വിവാഹത്തിന് മുമ്പ്, 'സേവ് ദ ഡേറ്റ്' മുതല്‍ തുടങ്ങുകയായി ഇന്ന് ഫോട്ടോഷൂട്ടിന്റെ തിരക്ക്. വിവാഹദിവസവും അതിന് ശേഷവും ഹണിമൂണും ഒന്നാം വാര്‍ഷികവുമെല്ലാം ഫോട്ടോഷൂട്ട് നടത്തി ആഘോഷിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ദീര്‍ഘകാലത്തെ ദാമ്പത്യത്തിന്റെ വിജയം ഫോട്ടോഷൂട്ട് നടത്തി ആഘോഷിക്കുന്നവര്‍ എത്ര പേര്‍ കാണും! 

അത്തരത്തില്‍ അറുപത് വര്‍ഷത്തെ ദാമ്പത്യം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം ഫോട്ടോഷൂട്ടിലൂടെ പങ്കുവച്ചിരിക്കുകയാണ് യുഎസിലെ നെബ്രാസ്‌ക സ്വദേശിയായ മാര്‍വിനും ഭാര്യ ലൂസിലയും. അറുപത് വര്‍ഷത്തെ ദാമ്പത്യം എന്നത് അത്ര നിസാരമായ ഒന്നല്ലല്ലോ. പ്രത്യേകിച്ച് ബന്ധങ്ങള്‍ എളുപ്പത്തില്‍ പൊട്ടിച്ചെറിയുന്നതില്‍ സങ്കോചമോ സംഘര്‍ഷമോ അനുഭവപ്പെടാത്ത പുതുതലമുറക്കാരുടെ കാലത്ത്. 

 

 

മാര്‍വിന് ഇപ്പോള്‍ എണ്‍പത്തിയെട്ട് വയസായി. ലൂസിലയ്ക്ക് എണ്‍പത്തിയൊന്നും. ഇരുപത്തിയൊമ്പതാം വയസിലാണ് മാര്‍വിന്‍ ഇരുപത്തിരണ്ടുകാരിയായ ലൂസിലയെ സ്വന്തമാക്കുന്നത്. മാതാപിതാക്കള്‍ കണ്ട് ഇഷ്ടപ്പെട്ട് ഉറപ്പിച്ച, തികച്ചും പരമ്പരാഗതമായ ഒരു വിവാഹം. തങ്ങളും വളരെ യാഥാസ്ഥിതികമായി ചിന്തിക്കുന്നവര്‍ തന്നെയാണെന്നും അതുകൊണ്ട് തന്നെയാണ് ഈ ദാമ്പത്യത്തെ ഇത്രമേല്‍ മുറുകെപ്പിടിക്കാന്‍ തങ്ങള്‍ക്കായതെന്നും ഇരുവരും പറയുന്നു. 

ഇവരുടെ അറുപതാം വിവാഹവാര്‍ഷിക ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ശ്രദ്ധ നേടാന്‍ മറ്റൊരു രസകരമായ കാരണമുണ്ട്. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹനാളില്‍ അണിഞ്ഞ അതേ വസ്ത്രത്തിലാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. എണ്‍പതിന്റെ അവശതയല്ല, മറിച്ച് ഇരുപതുകളുടെ ചുറുചുറുക്ക് തന്നെയാണ് ഈ ചിത്രങ്ങളില്‍ മാര്‍വിന്റേയും ലൂസിലയുടേയും മുഖത്തുള്ളത്. 

 

 

'ഏത് ദമ്പതിമാരെപ്പോലെയും ഞങ്ങള്‍ക്കിടയിലും അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളുമുണ്ടായിട്ടുണ്ട്. എത്രയോ തവണ. എന്നാല്‍ ഗൗരവമായ ഒരു പ്രശ്‌നം വരുമ്പോള്‍ സമാനമായ തീരുമാനമാണ് രണ്ടുപേരും എടുക്കാറുള്ളത്. അതാണ് ഞങ്ങളുടെ ബന്ധത്തിലെ ഏറ്റവും വലിയ ഭാഗ്യം. ചെറിയ കാര്യങ്ങളിലുള്ള വിയോജിപ്പുകള്‍ ഞങ്ങളെ സംബന്ധിച്ച് പ്രധാനമല്ലാതിരിക്കുന്നതും ഈ പരസ്പര ധാരണ എപ്പോഴും പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്...'- മാര്‍വിനും ലൂസിലയും ഒരേ സ്വരത്തില്‍ പറയുന്നു. 

നിരവധി പേരാണ് മാര്‍വിന്റേയും ലൂസിലയുടേയും വിവാഹവാര്‍ഷിക ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. എങ്ങനെയാണ് ഒരു ബന്ധത്തെ ഉലച്ചില്‍ കൂടാതെ മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്നതിന് ഉത്തമ ഉദാഹരണമാവുകയാണ് ഈ വൃദ്ധ ദമ്പതികളെന്നും പലരും സസ്‌നേഹം കുറിക്കുന്നു. 

Also Read:- ചെറുതായിട്ട് ഒരു 'സെല്‍ഫി' എടുത്തതാണ്; ടൂറിസ്റ്റിന് വേണ്ടി വല വിരിച്ച് പൊലീസ്...