പനിയുടെ ലക്ഷണങ്ങളുമായാണ് ഇദ്ദേഹത്തെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ശരീരവേദനയും ഇദ്ദേഹത്തിനുണ്ടായിരുന്നു. പിന്നീട് മുഖത്ത് ചെറിയ കുരുക്കള്‍ പൊങ്ങിത്തുടങ്ങി. തുടര്‍ന്ന് ശ്വാസതടസം നേരിട്ടുകൊണ്ടിരുന്നു

വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ എപ്പോളും കാര്യമായ കരുതല്‍ ആവശ്യമാണ്. കൃത്യമായ ഇടവേളകളില്‍ കുത്തിവയ്പുകളെടുക്കുകയും അവരെ വൃത്തിയായി കൊണ്ടുനടക്കുകയും അവരില്‍ കാണുന്ന ശാരീരികമായ വ്യതിയാനങ്ങളെന്തെന്ന് മനസിലാക്കി, അസുഖങ്ങള്‍ കണ്ടെത്തി വേണ്ട ചികിത്സ നല്‍കി അവരെ സൂക്ഷിക്കേണ്ടത് വീട്ടുകാരുടെ കൂടി ആരോഗ്യത്തിന് ആവശ്യമായ കാര്യമാണ്. 

അല്ലാത്ത പക്ഷം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗകാരികളായ അണുക്കള്‍ മൂലം പല അസുഖങ്ങളും നമുക്ക് പിടിപെട്ടേക്കാം. അത്തരത്തില്‍ അപൂര്‍വ്വമായൊരു കേസിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുകയാണ് 'യൂറോപ്യന്‍ ജേണല്‍ ഓഫ് കേസ് റിപ്പോര്‍ട്ട്‌സ് ഇന്‍ ഇന്റേണല്‍ മെഡിസിന്‍' എന്ന പ്രസിദ്ധീകരണത്തില്‍. 

തന്റെ വളര്‍ത്തുനായയില്‍ പകര്‍ന്ന ബാക്ടീരിയ മൂലം ഉടമസ്ഥനായ വൃദ്ധന്‍ മരിച്ചുവെന്നതാണ് സംഭവം. വളര്‍ത്തുനായ നക്കിയപ്പോള്‍ അതിലൂടെ 'കാപ്‌നോസൈറ്റോഫാഗ കാനിമോര്‍സസ്' എന്നയിനത്തില്‍പ്പെടുന്ന ബാക്ടീരിയ തുപ്പിലിലൂടെ വൃദ്ധന്റെ ശരീരത്തില്‍ കലരുകയാണത്രേ ഉണ്ടായത്. ഇത് പിന്നീട് രൂക്ഷമായ അണുബാധയിലേക്കാണ് എത്തിച്ചത്. 

പനിയുടെ ലക്ഷണങ്ങളുമായാണ് ഇദ്ദേഹത്തെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ശരീരവേദനയും ഇദ്ദേഹത്തിനുണ്ടായിരുന്നു. പിന്നീട് മുഖത്ത് ചെറിയ കുരുക്കള്‍ പൊങ്ങിത്തുടങ്ങി. തുടര്‍ന്ന് ശ്വാസതടസം നേരിട്ടുകൊണ്ടിരുന്നു. പതിയെ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയും വൃദ്ധന്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 

മൃഗങ്ങളുടെ തുപ്പലില്‍ കാണപ്പെടുന്ന ബാക്ടീരിയയാണ് ഈ കേസിലെ വില്ലന്‍. ഇത് കടിയിലൂടെയോ നക്കുന്നതിലൂടെയോ മാന്തലിലൂടെയോ ഒക്കെ മനുഷ്യശരീരത്തിലെത്തിയേക്കാം. എന്നാല്‍ 28 മുതല്‍ 31 ശതമാനം വരെയുള്ള കേസുകളില്‍ മാത്രമേ അപകടം പിടിച്ച ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ഇത് മനുഷ്യനെ എത്തിക്കാറുള്ളൂവെന്ന് നേരത്തേ സൂചിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.