീര്‍ച്ചയായും തനിക്ക് ജീവൻ നഷ്ടപ്പെടുമായിരുന്നുവെന്ന് പിന്നീട് ഇവര്‍ നല്‍കിയ പരസ്യ പ്രതികരണത്തില്‍ പറഞ്ഞിരുന്നു. കാര്‍ ഇവര്‍ക്ക് നേരെ വരുന്നത് കണ്ട നായ സമയോചിതമായി ഇവരെയും വലിച്ചുകൊണ്ട് ഓടുകയായിരുന്നു. നായയുടെ കഴുത്തിലെ ചങ്ങലയും പിടിച്ചുനില്‍ക്കുകയായിരുന്നു ഇവര്‍. നായ ഓടിയതോടെ ഇവര്‍ക്കും പിറകെ ഓടേണ്ടിവന്നു. അങ്ങനെ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷ. 

വളരെ അശ്രദ്ധമായിട്ടാണ് കാര്‍ ഡ്രൈവര്‍ ഡ്രൈവ് ചെയ്തിരുന്നത്. എന്തുകൊണ്ടാണ് ഇദ്ദേഹം ഇത്തരത്തില്‍ ഡ്രൈവ് ചെയ്തുവന്നത് എന്നത് വ്യക്തമല്ല. ഏതായാലും വീഡിയോ വീണ്ടും വൈറലായതോടെ നിരവധി പേരാണ് വളര്‍ത്തുനായയുടെ ബുദ്ധിക്കും കരുതലിനും കയ്യടിക്കുന്നത്. ധാരാളം പേര്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

വീഡിയോ...

dog pulls owner from path of speeding car

Also Read:- നെഞ്ചിടിപ്പിക്കുന്ന കാഴ്ച; ഒഴുക്കില്‍ പെട്ട യുവതിയെ രക്ഷപ്പെടുത്തുന്ന വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News